- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നാവ്; മുനമ്പം സംഭവത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ആളെയാണ് വര്‍ഗീയവാദിയായി കാണുന്നത്: വി ഡി സതീശന്‍
സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നാവ്
കാസര്‍കോട്: സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാണക്കാട് തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഇവരെല്ലാം കേരളത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങള്‍ എറണാകുളത്തെത്തി മുനമ്പം സംഭവത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. ആ മനുഷ്യനെയാണ് വര്‍ഗീയവാദിയെന്നു പറഞ്ഞ് വേട്ടയാടുന്നത്. സാദിഖലി തങ്ങളെ അപമാനിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇരുണ്ട് നേരം വെളുക്കുന്നതിനു മുന്‍പാണ് സി.പി.എം നിലപാട് മാറ്റുന്നത്. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്നു പറഞ്ഞവരാണ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ എന്നു പറയുന്നത്. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച ഒ.കെ വാസുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ച് മലബാര്‍ ദേവസ്വത്തിന്റെ പ്രസിഡന്റാക്കിയ ആളാണ് പിണറായി വിജയന്‍. അങ്ങനെയുള്ള പിണറായിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പരിഹസിക്കുന്നതും വെപ്രാളപ്പെടുന്നതും പൊട്ടിക്കരയുന്നതും.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കൊച്ചിന്‍ ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അജിത് കുമാറാണ് പൂരം ആലങ്കോലമാക്കിയതെന്നാണ് ദേവസ്വം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ്. അന്ന് മുഖ്യമന്ത്രി നിശബ്ദനായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി അദ്ദേഹം വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരി വസ്തു കൊണ്ടു വന്ന കേസില്‍ തെളിവായ അടിവസ്ത്രം കോടതിയില്‍ നിന്നും പുറത്തെടുത്ത് തെളിവ് നശിപ്പിച്ചത് ഗുരുതര കുറ്റമാണ്. അങ്ങനെ ഒരാള്‍ മന്ത്രിയായിരുന്നു എന്നത് കേരളത്തിനു തന്നെ അപമാനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഉത്തരം പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.