- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബി.ജെ.പി വികൃതമാക്കി; പി.ടി ഉഷയെ സ്പോര്‍ട്സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബി.ജെ.പി വികൃതമാക്കി
തൃശൂര്‍: സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്രതി രാജ്യസഭയിലേക്ക് നോമനേറ്റ് ചെയ്ത നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയത്തിന് പുറത്ത് പല മേഖലകളിലും തിളങ്ങുന്നവരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പി.ടി ഉഷയെ സ്പോര്‍ട്സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ എല്ലാ ആര്‍.എസ്.എസുകാരെയും രാജ്യസഭയില്‍ എത്തിക്കുകയാണ്. കലാരംഗത്തുള്ളവരെയും നോമിനേറ്റ് ചെയ്യുന്നതില്‍ എന്താണ് കുഴപ്പം. എന്നാല്‍, ഇതിലൂടെ നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെയാണ് ബി.ജെ.പി വികൃതമാക്കിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
രാജ്യത്ത് ഒരുകാലത്തും ഇല്ലാതിരുന്ന തരത്തില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് ആരാധനാക്രമം പോലും തടസപ്പെടുത്തുകയാണ്. അങ്ങനെയുള്ളവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്മസിന് കേക്ക് നല്‍കുന്നത്. ക്രിസ്ത്യന്‍ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ബി.ജെ.പി മാറന്നത്. അത് കൃത്യമായാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തിലൂടെ പറഞ്ഞത്. പ്രതിപക്ഷം ഇത് നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് ക്രൈസ്തവരെയാണ്. അവിടെ ഉപദ്രവിച്ചിട്ടാണ് ഇവിടെ കേക്കുമായി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകനെതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സി.പി.എം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായി പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു. രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്.
നേരത്തെ എ.ഐ.എസ്.എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ഇതായിരന്നു അവസാന കാലത്ത് ബംഗാളിലും. ബംഗാളിലെ അവസാനത്തിന്റെ ആരംഭമാണ് ഇപ്പോള്‍ കേരളത്തിലും സി.പി.എം കാട്ടുന്നത്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സി.പി.എം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സി.പി.എമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗം കുളം തോണ്ടി. 2500 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. പുതിയ കോഴ്സുകളും ഫണ്ടുകളും അനുവദിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗവും വെന്റിലേറ്ററിലാണ്. അതിനിടയില്‍ വിഷയം മാറ്റാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പി.ജെ കുര്യനെ പോലെ ഒരു മുതിര്‍ന്ന നേതാവ്, കൂടുതല്‍ നന്നാവണമെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയ വാര്‍ത്തായാക്കുന്നത്? അവര്‍ നന്നായി അധ്വാനിക്കുന്ന കുട്ടികളാണ്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച് മര്‍ദ്ദനമേറ്റതും ജയലില്‍ പോയതുമൊക്കെ ചെറുപ്പക്കാരാണ്.
സംഘടനാപരമായി കുറേക്കൂടി ശ്രദ്ധിക്കണമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞതില്‍ എന്ത് വാര്‍ത്തയാണുള്ളത്? സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപിക് ലെന്‍സുമായി നടന്ന് ഊതിവീര്‍പ്പിച്ച വാര്‍ത്തകളുണ്ടാക്കുകയാണ്. രാവിലെ 9 മണിയാകുമ്പോള്‍ രാവിലെ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കി രാത്രിവരെ ചര്‍ച്ച ചെയ്യും. പാലക്കാടും നിലമ്പൂരുമൊക്കെ ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ. മാധ്യമങ്ങള്‍ക്ക് ചുറ്റുമല്ല ലോകം കറങ്ങുന്നത്. അന്ന് വിഷയം മാറ്റാന്‍ പോലും ചില മാധ്യമങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ പറഞ്ഞതാണ് ജനം കേട്ടത്. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.
എസ്.എഫ്.ഐ ആഭാസ സമരമാണ് നടത്തിയത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എന്തിനാണ് സര്‍വകലാശാലയിലേക്ക് പോയതും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തല്ലിയതും? കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും ചെയ്തു.
പി.കെ ശശി സി.പി.എമ്മുകാരനാണ്. അദ്ദേഹവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാജ ആരോപണം ഉയര്‍ന്നപ്പോഴും പ്രതിപക്ഷം അത് പറഞ്ഞിട്ടില്ല. വ്യാജമാണെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ഏറ്റുപിടിക്കാതിരുന്നത്. അതൊന്നും പ്രതിപക്ഷത്തിന്റെ രീതിയല്ല. സി.പി.എം എന്തും ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫില്‍ ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകും. അതേക്കുറിച്ച് അപ്പോള്‍ പറയാം.
വയനാട് ദുരന്തമുണ്ടായി ഒരു വര്‍ഷമായിട്ടും നാട്ടുകാര്‍ നല്‍കിയ 742 കോടി രൂപ ഇപ്പോഴും ട്രഷറിയില്‍ കിടക്കുകയാണ്. 742 കോടി ട്രഷറിയില്‍ കിടക്കുമ്പോഴും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വാടകയോ ചികിത്സയ്ക്കുള്ള പണമോ നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ആദ്യം അതേക്കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. കോണ്‍ഗ്രസ് നല്‍കാമെന്നേറ്റ നൂറു വീടുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള സ്ഥലം വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലീഗ് സ്ഥലം വാങ്ങിയിട്ടുണ്ട്. നിയമപരമായ നിരവധി പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്ഥലം വാങ്ങല്‍ വൈകിയത്. സര്‍ക്കാര്‍ വിചാരിച്ചിട്ടു പോലും ഇപ്പോഴാണ് സ്ഥലം വാങ്ങാനായത്.
കോണ്‍ഗ്രസിന്റെ ഭവന നിര്‍മ്മാണവുമായി യൂത്ത് കോണ്‍ഗ്രസും സഹകരിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് വന്ന പണം അവിടെത്തന്നെയുണ്ട്. അതില്‍ നിന്നും ഒരു രൂപ പോലും പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും ഫണ്ട് പിരിവ് നടക്കുന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസിന് ഉദ്ദേശിച്ച ഫണ്ട് ലഭിച്ചിട്ടുണ്ടാകില്ല. കിട്ടിയ പണം അക്കൗണ്ടിലുണ്ട്. എന്നിട്ടും അതൊരു വിവാദമാക്കാന്‍ നോക്കിയതാണ്. നന്നായി നടക്കുന്ന പിള്ളാരെ കാണുമ്പോഴുള്ള ചൊറിച്ചിലാണ്. ജനങ്ങള്‍ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരാണ് അവര്‍. ഞങ്ങളുടെ കുട്ടികള്‍ക്കെതിരെ കുറെ നാളായി തുടങ്ങിയിട്ട്.
കുറേക്കാലം ചാണ്ടി ഉമ്മന്റെ നേരെയായിരുന്നു. പിന്നീട് ഷാഫിയായി. അവസാനം സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയത് സി.പി.എമ്മിന്റെ സ്വന്തം വീട്ടുകാരാണെന്ന് വ്യക്തമായി. അതിനു പിന്നാലെയാണ് രാഹുലിനെ തകര്‍ക്കാന്‍ നോക്കുന്നത്. ഇതൊക്കെ നല്ല ചൊറുപ്പക്കാരെ കാണുമ്പോഴുള്ള ചൊറിച്ചിലാണ്. ഈ കുട്ടികള്‍ ഞങ്ങളുടെ അഭിമാനമാണ്. അവരെ ഞങ്ങള്‍ നന്നായി നോക്കിക്കോളാം.- സതീശന്‍ വ്യക്തമാക്കി.