- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കി; മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല; കുടിവെള്ളവുമില്ല, ടോയ്‌ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കി
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരിമലയെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കി. സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പമ്പയില്‍ ചെന്ന് ഏകോപനം നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല. കുടിവെള്ളവുമില്ല, ടോയ്‌ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. യുഎഡിഎഫ് സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തെ ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നു. ആരോഗ്യരംഗം ഇതിനെക്കാള്‍ മോശമാകാന്‍ ഇല്ല. പഞ്ഞി പോലും കിട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് ചൂകുറ്റപ്പെടുത്തി. വിലക്കയറ്റത്തില്‍ 10 മാസമായി കേരളം നമ്പര്‍ വണ്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു. മാലിന്യ പ്രശ്‌നം പറയാന്‍ പോലും വയ്യെന്നും മൂന്നരലക്ഷം പേരെയാണ് തെരുവുനായ കടിച്ചതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സ്ഥലത്തേക്ക് വിനോദസഞ്ചാരികള്‍ എങ്ങനെ വരുമെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ശബരിമല മുന്നൊരുക്കത്തില്‍ വന്ന വീഴ്ച്ചയില്‍ കേരളാ ഹൈക്കോടതിയും ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര ഏകോപനം ഉണ്ടാകുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞതൊന്നും നടന്നില്ലൈന്നും കോടതി വിമര്‍ശിച്ചു. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ ദേവസ്വംബോര്‍ഡ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയില്‍ ഉണ്ടായില്ല. മുന്നൊരുക്കങ്ങള്‍ ആറുമാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.
ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. അത് ശബരിമലയില്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുള്ളത്. പരമാവധി ആളുകളെ ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ടിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു. സന്നിധാനം, പമ്പ, നിലക്കലിനും പമ്പയ്ക്കുമിടയിലുള്ള ഭാഗം, കാനന പാത തുടങ്ങിയിടങ്ങളില്‍ എത്രപേരെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോര്‍ഡിന്റെ കൈയില്‍ ഇല്ല. ഒരു ദിവസം 90,000 പേര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിയുമെന്ന കണക്കുമാത്രമാണ് ദേവസ്വം ബോര്‍ഡിന് മുമ്പിലുള്ളത്. ഈ മേഖലകള്‍ ഓരോ സെക്ടറായി തിരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
നിലക്കല്‍ മുതല്‍ സന്നിധാനംവരെ നാലോ അഞ്ചോ സെക്ടര്‍ ആയി തിരിക്കാനാണ് നിര്‍ദേശം. ഇവിടെ എത്രപേരെ ഉള്‍ക്കൊള്ളാനാകും എന്ന് ശാസ്ത്രീയമായി കണക്കാക്കണം. ഇതിനുശേഷം അതിനനുസരിച്ചുമാത്രമേ ആളുകളെ മുകളിലേക്ക് കയറ്റിവിടാവൂ എന്ന് സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി നിര്‍ദേശിച്ചു. ആളുകളെ കയറ്റിവിടുക എന്നതല്ല പ്രധാനം. കയറിപ്പോകുന്നവര്‍ക്ക് കൃത്യമായി ദര്‍ശനമൊരുക്കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.




