- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്കെന്ന് വി ഡി സതീശന്‍; ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍; സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ വി ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു കെപിസിസി; രാഹുല്‍ വിഷയം പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാതെ സതീശന്‍
ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്കെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കയാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു വശത്ത് ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് പോലും നീങ്ങുന്നു. സൈബറിടത്തില്‍ അടക്കം ആശയക്കുഴപ്പങ്ങള്‍ സജീവമാണ്. പ്രതിപക്ഷ നേതാവിനെ ആക്രമിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഈ സൈബര്‍ ആക്രമണം ശക്തമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നു. സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിന് ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വിഡി സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണ് എന്നതാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അവരെ സൈബര്‍ സെല്ലില്‍ നിന്നും പുറത്താക്കണം. പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളത്.
തനിക്കെതിരായ ആരോപണങ്ങളില്‍ കെപിസിസി നേതൃത്വമോ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ് മുന്‍ഷിയോ കെ സി വേണുഗോപാലോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളുടെ മൗനവും സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
രാഹുലിനെതിരായ ലൈംഗികാരോപണങ്ങളില്‍ വിഡി സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. നേതാക്കള്‍ക്ക് എതിരായ സൈബര്‍ ആക്രമണമത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ പരിശോധിക്കും.
സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെക്കുറിച്ച് വിഡി സതീശന്‍ യോഗത്തില്‍ ഒന്നും പറഞ്ഞില്ലെന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നേതാക്കള്‍ക്ക് ക്ലാരിറ്റി ഇല്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് നിലപാട് ആവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തില്‍ സംശയത്തിന് അത് വഴിയൊരുക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. പല നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ സാന്നിധ്യം കെസിപിസി യോഗത്തില്‍ ചര്‍ച്ചയായി. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം.
ലൈംഗിക ആരോപണങ്ങള്‍ക്കിടെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയിരുന്നു. നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.