തിരുവനന്തപുരം: സംസ്ഥാനത്തെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഇതുവരെ മിണ്ടാതിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞില്ലെങ്കില്‍ ആരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

'അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലുമിട്ടില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പൊലീസാണ് കേരളത്തിലേത്. ആ പൊലീസുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകും. യുഡിഎഫ് കാലത്ത് അങ്ങനത്തെ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായ സംഭവങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെട്ടിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിസിടിവി കിട്ടിയത് കൊണ്ടാണ് ഇത്രയും ക്രൂരമായ അക്രമം എല്ലാവരും വിശ്വസിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഉത്തരവാദിത്തപ്പെട്ടവരും അറിഞ്ഞിട്ടും മനപ്പൂര്‍വം പൂഴ്ത്തിവെച്ചതാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിലെ ബിഹാര്‍ ബിഡി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വി ഡി സതീശന്‍ ഒഴിഞ്ഞുമാറി. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ പ്രതികരിച്ചു. ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങനൊരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പീച്ചി സ്റ്റേഷനിലെ മര്‍ദ്ദന വീഡിയോയും പുറത്തുവന്നിരുന്നു. പീച്ചി പൊലീസ് മര്‍ദ്ദന കേസില്‍ ഹോട്ടല്‍ ജീവനക്കാര്‍ പരാതിക്കാരെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് വണ്ടാഴി സ്വദേശി ദിനേശ്, സഹോദര പുത്രന്‍ ജിനേഷ് എന്നിവരെ ഹോട്ടല്‍ ജീവനക്കാര്‍ കയ്യേറ്റം ചെയ്യുന്നതാണ് വീഡിയോ.

പൊലീസുകാര്‍ വരുന്നതുവരെ ദിനേശിനെ തടഞ്ഞു വച്ചെന്നായിരുന്ന ഹോട്ടലുടമ കെ പി ഔസേപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അത് തെറ്റെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പീച്ചി പൊലീസ് പട്ടിക്കാട് ലാലീസ് ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2023 മേയ് 24നായിരുന്നു സംഭവം. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹോട്ടലുടമയ്ക്ക് പീച്ചി സ്റ്റേഷനിലെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ബിരിയാണി കഴിക്കാനെത്തിയവരുമായുളള തര്‍ക്കമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.

ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് ദിനേശ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിഥിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ ആയിരുന്ന പി എം രതീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെയും എസ്എച്ച്ഒ മര്‍ദ്ദിച്ച് ലോക്കപ്പില്‍ അടച്ചിരുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒത്തുതീര്‍പ്പിനായി പരാതിക്കാരന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതില്‍ മൂന്ന് ലക്ഷം പൊലീസിനാണെന്ന് പരാതിക്കാരന്‍ ഔസേപ്പിനെ അറിയിച്ചിരുന്നു. വീട്ടിലെ സിസിടിവിക്ക് മുന്നില്‍ വച്ചാണ് ഔസേപ്പ് അഞ്ച് ലക്ഷം രൂപ കൈമാറിയത്. ഇതിനുപിന്നാലെ ഹോട്ടല്‍ ജീവനക്കാര്‍ തന്നെയും സഹോദര പുത്രനെയും കയ്യേറ്റം ചെയ്തിരുന്നതായി ദിനേശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.