തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ യുഡിഎഫ് ബന്ധം ചൂണ്ടിക്കാട്ടി രാഷ്ട്രീയതന്ത്രം മെനയുന്ന മുഖ്യമന്ത്രിക്ക് അതേനാണയത്തില്‍ മറുപടി നല്‍കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഫോട്ടോ എടുത്തതിന്റെ പേരില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യണമെങ്കില്‍ ആദ്യം ചോദ്യം ചെയേണ്ടത് പിണറായി വിജയനെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ഇതോടെ ഫോട്ടോയുടെ പേരില്‍ എസ്‌ഐടി ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

'ഫോട്ടോ എടുക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതിയായിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ് ഐ ടി അന്വേഷിക്കുന്നത്.ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ടൂറിസം വകുപ്പിന്റെ പ്രൊമോഷന് വന്നത് ഞങ്ങള്‍ അങ്ങനെ ചോദ്യം ചെയ്തില്ല. വ്‌ലോഗര്‍ ചാരവനിത ആയതിനു മന്ത്രിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ?. പല കുഴപ്പകാരും പലരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ടാവും. അവരെ ഒക്കെ പറ്റി അന്വേഷിക്കില്ലല്ലോയെന്നും' സതീശന്‍ ചോദിച്ചു.

പല ക്രിമിനലുകളും കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. നാളെ അവര്‍ കേസില്‍ പ്രതിയായാല്‍ ഫോട്ടോയില്‍ ഒപ്പമുള്ളരെയും പ്രതിചേര്‍ക്കുമോ എന്നും സതീശന്‍ ചോദിച്ചു. സിപിഎം സ്വര്‍ണക്കൊള്ളയില്‍പ്പെട്ടു. സിപിഎം നേതാക്കന്മാര്‍ ജയിലിലേക്കുള്ള ക്യൂവിലാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാര്‍ അനാവശ്യമായ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ എസ്‌ഐടിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും സിപിഎം ബന്ധമുള്ള ആളുകളാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി എസ്‌ഐടിയില്‍ കടന്നുകയറി അന്വേഷണരഹസ്യങ്ങള്‍ പാര്‍ട്ടിക്ക് ചോര്‍ത്തി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ശബരിമലയില്‍ കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തില്‍ യുഡിഎഫിന് വിശ്വാസമുണ്ട്. പക്ഷേ മനപ്പൂര്‍വ്വമായി ഗവണ്‍മെന്റ് സിപിഎം നേതാക്കളെ രക്ഷിക്കുന്നതിനു വേണ്ടി ഉള്ള ശ്രമമാണ് നടത്തുന്നത്. എസ്‌ഐടി അന്വേഷിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നതല്ല. ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത് ആര്, അത് എവിടെ കൊണ്ടുപോയി വിറ്റു, ദ്വാരപാലക ശില്പം ഏതുകോടീശ്വരന്‍ വാങ്ങി എന്നതെല്ലാമാണ്.

കേസില്‍ ബാക്കിയുള്ളവരെ കൂടി ബന്ധപ്പെടുത്താന്‍ മുഖ്യമന്ത്രി വൃഥാ ശ്രമിക്കുകയാണ്. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്ന ആളുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. നടപടി സ്വീകരിക്കാത്തത് അവര്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തും എന്നുള്ള ഭയം കൊണ്ടാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.