- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് പ്രതിപക്ഷം പറഞ്ഞത് കോടതിയും ശരിവച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദ്വാരപാലക വിഗ്രഹങ്ങള്‍ മാത്രമല്ല കട്ടിളപ്പടിയും ശ്രീകോവിലിലെ വാതിലുകളിലും ക്ലാഡ് ചെയ്ത സ്വര്‍ണ്ണം വരെ അടിച്ചുമാറ്റിയെന്ന് ഗുരുതരമായ ആശങ്കയാണ് ഹൈക്കോടതി പ്രകടിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി അന്താരാഷ്ട്ര വിഗ്രഹ കടത്തിന്റെ ഭാഗമാണോയെന്ന് പോലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ശബരിമലയിലെ അമൂല്യമായ എല്ലാ വസ്തുക്കളുടെയും സമീപത്ത് ചെല്ലാനും അതിന്റെ അളവെടുക്കാനും കൃത്രിമ മോള്‍ഡുണ്ടാക്കാനുമുള്ള അധികാരം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉണ്ടായിരുന്നെന്നാണ് കോടതി പറയുന്നത്. ഇത്തരത്തില്‍ ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര കുറ്റവാളിയായ സുഭാഷ് കപൂറിന്റെ സമാനമായ കളവാണ് ശബരിമലയില്‍ നടന്നതെന്നാണ് കോടതി പറയുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിധിയിലൂടെപുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിക്കണം. എല്ലാം അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വച്ചതാണോയെന്ന് പരിശോധിക്കണം. ദേവസ്വം മുന്‍ പ്രസിഡന്റ് വാസു പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും ഇതില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടി ശബരിമലയിലെ എല്ലാ കാര്യങ്ങളും നടത്തിയത് വാസുവായിരുന്നു. ആ വാസു തന്നെ ഇപ്പോള്‍ പ്രതി പട്ടികയില്‍ ഉണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരുന്ന കാലത്താണ് എല്ലാം നടന്നത്. കമ്മിഷണര്‍ സ്ഥാനത്ത് നിന്നും പുറത്തിറങ്ങിയ ആള്‍ പിന്നീട് ദേവസ്വം പ്രസിഡന്റായാണ് തിരിച്ചു വരുന്നത്. കമ്മിഷണറായിരുന്നപ്പോഴും ദേവസ്വം പ്രസിഡന്റായിരുന്നപ്പോഴും വാസു നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
2019-ല്‍ തിരുവാഭരണം കമ്മിഷണറായിരുന്ന ആര്‍.ജി രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എച്ച്.ആര്‍.ഐ ആക്ടിലെ സെക്ഷന്‍ 35 അനുസരിച്ച് ബോര്‍ഡ് രൂപപ്പെടുത്തുകയും ദേവസ്വം മാനുവല്‍ വാല്യം ഒന്നില്‍ ചാര്‍ട്ട് പതിനൊന്നായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള തിരുവാഭരണം, ഭരണി, പാത്രം സംരക്ഷണ നിയമങ്ങളൊന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലിക്കുന്നില്ലെന്നു കണ്ടെത്തിയെന്നാണ് കത്തില്‍ പറയുന്നത്. എന്നിട്ടും കത്ത് പരിശോധിക്കാന്‍ തയാറായില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കള്ളത്തരങ്ങള്‍ അറിഞ്ഞിട്ടും അയാള്‍ക്ക് തന്നെ സ്വര്‍ണ്ണം പൂശാന്‍ ശില്‍പങ്ങള്‍ നല്‍കിയത് കോടതി വിധിയുടെ ലംഘനമാണ്. എന്നിട്ടാണ് അതേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും സംരക്ഷിക്കുന്നത്. ശബരിമലയിലെ കൊള്ള തിരിച്ചറിഞ്ഞിട്ടും ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വീണ്ടും ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കിയതും ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ആ കുറ്റകൃത്യം ചെയ്തത് ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും അംഗങ്ങളുമാണ്. അതിന് കുടപിടിച്ചു കൊടുത്തത് ദേവസ്വം മന്ത്രി വാസവനും.
അതുകൊണ്ടാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷം പറഞ്ഞതിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചിരിക്കുന്നത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും കുടുങ്ങുമെന്ന ഭയം കൊണ്ടാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്ുമെന്നും അദ്ദേഹം പറഞ്ഞു.
വാസുവിനെ രക്ഷിക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിനു മേലുണ്ട്. അതിനെ എസ്.ഐ.ടി അതിജീവിക്കുമോയെന്നാണ് പ്രതിപക്ഷം വീക്ഷിക്കുന്നത്. വാസുവിനെതിരെ എല്ലാ തെളിവുകളുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങാത്തതാണ് സംശയമുണ്ടാക്കുന്നത്. പഴയ ബോര്‍ഡ് മാത്രമല്ല പുതിയ ബോര്‍ഡും പങ്കാളികളാണ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വാസവന്‍ പറയുന്നത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണ്. ഇവരെല്ലാം കുറ്റവാളികളാണ്. പോക്കറ്റില്‍ പഴ്സ് കിടക്കുന്നവരാണ് കള്ളനെന്നു വിളിച്ച് മറ്റുള്ളവരുടെ പിന്നാലെ ഓടുന്നത്. അറസ്റ്റിലായ തിരുവാഭരണം കമ്മിഷണര്‍ കെ.എസ് ബൈജു കോണ്‍ഗ്രസ് നേതാവാണെന്ന് തെറ്റായ പ്രചരണമാണ്. കോണ്‍ഗ്രസ് സംഘടനാ നേതാവായിരുന്നത് ജി. ബൈജുവാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് സംഘടനാ നേതാവ് എങ്ങനെയാണ് പ്രധാനപ്പെട്ട പദവിയിലെത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.




