- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശി തരൂരിനെ തള്ളി സതീശന്‍; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള് തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം
ശശി തരൂരിനെ തള്ളി സതീശന്‍
മലപ്പുറം: സംസ്ഥാനത്തെ വ്യവസായിക വികസനത്തെ പുകഴ്ത്തി പറഞ്ഞ ശശി തരൂര്‍ എംപിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരഭത്തിന്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
വ്യവസായ മേഖലയില്‍ കേരളത്തിലുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനം. 'ചെയ്ഞ്ചിങ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയില്‍ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പിണറായി സര്‍ക്കാരിനെ നിശ്ചിത ഇടവേളകളില്‍ പുകഴ്ത്തുകയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കിടെ പണി കൊടുക്കുകയും ചെയ്യുന്ന പണി തരൂര്‍ തുടരുന്നു എന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്. തരൂരിനെതിരെ ഹൈക്കമാണ്ടിന് ഇന്നലെ മുതല്‍ പരാതികള്‍ പ്രവഹിച്ചു തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ നിരന്തരം പ്രതിപക്ഷം സമരത്തിലാണ്. ഇതിനിടെയാണ് തരൂര്‍ പൂകഴ്ത്തുന്ന ലേഖനവുമായി രംഗത്തുവന്നത്.
പ്രതിപക്ഷം സംസ്ഥാനത്ത് വികസന മുരടിപ്പും വ്യവസായ തളര്‍ച്ചയുമാണെന്ന് നിയമസഭയിലും പുറത്തും വ്യാപക പ്രചരണം നടത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് എംപിയുടെ വാഴ്ത്തു പാട്ട്. തരൂരിന്റെ പുകഴ്ത്തല്‍ ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും യുഡിഎഫ് മാധ്യമങ്ങളുടെയും വ്യാജ പ്രചരണങ്ങളെ ശശി തരൂര്‍ പൊളിച്ചടുക്കി എന്നാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്.
സംരഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുന്നുവെന്നാണ് ലേഖനത്തിലൂടെ തരൂര്‍ സമര്‍ത്ഥിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരെ സമരം നടത്തി കോണ്‍ഗ്രസുകാര്‍ പോലീസിന്റെ അടി വാങ്ങി തല പൊട്ടിച്ച് ആശുപത്രിയിലും ജയിലിലും കിടക്കുമ്പോള്‍ ഒറ്റുകാരന്റെ പണി നടത്തുന്ന തരൂരിനെ ഇനി സഹിക്കാനാവില്ലെന്നാണ് നേതാക്കളുടെ പക്ഷം. കെ റെയില്‍ സമരകാലത്തും തരൂര്‍ ഇതേ കരിങ്കാലിപ്പണി ചെയ്തുവെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്കമോ നിലപാടുകളോ പിന്തുടരാത്ത തരൂരിനെതിരെ നടപടി വേണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. ഒരേസമയം ബിജെപിയേയും സിപിഎമ്മിനേയും സുഖിപ്പിക്കുന്ന തരൂര്‍ നിലപാട് ഇനി തുടരാനാവില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസിനുള്ളിലെ തരൂര്‍ വിരുദ്ധര്‍.
പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ സ്വന്തം പാളയത്തില്‍ നിന്നുള്ള തരൂരിന്റെ 'ചതിയന്‍ ചന്തു' പണി പാര്‍ട്ടിക്ക് ദോഷം വരുത്തും എന്നാണ് വിലയിരുത്തല്‍. തരൂരിനെ വാനോളം പുകഴ്ത്തി വ്യവസായമന്ത്രി പി രാജീവ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ''കോണ്‍ഗ്രസ് നേതാവും ലോകസഭാംഗവുമായ ശ്രീ. ശശി തരൂരിന്റെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖനം പങ്കുവെക്കുകയാണ്. 'ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍' ഒന്നാമതെത്തിയത് ഉള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി അദ്ദേഹം നോക്കിക്കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളില്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നു.നന്ദി.. കേരളത്തിനായി ഒന്നിച്ചുനില്‍ക്കാം''. ഇങ്ങനെയാണ് രാജീവിന്റെ പോസ്റ്റ്.
സ്വന്തം പാളയത്തില്‍ നിന്ന് തന്നെയുള്ള പാരപണി കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കയാണ്. മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു നടക്കുന്ന തരൂരിനെ വെട്ടാന്‍ ഈ ലേഖനം ഉപകാര പ്രദമാകുമെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. സിപിഎം നടത്തുന്ന വെറും തള്ളലുകളെ ഏറ്റുപിടിക്കുന്ന 'വിശ്വപൗരനെ' ഇനി സഹിക്കാനാവില്ലെന്ന് വെട്ടിത്തുറന്ന് പറയുന്ന നേതാക്കള്‍ തരൂരിനെതിരെ കത്തി രാകി മിനുക്കുന്നുണ്ട്.
സമൃദ്ധിയിലേക്കും വളര്‍ച്ചയിലേക്കുമുള്ള പാത മുതലാളിത്തവും സംരഭകത്വ പിന്തുണയുമാണെന്നും, ചുവപ്പു കൊടികളും സമരങ്ങളുമല്ലെന്ന് ബംഗാളിലേതുപോലെ കേരളത്തിലേയും കമ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞത് നന്നായെന്നും ഉള്ള പരിഹാസത്തോടെയാണ് ഇന്ത്യന്‍ എക്സ്പ്രസ് ലേഖനം തരൂര്‍ അവസാനിപ്പിക്കുന്നത്.