- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനില്‍ കനുഗോലുവിന്റെ ടീം സര്‍വേ തുടങ്ങിയില്ല; പിന്നെ വി ഡി സതീശന്‍ എങ്ങനെ ആ 63 മണ്ഡലങ്ങളുടെ വിവരങ്ങള്‍ കിട്ടി; കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അറിയാതെ പ്രതിപക്ഷ നേതാവ് രഹസ്യ സര്‍വേ നടത്തിയോ? മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള കരുനീക്കമെന്ന് വിലയിരുത്തി നേതാക്കള്‍; അമര്‍ഷം പുകയുമ്പോഴും പിന്തുണച്ച് ഒരു വിഭാഗവും
സുനില്‍ കനുഗോലുവിന്റെ ടീം സര്‍വേ തുടങ്ങിയില്ല
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവായ വ്യക്തി മുഖ്യമന്ത്രിയാകുന്ന കീഴ്വവഴക്കം ഇല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അധികാരം കിട്ടിയാല്‍ തന്നെയും ഇക്കാര്യത്തില്‍ തീരുമാനം എടുക്കക ഹൈക്കമാന്‍ഡാകും. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടേയും കാലത്ത് ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഏകദേശ ധാരണ ഉണ്ടായിരുന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ അതല്ല അവസ്ഥ.
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശന്‍ തുടരുമ്പോഴും രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഈ റേസില്‍ മുന്നിലെത്താനുള്ള പരിശ്രമങ്ങള്‍ സതീശന്‍ സ്വന്തം നിലയ്ക്കും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് വിജയസാധ്യതയുളള 63 മണ്ഡലങ്ങളുടെ ലിസ്‌റ്റെടുത്ത് കണക്കുകള്‍ അദ്ദേഹം നിരത്തിയത്. എന്നാല്‍, ഈ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമായി ഉയരുന്നുണ്ട്. പാര്‍ട്ടി നേതൃത്വം അറിയാതെ ഇപ്പോഴേ മുഖ്യമന്ത്രി ്സ്ഥാനാര്‍ഥി ചമയേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍, സതീശന്റെ പരിശ്രമങ്ങളെ തള്ളേണ്ട കാര്യമില്ലെന്നാണ് അനുകൂലികള്‍ പറയുന്നത്. അത്തരം ശ്രമങ്ങള്‍ ഇപ്പോഴേ തുടങ്ങണമെന്നുമാണ് ഉയരുന്ന പൊതുവികാരം.
പാര്‍ട്ടി നേതൃത്വം ഒരു സര്‍വേ ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടില്ല. ഇതിനിടയാണ് സതീശന്‍ രഹസ്യ സര്‍വേ നടത്തിയെന്നാണ് ആക്ഷേപം. രഹസ്യ സര്‍വ്വേ ചോദ്യം ചെയ്ത് നിരവധി നേതാക്കള്‍ രംഗത്തെത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയാണ് സര്‍വ്വെയില്‍ പരിശോധിച്ചത്. 63 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്.
ജനുവരി 9 ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ എ പി അനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സര്‍വ്വെ നടത്തിയതെന്ന് എ പി അനില്‍ കുമാര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും ഈ ചര്‍ച്ചയില്‍ പക്ഷം ചേര്‍ന്നില്ലെങ്കിലും രഹസ്വസര്‍വ്വെ കോണ്‍ഗ്രസില്‍ വിവാദമായിരിക്കുകയാണ്.
പാര്‍ട്ടി അറിയാതെ രഹസ്യ സര്‍വ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കള്‍. സാധാരണ ഇത്തരം സര്‍വ്വേ നടത്തുന്നത് ഹൈക്കമാന്‍ഡാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് വി ഡി സതീശന്റെ രഹസ്യ സര്‍വ്വെ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേതൃത്വം അറിയാതെ രഹസ്യ സര്‍വ്വെ നടത്തിയതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. ഈ വിവരം നേരത്തെ തന്നെ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ വന്നിരുന്നുവെന്നും വിവരമുണ്ട്.
എന്നാല്‍, സതീശന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പറഞ്ഞ ആ 63 നിയമസഭാ സീറ്റുകള്‍ ഏതെന്ന ചര്‍ച്ചയും ഒരു വശത്ത് ടക്കുന്നുണ്ട്. പറഞ്ഞതു പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ സതീശനു യോഗത്തില്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇക്കാര്യം നേതാക്കളോടു വിശദീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. സര്‍വേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ച് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കണക്കാണു യോഗത്തില്‍ വച്ചതെന്നാണു വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതുള്‍പ്പെടെ 63 സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നായിരുന്നു സതീശന്റെ നിര്‍ദേശം. പട്ടികയും കയ്യിലുണ്ട്. ഇപ്പോള്‍ ജയിച്ച മണ്ഡലങ്ങള്‍ ഏതു പ്രതികൂല കാലാവസ്ഥയിലും കോണ്‍ഗ്രസ് ജയിക്കുന്നവയാണ്. മറ്റു 42 മണ്ഡലങ്ങള്‍ ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇത് വിവാദത്തിന് വഴിവെക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവോ, അദ്ദേഹത്തിന്റെ ഓഫിസോ സ്വന്തം നിലയ്ക്കു സര്‍വേകളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ ടീം നടത്തിയ പരിശോധനയില്‍ നിയമസഭാ മണ്ഡലങ്ങളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പല കള്ളികളിലാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് പക്ഷേ എവിടെയും ഔദ്യോഗികമായി നല്‍കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട്, നാലു ഘട്ടങ്ങളിലായുള്ള സര്‍വേക്കു കനുഗോലുവിന്റെ ടീം തുടക്കമിട്ടിട്ടേയുള്ളൂ.
കനുഗോലുവിന്റെ ടീമിന്റെ റിപ്പോര്‍ട്ട് നേരിട്ടു ലഭിക്കുക കെ സി വേണുഗോപാലിനായിരിക്കും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെല്ലാം കേന്ദ്രീകൃതമായാകും എത്തുക. അതിനാണ് കേന്ദ്രനേതൃത്വത്തിനും താല്‍പ്പര്യം. അല്ലാത്ത പക്ഷം കേരളത്തില്‍ നേതാക്കളുടെ മത്സരവും കുതികാല്‍വെട്ടുമാകും നടക്കുക എന്നത് ഉറപ്പാണ്. അതുകൊണ്ട് സതീശന്റെ തന്ത്രങ്ങള്‍ നടപ്പാക്കുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ വിജയം ഉറപ്പുള്ള ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അല്ലാതെ കാടടച്ച് വെടിവെച്ചതു കൊണ്ട് കാര്യമില്ലെന്നും സതീശന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിജയസാധ്യതയുള്ള 63 സീറ്റുകളില്‍ താന്‍ നടത്തിയ സര്‍വേ വിശകലനം രാഷ്ട്രീയകാര്യ സമിതിയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ കടുത്ത അതൃപ്തിയിലാണ് സതീശനും. രാഷ്ട്രീയകാര്യ സമിതിയില്‍ അല്ലെങ്കില്‍ എവിടെ തന്റെ ആശയം പങ്കുവയ്ക്കുമെന്നാണ് സതീശന്റെ ചോദ്യം.