പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറിയിലെ പോലീസ് റെയ്ഡില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. റെയിഡിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്ന് സതീശന്‍ ആരോപിച്ചു. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മന്ത്രി എം.ബി. രാജേഷും ഭാര്യാസഹോദരനും ചേര്‍ന്നാണ് റെയ്ഡിന്റെ ഗൂഢാലോചന നടത്തിയത്. രാജേഷ് രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സി.പി.എം.- ബി.ജെ.പി. നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബി.ജെ.പിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ നിന്ന സി.പി.എം. നേതൃത്വവും ജാള്യത മറയ്ക്കാന്‍ നടത്തിയ പാതിരാനാടകമാണ് അരങ്ങിലെത്തുംമുന്‍പേ ദയനീയമായി പൊളിഞ്ഞതെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ പാലക്കാട്ടുനിന്നുള്ള മന്ത്രി എം.ബി. രാജേഷും അതിന്റെ ഭാര്യാസഹോദരനായ സി.പി.എം. നേതാവും ബി.ജെ.പി. നേതാക്കളുടെ അറിവോടെ തയ്യാറാക്കിയതാണ് ഇതിന്റെ തിരക്കഥ മുഴുവന്‍. റെയ്ഡ് സംബന്ധിച്ച് പോലീസ് വിശദീകരണത്തില്‍ തന്നെ വൈരുധ്യങ്ങളുണ്ട്. പോലീസ് ആദ്യം പോയത് ഷാനിമോള്‍ ഉസ്മാന്റെയും പിന്നീട് ബിന്ദുകൃഷ്ണയുടെയും മുറിയിലേക്കാണ്.

ഇത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറികളെ ലക്ഷ്യമാക്കി വനിതാനേതാക്കളെ അപമാനിക്കാന്‍കൂടി വേണ്ടിയാണ് ഇത് ചെയ്തത്, സതീശന്‍ ആരോപിച്ചു. സമീപത്തെ മുറികളില്‍ താമസിച്ചിരുന്ന ബി.ജെ.പിയുടെ വനിതാ നേതാക്കളുടെ മുറിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെത്തിയിട്ടും പരിശോധന നടത്തിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസാക്കി മാറ്റിയെന്നും സതീശന്‍ ആരോപിച്ചു. ഏറ്റവും വലിയ അടിമക്കൂട്ടമാക്കി മാറ്റി. റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടി.വി. എങ്ങനെ അറിഞ്ഞു. അവരെ അറിയിച്ചിട്ടാണോ പോലീസ് റെയ്ഡ് നടത്താന്‍ വന്നത്. പോലീസ് റെയ്ഡിന് എത്തുന്നതിന് മുന്‍പേ ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിക്കാരുടെയും ആള്‍ക്കൂട്ടമുണ്ടായിരുന്നു. അവര്‍ക്ക് ഹോട്ടലിന്റെ വരാന്തയിലേക്കും റിസപ്ഷനുള്ളിലേക്കും കയറാന്‍ സൗകര്യമുണ്ടാക്കി നല്‍കി. പണപ്പെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അവര്‍ കയറിയത് എന്നാണ് പറയുന്നത്. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല. പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളത്, സതീശന്‍ പറഞ്ഞു.

അതേസമയം അര്‍ധരാത്രിയില്‍ നടന്ന പൊലീസ് പരിശോധനയില്‍ രൂക്ഷ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും നേരത്തെ രംഗത്തുവന്നിരുന്നു. മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വനിത നേതാക്കള്‍ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയുണ്ടായതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലില്‍ മുട്ടിയത്. അത് കഴിഞ്ഞ് വാതിലില്‍ തള്ളി. മുറിയുടെ ബെല്ലടിച്ച ശേഷം മുറി തുറക്കണമെന്ന് ആവശ്യപ്പെട്ടു. നാല് പുരുഷ പൊലീസുകാര്‍ യൂനിഫോമില്‍ ഉണ്ടായിരുന്നു.

വസ്ത്രം മാറിയ ശേഷം താന്‍ പുറത്തുവന്നു. യൂനിഫോം ഇല്ലാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. അവര്‍ കാര്‍ഡ് കാണിച്ചില്ല. വനിത പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങളടക്കം മുഴുവന്‍ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്റെ വിവരങ്ങള്‍ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി.

മുറി തുറക്കാത്തതില്‍ ദുരൂഹത സംശയിച്ചെന്ന് സി.പി.എം രാജ്യസഭ എം.പി എ.എ റഹീമിന്റെ പ്രസ്താവനയോട് ഷാനിമോള്‍ രൂക്ഷമായി പ്രതികരിച്ചു. 'റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം എന്ന് മനസിലാക്കണം. എന്റെ മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അര്‍ധരാത്രി വെളിയില്‍ നാലു പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും'-ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരില്ലാതെയാണ് പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.