- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 രൂപ പെന്‍ഷന്‍ കൂട്ടിയത് ആരെ കബളിപ്പിക്കാന്‍? ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപ; യുഡിഎഫ് ഭരണകാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശികയെന്നത് സിപിഎം ക്യാപ്സ്യൂള്‍; പിഎം ശ്രീയില്‍ ഒപ്പുവച്ച ശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സിപിഐയെ കബളിപ്പിക്കാന്‍; വി ഡി സതീശന്‍
400 രൂപ പെന്‍ഷന്‍ കൂട്ടിയത് ആരെ കബളിപ്പിക്കാന്‍?
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍, ആശാപ്രവര്‍ത്തകരുടെ ഓണറേറിയം അടക്കമുള്ളയിലെ വര്‍ധനവില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പി.എം ശ്രീയില്‍ വീണതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ക്ഷേമപെന്‍ഷന്‍ അടക്കമുള്ളവയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന് സതീശന്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് നല്‍കിയാലും പ്രതിപക്ഷം പിന്തുണക്കും. അതേസമയം, അഞ്ച് മാസം പെന്‍ഷന്‍ മുടക്കിയവരാണ് ഇടത് സര്‍ക്കാരെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്നാണ് അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പറഞ്ഞത്. അടുത്തയാഴ്ച തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നാലര കൊല്ലം പാലിച്ചില്ല. 2,500 രൂപ നല്‍കാമെന്ന് പറഞ്ഞിടത്ത് 400 രൂപ മാത്രം കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്. എന്നാല്‍, 900 രൂപ വെച്ച് ഒരാള്‍ക്ക് നഷ്ടമായി. നാലര കൊല്ലം കൊണ്ട് 52,000 രൂപ സര്‍ക്കാര്‍ കൊടുക്കേണ്ടതാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.
വി ഡി സതീശന്റെ വാക്കുകള്‍:
മന്ത്രിസഭയും പാര്‍ട്ടിയും മുന്നണിയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത്? പി.എം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അതു ചെയ്തില്ല. ഒപ്പു വച്ചതിനു ശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സി.പി.ഐയെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്. പി.എം ശ്രീയില്‍ നിന്നും പിന്മാറുമെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ആര് ബ്ലാക്ക് മെയില്‍ ചെയ്തിട്ടാണ് ആരോടും ആലോചിക്കാതെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത്? ഒപ്പു വച്ച ശേഷവും മന്ത്രിസഭയില്‍ ആരോടും മിണ്ടിയില്ല. എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്കുണ്ടായത്? ഇപ്പോള്‍ ശ്രമിക്കുന്നത് കണ്ണില്‍ പൊടിയിടാനും സി.പി.ഐയെ കബളിപ്പിക്കാനുമാണ്. കരാര്‍ ഒപ്പിട്ട ശേഷം മന്ത്രിസഭാ ഉപസമിതി എന്താണ് പരിശോധിക്കുന്നത്?
വെള്ളത്തില്‍ വീണതില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്തു നല്‍കിയാലും പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2500 രൂപയായി വര്‍ധിപ്പിക്കുമെന്ന് 5 വര്‍ഷം മുന്‍പ് എല്‍.ഡി.എഫ് പ്രഖ്യാപിച്ചതാണ്. നാലരകൊല്ലത്തിലധികം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ല. 2500 രൂപ നല്‍കാമെന്നു പറഞ്ഞ സ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്? യഥാര്‍ത്ഥത്തില്‍ 900 രൂപ വച്ച് ഒരാള്‍ക്ക് കഴിഞ്ഞ നാലരക്കൊല്ലത്തിനിടെ 52000 രൂപയാണ് നഷ്ടമായിരിക്കുന്നത്. പെന്‍ഷന്‍ 2500 ആക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ക്ക് നാലരക്കൊല്ലവും ഒരു രൂപ പോലും കൂട്ടാതെ തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ജനങ്ങളെ കബളിപ്പിക്കാനാകില്ല. 5 മാസം പെന്‍ഷന്‍ മുടക്കിയ സര്‍ക്കാരാണിത്. ഇപ്പോള്‍ പെന്‍ഷന്‍ കൂട്ടിയത് നല്ലകാര്യം. കൂട്ടിയതിനെ പ്രതിപക്ഷം എതിര്‍ക്കില്ല. പക്ഷെ 2500 തരാമെന്നും പറഞ്ഞ് ജനങ്ങളെ പറ്റിച്ചവരാണ് ഇപ്പോള്‍ 400 രൂപ കൂട്ടി പെന്‍ഷന്‍ 2000 ആക്കിയിരിക്കുന്നത്.
പ്രൈമറി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും 1000 രൂപ കൂട്ടിയെന്നാണ് പറയുന്നത്. അതായത് ഒരു ദിവസം കൂടിയത് 33 രൂപ. ദിവസവേതനം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകെ അപമാനിക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ച സര്‍ക്കാരാണിത്. 233 രൂപ ദിവസ വേതനം ലഭിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ 33 രൂപയാണ് കൂടുതല്‍ നല്‍കിയിരിക്കുന്നത്. കൊടുത്തോ എന്ന് ചോദിച്ചാല്‍ കൊടുത്തു. എന്നാല്‍ കൊടുത്തത് 33 രൂപ മാത്രമാണ്. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കണം. പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞതാണ്.
