തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അട്ടിമറിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മേല്‍ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. ഈ അനാവശ്യ ഇടപെടലുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറിയില്ലെങ്കില്‍ അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു

തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം അന്വേഷണം മന്ദഗതിയിലായതായി സതീശന്‍ ആരോപിച്ചു. ഹൈക്കോടതി ഇക്കാര്യം ശരിവച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതുകൊണ്ടാണ് 2019-ല്‍ നടന്ന മോഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2024-ലും സമാനമായ മോഷണങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ബിഗ് ഗണ്‍സിനെ' രക്ഷിക്കാന്‍ ശ്രമം

കേസില്‍ 'ബിഗ് ഗണ്‍സ്' എന്ന് ഹൈക്കോടതി വിശേഷിപ്പിച്ച ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുവരുന്നത് തടയാനാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 'എസ്.ഐ.ടിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ചെലുത്തുന്നത്. മര്യാദയുടെ പുറത്താണ് ഉദ്യോഗസ്ഥരുടെ പേര് ഇപ്പോള്‍ പറയാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും പിന്മാറുന്നില്ലെങ്കില്‍ പേരുകള്‍ പുറത്തുവിടും. അന്വേഷണത്തിലെ ഓരോ പാളിച്ചയും സൂക്ഷ്മമായി നിരീക്ഷിക്കും.' - വി.ഡി. സതീശന്‍

സിബിഐ അന്വേഷണം വേണം

ആദ്യഘട്ടം മുതല്‍ കോണ്‍ഗ്രസ് ഈ കേസില്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. നിലവിലെ എസ്.ഐ.ടി അന്വേഷണത്തെ ഹൈക്കോടതി നിരീക്ഷണമുള്ളതിനാല്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ വീണ്ടും സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് തിരിയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.