കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും സിപിഎം മധുസൂദനനെ മത്സരിപ്പിക്കില്ല എന്നാണ് കരുതിയിരുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഉന്നയിച്ച വിഷയത്തില്‍ പോരാട്ടം തുടരാന്‍ മത്സരിക്കേണ്ടത് അനിവാര്യതയാണ്. പോരാട്ടം മുന്നോട്ട് കൊണ്ടു പോകാന്‍ മത്സരിക്കുകയല്ലാതെ വേറെ വഴിയില്ല. ഇടതുപക്ഷത്തിനെതിരെയല്ല തന്റെ സ്ഥാനാര്‍ഥിത്വം. സ്വതന്ത്രനായി മത്സരിക്കും. പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ മനസുള്ള ഒരാള്‍ക്ക് എങ്ങനെ രക്തസാക്ഷി ഫണ്ട് അഴിമതി കാണിക്കാന്‍ സാധിക്കും. മാഫിയ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഐഎമ്മിനെ രക്ഷിക്കുക എന്നത് ലക്ഷ്യം. അതിന് വേണ്ടിയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായോ കോണ്‍ഗ്രസുമായോ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. തന്റെ പോരാട്ടത്തിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി..

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം, വി. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വി. കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിയായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ചരിത്രമുള്ളവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും, പയ്യന്നൂരില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.

എന്നാല്‍, നിലവിലെ പശ്ചാത്തലത്തില്‍ വി കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണച്ചേക്കും. വടകരയില്‍ പയറ്റിയ തന്ത്രം പയറ്റാനാണ് യുഡിഎഫ്് നീക്കം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 ശതമാനത്തോളം വോട്ടു നേടിയാണ് ടി.ഐ മധുസൂദനനന്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 30 ശതമാനത്തോളമാണ് ലഭിച്ച വോട്ട്.

രക്തസാക്ഷി ധനരാജിന്റെ ഫണ്ട്, ഏരിക കമ്മിറ്റി ഓഫിസ് നിര്‍മ്മാണം എന്നീ ധനശേഖരണങ്ങളില്‍ പാര്‍ട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനൊപ്പം നില്‍ക്കണമോ എന്ന ചോദ്യം തന്നെ അലട്ടിയെന്നും ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തീരുമാനം കൈക്കൊണ്ടുവെന്നും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

അതേസമയം അമ്പലപ്പുഴയില്‍ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഇതോടെ അമ്പലപ്പുഴയില്‍ മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. എന്നാല്‍ നാട്ടികയില്‍ സിപിഐ വിട്ട സി സി മുകുന്ദനെ പിന്തുണക്കില്ലെന്നതാണ് കോണ്‍ഗ്രസ് തീരുമാനം.