- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഒറ്റയാള്‍ പോരാട്ടമല്ല, പയ്യന്നൂരിലെ സഖാക്കളില്‍ ഭൂരിഭാഗവും ഒപ്പമുണ്ട്; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല; ടി.എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്: വി. കുഞ്ഞിക്കൃഷ്ണന് പറയുന്നു
ഇത് ഒറ്റയാള്‍ പോരാട്ടമല്ല, പയ്യന്നൂരിലെ സഖാക്കളില്‍ ഭൂരിഭാഗവും ഒപ്പമുണ്ട്

കണ്ണൂര്‍: തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് സി.പി.എം പുറത്താക്കാനിരക്കുന്ന നേതാവ് വി. കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ തന്നെ ഇതൊരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം ഒപ്പമുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് പലരും ഉപദേശിച്ചു. പ്രശ്നം പരിഹരിക്കാമെന്ന തരത്തിലുള്ള ചിലര്‍ പറഞ്ഞു. ഇതെല്ലാം പരിഗണിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിന്നീട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല.
ടി.എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥി ആരാകുമെന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല.അതില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും വലിയ പങ്കില്ല. 2021ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിവാദമാണ് ആദ്യമുന്നയിച്ചത്. അഞ്ച് വര്‍ഷങ്ങളായി അതിന് വേണ്ടി പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തിയിരുന്നു. ഫണ്ട് വെട്ടിക്കുന്ന കാര്യം നേതാക്കള്‍ അംഗീകരിച്ചിരുന്നെങ്കില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമായിരുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
'സ്വത്ത് വില്‍പ്പന നടത്തുന്ന ആളുകളും ബ്രോക്കര്‍മാരും ടി.ഐ.മധുസൂദനന്‍ എംഎല്‍എയും വിദേശത്ത് ഒരു വിരുന്നില്‍ പങ്കെടുത്ത ഫോട്ടോയുണ്ടായിരുന്നു. അത് മേല്‍ കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. ഒരു കോപ്പി കമ്മിഷന് കൊടുത്തു. ഒരു കോപ്പി കൈയിലുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഗുഢാലോചനയുടെ ഭാഗമാണ് ഈ ഫോട്ടോയെന്ന് ഞാന്‍ പറഞ്ഞു. അതിന് കമ്മിഷന്‍ നല്‍കിയ മറുപടി ഇതായിരുന്നു.
'ടി.ഐ.മധുസൂദനന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചു. 2016 ഡിസംബര്‍ അവസാനമാണ് വിദേശത്ത് പോയത്. ഈ ഭൂമി ഇടപാട് എഗ്രിമെന്റാക്കുന്നത് 2017 ഒക്ടോബറിലാണ്. 2016 ഡിസംബറില്‍ പോയതും ഭൂമി ഇടപാട് നടന്നതുമായി ഒരു ബന്ധവുമില്ല'. ഭൂമി ഇടപാട് ഒരുദിവസംകൊണ്ട് നടക്കുന്നതാണോ? കുഞ്ഞിക്കൃഷ്ണന്‍ ചോദിച്ചു.
സെന്റിന് നാലുലക്ഷത്തിനാണ് വിറ്റത്. മൂന്നേമുക്കാല്‍ ലക്ഷമാണ് വിറ്റയാള്‍ക്ക് കിട്ടിയത്. ആ ഭൂമിയാണ് സെന്റിന് 18.45 ലക്ഷത്തിന് സഹകരണ സ്ഥാപനത്തെക്കൊണ്ട് എടുപ്പിക്കുന്നത്. ഇത്രയും വിലകൊടുത്ത് ഈ സ്ഥലം വാങ്ങണമെങ്കില്‍ അത് ഒരുദിവസം കൊണ്ട് നടക്കുമോ? ആ ഇടപാടിലുള്ളവരാണ് ഫോട്ടോയിലുള്ളത്. ഇത് ചതുപ്പ്, തണ്ണീര്‍ത്തടഭൂമിയാണ്. അതിന് ആറുവര്‍ഷം കഴിഞ്ഞാലും വില കൂടില്ല.
ബസ്സ്റ്റാന്‍ഡിനുവേണ്ടി ഏക്കര്‍കണക്കിന് ഭൂമി സൗജന്യമായി കൊടുത്ത സ്ഥലത്തിന്റെ അരികെയാണ് ഈ ഭൂമി. അവിടെയാണ് ഈ വില എന്നോര്‍ക്കണം. ഞാന്‍ അന്ന് ഇത് ഒരു പൊതുവേദിയിലും പറഞ്ഞിട്ടില്ല. ഞാന്‍ അംഗമായ ഒരു ഘടകത്തിലാണ് ഉന്നയിച്ചത്'. പാര്‍ട്ടിക്കകത്ത് വിമര്‍ശനം ഉന്നയിക്കുന്നത് തടയിടാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടി.ഐ.മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പാര്‍ട്ടിനേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച സിപിഎം നേതാവ് വി.കുഞ്ഞിക്കൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. തായിനേരിയിലാണ് ഞായറാഴ്ച രാവിലെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും കുഞ്ഞിക്കൃഷ്ണന്റെയും ചിത്രങ്ങളുള്ള ബോര്‍ഡില്‍ 'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നെഴുതിയിട്ടുണ്ട്.