2500 കോടി രൂപയുടെ ക്ഷേമനിധി ആനുകൂല്യങ്ങളാണ് നല്‍കാനുള്ളത്. കെട്ടിട നിര്‍മ്മാണ് ക്ഷേമനിധിയിലേത് ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷനുകള്‍ പതിനെട്ടും പത്തൊന്‍പതും മാസമായി മുടങ്ങിക്കിടക്കുകയാണ്. അങ്കണവാടി ടീച്ചര്‍മാരുടെ പെന്‍ഷനും മുടങ്ങി. ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ആശുപത്രികളില്‍ കാരുണ്യ പദ്ധതിയുടെ 1800 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വരെ എടുത്തുകൊണ്ടു പോകുകയാണ്. മരുന്ന് വിതരണം നിലച്ചു. സപ്ലൈകോയ്ക്ക് 2215 കോടി നല്‍കേണ്ട സ്ഥാനത്താണ് സര്‍ക്കാര്‍ 110 കോടി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ രൂക്ഷമായ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സപ്ലൈകോയ്ക്കാണ് സര്‍ക്കാര്‍ കോടികള്‍ കുടിശിക വരുത്തിയിരിക്കുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ കുട്ടികളുടെ ഗ്രാന്റ് നല്‍കുമെന്നതാണ് മറ്റൊരു വലിയ പ്രഖ്യാപനം. ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു പറഞ്ഞത് പ്രതിപക്ഷമാണ്. കഴിഞ്ഞവര്‍ഷം 500 കോടി പട്ടിക ജാതിക്കാരുടെയും 112 കോടി പട്ടികവര്‍ഗക്കാരുടെയും ബജറ്റ് വിഹിതം വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ശതമാനം ഡി.എ ഗഡു നല്‍കുമെന്നാണ് പറയുന്നത്. ആറു ഗഡു ഡി.എ കുടിശികയാണ്. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. പേ കമ്മീഷനെ നിയമിച്ച് അവരുടെ ശിപാര്‍ശ നടപ്പാക്കേണ്ട സമയത്താണ് പേ കമ്മീഷനെ കുറിച്ചും കുടിശികയെ കുറിച്ചും മിണ്ടാതിരിക്കുന്നത്.
നായനാര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയതെന്നു പറയുന്നതും പച്ചക്കള്ളമാണ്. 1960-ല്‍ പട്ടം താണുപിള്ളയുടെ കാലം മുതല്‍ക്കാണ് വാര്‍ധക്യ പെന്‍ഷന്‍ കൊടുത്തു തുടങ്ങിയത്. 63-ല്‍ ആര്‍ ശങ്കറിന്റെ കാലത്ത് വിധവാ പെന്‍ഷന്‍ ആരംഭിച്ചു. അച്യുതാനന്ദന്റെ കാലത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 300 രൂപയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അത് 600 രൂപയായും പിന്നീട് 1000 രൂപയായും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 1500 രൂപയാക്കിയും വര്‍ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാതെ നാലരക്കൊല്ലവും ഈ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നുവെന്നത് സി.പി.എം ക്യാപ്സ്യൂളാണ്. അത് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ബാലഗോപാലിനെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വെല്ലുവിളിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അങ്ങനെയൊരു കുടിശിക ഉണ്ടായിട്ടില്ല. മൂന്നു മാസത്തെ കുടിശികയാണ് ഉണ്ടായിരുന്നതെന്ന് തോമസ് ഐസക് നിയമസഭയില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അതാകട്ടെ അക്കൗണ്ട് മാറ്റുന്നതിനു വേണ്ടി എടുത്ത കാലതാമസമാണ്. എന്നിട്ടാണ് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന ക്യാപ്സ്യൂള്‍ സി.പി.എം ഇറക്കുന്നത്. പച്ചക്കള്ളം പ്രചരിപ്പിക്കാതെ ധൈര്യമുണ്ടെങ്കില്‍ തെളിയിക്കട്ടെ.
ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൊക്കെ 10-07-2024 ല്‍ നിയസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. 15 മാസം മുന്‍പ് പ്രഖ്യാപിച്ചിട്ടും നടപ്പാക്കിയില്ല. എന്നിട്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കും. എന്നാല്‍ നാലു വര്‍ഷവും നടപ്പാക്കാതിരുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് അടുത്തപ്പാള്‍ എല്‍.ഡി.എഫ് നടപ്പാക്കുമെന്നു പറയുന്നത്. ഇതൊക്കെ ആരെ കബളിപ്പിക്കാനാണ്? കടുത്ത സാമ്പത്തിക പ്രതിസന്ധി ആയതുകൊണ്ടാണ് പി.എം ശ്രീയില്‍ ഒപ്പുവച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ എവിടെ നിന്നാണ് പണം കിട്ടിയത്. ഈ സര്‍ക്കാരിന് ഒരിടത്തു നിന്നും പണം ലഭിക്കുന്നില്ല. ഈ ബാധ്യതകളെല്ലാം വരാനിരിക്കുന്ന സര്‍ക്കാരിന്റെ തലയില്‍ ഇരിക്കട്ടെയെന്നു കരുതി ചെയ്യുന്നതാണ്. പ്രഖ്യാപിച്ചതൊക്കെ രണ്ടു മൂന്നു മാസം നല്‍കിയാല്‍ മതിയല്ലോ.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യു.ഡി.എഫ് നേരത്തെ തന്നെ തുടങ്ങി. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയും വാര്‍ഡ് കമ്മിറ്റികളും ഡിവിഷന്‍ കമ്മിറ്റികളും ഉണ്ടാക്കി എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തിയും കുടുംബസംഗമങ്ങള്‍ നടത്തിയും എല്ലായിടത്തും പദയാത്രകള്‍ നടത്തിയും മുന്നോട്ട് പോകുകയാണ്. നേരത്തെ മുതല്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കാറില്ല. ഇന്ത്യയില്‍ എല്ലായിടത്തും അങ്ങനെ തന്നെയാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് പുതിയ വാര്‍ത്തയല്ല. എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് നൂറില്‍ അധികം സീറ്റുമായി 2026-ല്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഉത്തവാദിത്വ ബോധത്തോടെ ടീം ആയി അതിനു വേണ്ടി പ്രവര്‍ത്തിക്കും. മറ്റൊരു നറേറ്റീവും ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. കോണ്‍ഗ്രസില്‍ കുഴപ്പമെന്നത് സി.പി.എം നറേറ്റീവാണ്. ഇപ്പോള്‍ പറഞ്ഞ് പറഞ്ഞ് എല്‍.ഡി.എഫില്‍ കുഴപ്പമായി.
സംഘടനാപരമായ കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സി.പി.എം സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും വയ്ക്കുന്നത് നിങ്ങളുമായി ചര്‍ച്ച ചെയ്താണോ? നാളെ മുതല്‍ കൈരളിയില്‍ ജീവനക്കാരെ നിയമിക്കാന്‍ കെ.പി.സി.സിക്ക് സാധിക്കുമോ? അത് കൈരളി ടി.വിയാണ് തീരുമാനിക്കുന്നത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിനെ കൈരളി തീരുമാനിക്കേണ്ട. അതു ഞങ്ങള്‍ തീരുമാനിച്ചോളാം.
ഒരു കരാറും ഇല്ലാതെ കൊച്ചി സ്റ്റേഡിയത്തില്‍ എങ്ങനെയാണ് 70 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്? ആര്‍ക്കാണ് സ്റ്റേഡിയം വിട്ടുനല്‍കിയിരിക്കുന്നത്? ആരുമായാണ് കരാര്‍? കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കൊണ്ടുവന്നത്. ആ സ്റ്റേഡിയത്തിലെ ജോലികള്‍ ഒരു കരാറും ഇല്ലാതെ ആര്‍ക്ക് വിട്ടുകൊടുത്തുവെന്ന് കായിക വകുപ്പും ജി.സി.ഡി.എയും പറയണം. ജനങ്ങളുടെ സ്വത്താണ്. ഇവരുടെ ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെങ്കില്‍ ഒരു കരാറും ഇല്ലാതെ വിട്ടു നല്‍കാം. സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് അത് വിട്ടു നല്‍കിയത്. കായിക മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. എന്താണ് നടന്നതെന്ന് മന്ത്രി വ്യക്തമാക്കട്ടെ. ആരോപണ വിധേയര്‍ ആദ്യം പറയട്ടെ. സ്പോണ്‍സറല്ല, സര്‍ക്കാരാണ് ജനങ്ങളോട് പറയേണ്ടത്. ഒരു കരാറും ഇല്ലാതെയാണ് പൊതുസ്ഥാപനം സ്വകാര്യ വ്യക്തകള്‍ക്ക് നല്‍കിയത്. അതിനെതിരെ പ്രതികരിക്കണ്ടേ? സി.പി.എമ്മിനെ പോലെ അവിടെ പോയി കത്തിക്കുകയൊന്നും ചെയ്തിട്ടില്ല. നിയമലംഘനം നടത്താത്ത പാര്‍ട്ടിയാണോ സി.പി.എം. കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുക്കട്ടെ.
വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. എസ്.ഐ.ആറുമയി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ദേശീയതലത്തിലുള്ള നിലപാട് തന്നെയാണ് സംസ്ഥാനത്തുമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു നിയോജക മണ്ഡലത്തില്‍ മുപ്പത്തി ആറായിരത്തോളം വോട്ടുകളാണ് നീക്കം ചെയ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇതൊക്കെ തിരിച്ചു ചേര്‍ക്കാന്‍ സാധിക്കുമോ? ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ടറല്‍ ഓഫീസറും ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ ഏജന്റായി എസ്.ഐ.ആര്‍ അടിച്ചേല്‍പ്പിക്കുകയാണ്. വോട്ടര്‍പട്ടിക കളങ്കിതമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.




