കാഞ്ഞങ്ങാട്: ഇ ഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ.ഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി വൈകാരികമായാണ് സംസാരിച്ചത്. എന്നാല്‍ വൈകാരികതയ്ക്ക് ഇടയില്‍ മറുപടി പറഞ്ഞില്ല. പ്രതിപക്ഷം പ്രതികരിച്ചതിലാണ് അദ്ദേഹത്തിന് പരാതി. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് ഇ.ഡി നോട്ടീസ് അയച്ചു എന്നറിഞ്ഞാല്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. എം.എ ബേബി വരെ പ്രതികരിച്ചു. ലൈഫ് മിഷനിലാണോ ലാവലിന്‍ കേസിലാണോ നോട്ടീസ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടീസ് നല്‍കിയെന്ന് ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടിയായിരുന്നു എന്ന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല അദ്ദേഹം പ്രതികരിക്കേണ്ടത്. അത് കേള്‍ക്കാനല്ല കേരളത്തിന് താല്‍പര്യം. എന്തിനാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കും. അതിന് അദ്ദേഹം എന്നെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. അതൊക്കെ എം.എ ബേബിയോട് മതിയെന്നും സതീശന്‍ പറഞ്ഞു.

നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടത്. ഏത് സമ്മര്‍ദ്ദത്തിന്റെയും അന്തര്‍ധാരയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചത്? തുടര്‍ നടപടി വേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം വന്നു എന്നാണ് ഞാന്‍ അനൗദ്യോഗികമായി അറിഞ്ഞത്. അത് ശരിയാണോയെന്ന് അറിയില്ല. അത് ഇ.ഡിയാണ് വ്യക്തമാക്കേണ്ടത്. നോട്ടീസ് നല്‍കുന്നതിന് ഒരു നടപടിക്രമമുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നാണോ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നാണ് തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായതെന്നതില്‍ ദുരൂഹതയുണ്ട്. അത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കില്ലെന്നു മനസിലായി. ഈ വിഷയം ഒഴികെ എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇനി മറുപടി പറയേണ്ടത് ഇ.ഡിയാണെന്നം അദ്ദേഹം ചൂണ്ടികകാട്ടി.

2013-ല്‍ നോട്ടീസ് അയച്ച വിവരം ഇപ്പോഴും ഇ.ഡിയുടെ വെബ്സൈറ്റിലുണ്ട്. ഇപ്പോഴാണ് സാധാരണക്കാര്‍ അത് അറിഞ്ഞത്. എല്ലാ ദിവസവും ഇ.ഡിയുടെ വെബ്സൈറ്റ് നോക്കല്‍ അല്ലല്ലോ ഞങ്ങളുടെ ജോലി. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിഞ്ഞ് വാര്‍ത്ത പുറത്തുകൊണ്ടുവന്നു. ഇ.ഡിയുടെ വെബ്സൈറ്റില്‍ കിടക്കുന്ന നോട്ടീസ് സംബന്ധിച്ച് വാര്‍ത്ത ചെയ്തതില്‍ എന്ത് ഗൂഡാലോചനയാണുള്ളത്?

ആരോ ഒരാള്‍ ബോംബ് പൊട്ടുമെന്നു പറഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ബോംബ് പൊട്ടുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സി.പി.എം സൂക്ഷിച്ച് ഇരിക്കണമെന്നു പറഞ്ഞു. പല സാധനങ്ങളും വരുമെന്നും പറഞ്ഞു. ഇപ്പോള്‍ ഒന്നല്ലല്ലോ, എത്രയോ സംഭവങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതടക്കം ഇപ്പോള്‍ പുറത്തു വന്നില്ലേ? ഇനിയും പലതും പുറത്തു വരും.

പിണറായി വിജയനെ രക്ഷിക്കന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഞങ്ങള്‍ക്ക് തുടക്കം മുതല്‍ക്കെയുണ്ട്. ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയിട്ട് എത്ര വര്‍ഷമായി? കേസ് എടുക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനിയായിരിക്കും. 35 തവണയാണ് മാറ്റി വച്ചത്. ഏതെങ്കിലും പാവപ്പെട്ടവന്റെ കേസായിരുന്നെങ്കിലോ? സി.ബി.ഐക്ക് ഒരു താല്‍പര്യവുമില്ല. 35തവണ കേസ് മാറ്റി വയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയണ്ടേ? സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ കോഴയിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. കര്‍ണാടകയും തെലങ്കാനയും ഉള്‍പ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് കേരളത്തില്‍ കേസുണ്ടായിട്ടും ഒതുക്കി തീര്‍ക്കുന്നത്.

2023-ല്‍ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവ് ഹൊസബെലയെ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി കണ്ടത്. എന്‍ ഈ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കണ്ടാല്‍ എന്താണ് കുഴപ്പമെന്നാണ് ചോദിച്ചത്. തൃശൂരില്‍ പൂരം കലക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞു. അതും പിന്നീട് വ്യക്തമായി. ഇക്കാര്യം എല്‍.ഡി.എഫിന്റെ തോറ്റ സ്ഥാനാര്‍ത്ഥി വി.എസി സുനില്‍ കുമാറും പറഞ്ഞു.

പിണറായി വിജയനും ബി.ജെ.പി ദേശീയ നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബാന്ധവമുണ്ട്. അതിന്റെ ഭാഗമായാണ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പിണറായി വിജയന്‍ പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കുന്നത്. ആ ബന്ധവം ഇപ്പോഴുമുണ്ട്. സി.പി.എം- ബി.ജെ.പി ബാന്ധവം ഉത്തരവാദിത്തത്തോടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണമാണ്. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം ആ ആരോപണത്തെ അടിവരയിടുന്നതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പാണ് ഇ.ഡി നോട്ടീസ് അയച്ചത്. കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കിയെന്ന മാധ്യമ വാര്‍ത്തകളില്‍ കാര്യമില്ലെന്ന് ഞങ്ങള്‍ അന്ന് പറഞ്ഞതാണ്. തൃശൂരില്‍ ജയിക്കുന്നതിനു വേണ്ടി സി.പി.എം നേതാക്കളുടെ കഴുത്തിലാണ് ഇ.ഡി പിടിമുറുക്കിയിരിക്കുന്നതെന്ന് അന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്.

മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും മാത്രമെ ആവശ്യപ്പെട്ടിട്ടുള്ളൂ. അദ്ദേഹത്തിനെതിരെയോ അദ്ദേഹത്തിനെതിരെയോ മോശമായി പറഞ്ഞിട്ടില്ല. കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് വിലാസത്തില്‍ നോട്ടീസ് വന്നിട്ട് പിന്നീട് ഒരു നടപടിക്രമവും ഉണ്ടായില്ല. ഇ.ഡിയും സംശദൃഷ്ടിയിലാണ്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് മൂടി വച്ചതാണോ? ഇ.ഡി ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ നേതാക്കളെ വേട്ടയാടുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇവിടെ മാത്രം അങ്ങനെയുള്ള ഒരു പ്രശ്നങ്ങളുമില്ല. എന്തിനാണ് നോട്ടീസ് അയച്ചതെന്ന് ഇ.ഡി പറയട്ടെ. തിരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ ശരിയാക്കി എടുക്കാന്‍ വേണ്ടിയാണോ ചെയ്തതെന്ന് അറിഞ്ഞാല്‍ മതി. - പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.