കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ സംവിധായകന്‍ വി.എം.വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. ഇതോടെ വി.എം.വിനുവിന് കോര്‍പറേഷനിലേക്ക് മത്സരിക്കാന്‍ സാധിക്കില്ല. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുണ്ട്. കല്ലായി ഡിവിഷനില്‍ നിന്നായിരുന്നു കോണ്‍ഗ്രസ് വിനുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട പ്രചാരണവും വിനു ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിരിച്ചടി വന്നിരിക്കുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കല്ലായി ഡിവിഷനില്‍ വി.എം. വിനു പ്രചാരണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് വ്യക്തമാവുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വി.എം. വിനു പറഞ്ഞു. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എം. വിനുവിന്റെ പേരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ 45 വര്‍ഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നുമാണ് വി.എം. വിനുവിന്റെ ചോദ്യം.

'ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയതുകൊണ്ട് എന്റെ വോട്ട് നിഷേധിക്കപ്പെട്ടു. ഇവിടെ കോടതിയും നിയമവുമുണ്ട്. പൗരന്റെ അവകാശം കോടതി സംരക്ഷിക്കും. നാളെ മുതല്‍ കോര്‍പ്പറേഷനിലെ എല്ലാ വാര്‍ഡിലും പ്രചാരണത്തിന് ഇറങ്ങും,' വി.എം. വിനു മാധ്യമങ്ങോട് പറഞ്ഞു.

നടന്നത് വലിയ വോട്ട് ചോരിയാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നുമാണ് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ ആരോപണം. 'അസാധാരണമായ സംഭവമാണ് നടന്നത്. വി.എം. വിനു ജനിച്ചതും വളര്‍ന്നതും ഈ നാട്ടിലാണ്. എന്നിട്ടും അദ്ദേഹത്തിന്റെയും ഭാര്യയുടേയും പേര് വോട്ടര്‍പട്ടികയിലില്ല. 18 വര്‍ഷമായി ഒരേ വീട്ടില്‍ താമസിക്കുന്ന ആള്‍ക്കാണ് വോട്ട് ഇല്ലാത്തത്. നടന്നത് പ്രതിഷേധാര്‍ഹമാണ്,' പ്രവീണ്‍ കുമാര്‍ പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരുന്നത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയോടെ 37 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോണ്‍ഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പരാതി നല്‍കിയ ആളും ഹിയറിങ്ങില്‍ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.