തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ചു വനംമന്ത്രി എ കെ ശശീന്ദ്രന്‍. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുമെന്നും എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ആകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ലല്ലോ എന്നും ഇതെങ്കിലും നടക്കണ്ടേ എന്നും ശശീന്ദ്രന്‍ പരിഹസിച്ചു. എലത്തൂരില്‍ വിജയമുറപ്പെന്നും ഭൂരിപക്ഷത്തില്‍ വ്യത്യാസമുണ്ടാകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. യുഡിഎഫ് നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ പറഞ്ഞ വാക്ക് പാലിച്ച് റിട്ടയര്‍ ചെയ്യുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുക എന്ന ഉത്തരവാദിത്തം കളക്ടീവ് ആണെന്നും തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും സതീശന്‍ പറഞ്ഞിരുന്നു.