തിരുവനന്തപുരം: അതിദരിദ്രര്‍ ഇല്ലാത്ത കേരളം പ്രഖ്യാപനം നടത്തിയ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും. നിയമസഭാ സമ്മേളനം സര്‍ക്കാര്‍ തന്നെ പ്രഹസനമാക്കി മാറ്റി. കേരളം അതിദരിദ്ര രഹിത സംസ്ഥാനമാണെന്നു പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ ഒരു ചര്‍ച്ചയും ഇല്ലാതെ മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്തുന്നതിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി നിയമസഭ വിളിച്ചു ചേര്‍ത്തിരിക്കുകയാമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇന്നു പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യമായി വന്ന കാര്യങ്ങളാണ്. എല്ലാ മാധ്യമങ്ങളിലും കോടികള്‍ നല്‍കി പരസ്യം നല്‍കിയ അതേ കാര്യങ്ങള്‍ വീണ്ടും നിയമസഭയില്‍ 140 എം.എല്‍.എമാരെയും തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ പ്രസ്താവന വീണ്ടും വായിച്ചു കേള്‍പ്പിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്‌ക്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായും നിയമസഭയുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചു. അതിദാരിദ്രം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ വെട്ടിപ്പും പച്ചനുണകളുടെ സമാഹാരവുമാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നതിന് മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞത് കേരളത്തില്‍ നാലര ലക്ഷം പരമദരിദ്രരുണ്ടെന്നാണ്. അത് എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ 64000 പേരായി ചുരുങ്ങിയത്? കേന്ദ്ര സര്‍ക്കാരിന്റെ എ.എ.വൈ കാര്‍ഡുള്ള, ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ കേരളത്തിലുണ്ടെന്ന് നിയമസഭയില്‍ മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.

നാലര ലക്ഷം പരമ ദരിദ്രരെന്ന സി.പി.എമ്മിന്റെ കണക്കും 5,91,194 അതിദരിദ്രരുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തലും നിലനില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഗതികള്‍ക്കു വേണ്ടിയുള്ള ആശ്രയ പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. അതിന്റെയും എണ്ണം കുറഞ്ഞു. 2011-ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതില്‍. ഇതില്‍ 6400 കുടുംബങ്ങള്‍ മാത്രമെ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.

ബാക്കിയുള്ള ആദിവാസി കുടുംബങ്ങളെല്ലാം സമ്പന്നരാണോ? തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ പട്ടിണി കൊണ്ട് മരിച്ചു. ആസ്ത്രീ അതിദരിദ്രരുടെ കൂട്ടത്തില്‍ ഉള്‍പ്പെടില്ലേ? അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളില്‍ നിന്നും കേരളം പുറത്താകും. കേന്ദ്രത്തിന് മുന്നില്‍ സംസ്ഥാനത്ത് അതിദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോ? തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനും വേണ്ടി നടത്തുന്ന പി.ആര്‍ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്നത്. സര്‍ക്കാര്‍ പ്രചരണത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും- വി ഡി സതീശന്‍ പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയചെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇപ്പോള്‍ തന്നെ പല ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് പല പദ്ധതികളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഒരു ആനുകൂല്യങ്ങളും ആവശ്യമില്ല, സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരമാണ്.

ഇത് പല പദ്ധതികളെയും കുഴപ്പത്തിലാക്കും. നിലവില്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ തന്നെ പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കാലത്ത് 2500 കൊടുക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 2000 രൂപ നല്‍കുമെന്ന് പറയുന്നത് തട്ടിപ്പാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ കുഴപ്പത്തിലാക്കും. കേന്ദ്ര സര്‍ക്കാരിന് അവസരമുണ്ടാക്കി കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എല്‍.ഡി.എഫ് കരുതുന്ന ഒരു തിരഞ്ഞെടുപ്പ് വിജയവും അവര്‍ക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണമായ തട്ടിപ്പ് പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് അനൂപ് ജേക്കബും പ്രതികരിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പ്രഖ്യാപനത്തിലേക്ക് വന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 5,91,194 എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹമായ പല ആനുകൂല്യങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.