തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പിയെ ആക്രമിച്ച പോലീസ് നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് മനപൂര്‍വമായി ഷാഫിയെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കണമെന്ന സര്‍ക്കാര്‍ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടത്. ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍ എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നന്നായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഗൂഡാലോചനയ്ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ശബരിമലയില്‍ പ്രതിരോധത്തിലായ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യും. മനപൂര്‍വമായാണ് പൊലീസ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ജാഥ തടഞ്ഞ് പ്രകോപനമുണ്ടാക്കിയത്.

ഇരുനൂറോളം സി.പി.എമ്മുകാര്‍ക്ക് കടന്നു പോകാനാണ് മൂവായിരത്തോളം വരുന്ന യു.ഡി.എഫിന്റെ ജാഥ പൊലീസ് തടത്തു നിര്‍ത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഒരു പ്രവര്‍ത്തകന്റെ കണ്ണിന് കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റത് പൊലീസ് മര്‍ദനത്തില്‍ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലാത്തിച്ചാര്‍ജിന്റെ മൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വ്യക്തമായത്. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം 'ഷോ' മാത്രമാണെന്നും ചില ഇടതു നേതാക്കള്‍ വെളളിയാഴ്ച പ്രതികരിച്ചിരുന്നു. ഇടതുസമൂഹമാധ്യമ ഹാന്‍ഡിലുകളിലും ഷാഫി നടത്തുന്നത് 'നാടക'മാണെന്നും മറ്റുമുളള ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പൊലീസ് വലയം തീര്‍ക്കുന്നതിനിടെ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ വാദം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വെള്ളിയാഴ്ച പറഞ്ഞത്. പ്രതിഷേധം നടത്തിയ ഷാഫി ഉള്‍പ്പെടെ 700 പേര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

ഷാഫി പറമ്പിലിനെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ കോഴിക്കോട് നടക്കാവിലുള്ള ഐജി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. എം.കെ.രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐജി ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.