- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരും, സിപിഎമ്മും കരുതിയിരിക്കുക': വീണ്ടും മുന്നറിയിപ്പു നല്‍കി പ്രതിപക്ഷ നേതാവ്; അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുന്നു; വികസന സദസ് സര്‍ക്കാര്‍ ചെലവിലെ പ്രചാരണ ധൂര്‍ത്ത്; മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുവെന്നും വി ഡി സതീശന്‍
'കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരും, സിപിഎമ്മും കരുതിയിരിക്കുക'
തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുകയാണെണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസന സദസ് സര്‍ക്കാര്‍ ചെലവിലെ പ്രചാരണ ധൂര്‍ത്താണ്. പിആര്‍ഡി വഴി മാധ്യമങ്ങള്‍ക്ക് പണം നല്‍കുകയാണെന്നും. യുട്യൂബര്‍മാരെ സര്‍ക്കാര്‍ ചെലവില്‍ ക്ഷണിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ ബി ജെ പിക്ക് എതിരായി വാര്‍ത്തകള്‍ പുറത്തുവരുന്നു, സി പി എമ്മും കരുതിയിരിക്കണമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നു.
ലൈംഗികാരോപണം നേരിട്ട ഇത്രയധികം പേരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് തന്നെ വേറെയില്ലെന്ന് സതീശന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ലൈംഗികാരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിച്ചു. എല്‍ ഡി എഫിലെ ഒരു എം എല്‍ എ ബലാത്സംഗ കേസ് പ്രതിയാണ്. ലൈംഗികാരോപണം നേരിട്ട രണ്ട് മന്ത്രിമാരാണ് മന്ത്രസഭയിലുള്ളത്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെയാണ്.
സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും സതീശന്‍ പറഞ്ഞു. സംഘ്പരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ ആരോപിച്ചു. സി പി എമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പാ സംഗമത്തിന് യു ഡി എഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും നാണക്കേടാണ് എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. എല്ലാ വാര്‍ത്താ മാധ്യമങ്ങളും രാഹുല്‍ വിഷയത്തില്‍ നല്ല രീതിയിലാണ് ഇടപെട്ടത് എന്നും ഈ നില തുടരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്, ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതും ഗര്‍ഭഛിദ്രം നടത്താനും, വേണ്ടിവന്നാല്‍ കൊല്ലാനും തയ്യാറാണെന്ന ശബ്ദ സന്ദേശം പ്രചരിച്ചതും ആ വ്യക്തിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുന്നതെന്നും, ഈ വിഷയത്തില്‍ നിയമപരമായ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഒരു പരാതിയും ഉയരാത്ത സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും, സിപിഐഎമ്മിന്റെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇത്തരം പരാതി ഉയര്‍ന്നപ്പോള്‍ സംരക്ഷിച്ചു നിര്‍ത്തുകയാണ് ഉണ്ടാതതെന്നും പരാതി കൈകാര്യം ചെയ്തത് സി പി എമ്മിന്റെ കോടതിയായിരുന്നു. സി പി ഐഎമ്മിന്റെ സമുന്നതനായ ഒരു നേതാവ് നല്‍കിയ പരാതിയില്‍ ആരോപണ വിധേയന സംരക്ഷിക്കുകയും പരാതി ഉയര്‍ത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തി മൂലയ്ക്കിരുത്തിയ നേതാവാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരുന്നതെന്നുമായിരുന്നു വി ഡി സതീശന്‍ തിരിച്ചടിച്ചത്.
തങ്ങളോട് കളിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വെല്ലുവിളി. കേരളം ഞെട്ടുന്ന ബോംബ് തങ്ങളുടെ കൈവശമുണ്ടെന്നും, ഇത് ഏതുനിമിഷവും പൊട്ടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞുവെങ്കിലും ബോംബ് പൊട്ടിയില്ല. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെ ആരോപണം വന്നെങ്കിലും അതും വേണ്ട വിധത്തില്‍ പ്രചരിച്ചില്ല.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനത്ത് തുടരുന്നത് ഷാഫി പറമ്പിലിന്റെ സംരക്ഷണത്തിലാണ് എന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐയുടെ സമരം സിപിഎമ്മിന് ബൂമറാങായി മാറുകയും ചെയ്തു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ മാങ്കൂട്ടത്തെ മാറ്റി നിര്‍ത്തുകയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തതോടെ വിഷയം അടഞ്ഞ അധ്യായമായിരിക്കയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യായം അടച്ചാലും എതിരാളികള്‍ അധ്യായം തുടരാനാണ് സാധ്യത. രാഹുലിനെ കടന്നാക്രമിക്കുന്ന വിധത്തിലേക്ക് സിപിഎം രംഗത്തുവന്നതോടെ പ്രതിരോധിക്കണെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.