നിലമ്പൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഏത് സമയത്ത് പ്രഖ്യാപിച്ചാലും നേരിടാന്‍ പാര്‍ട്ടി ഒരുങ്ങിയിരുന്നെന്ന് മലപ്പുറം ജില്ലാ ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകളില്‍ ഒരാളാണ് ജോയി. മിന്നുന്ന വിജയം നേടുന്നതിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നേരത്തേ വരുമെന്നും കാലവര്‍ഷം വൈകുമെന്നുമായിരുന്ന പ്രതീക്ഷ. പക്ഷേ, രണ്ടും തിരിച്ചാണ് സംഭവിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

പ്രചാരണരംഗത്തേക്ക് കടന്നാല്‍ കാലാവസ്ഥ പ്രതികൂലമാണെന്ന പ്രശ്നമുണ്ട്. പക്ഷേ, അത് രാഷ്ട്രീയ കാലാവസ്ഥയെ കുറച്ചുകൂടി തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കാനാവശ്യമായ രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂരിലുണ്ട്. സ്ഥാനാര്‍ഥി ആരാണ് എന്ന കാര്യത്തില്‍ സാങ്കേതികത്വം മാത്രമാണുള്ളത്. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തും.

പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. യുഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യവും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരാനുണ്ടായ സാഹചര്യവും തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനമെന്നും ജോയ് പറഞ്ഞു.

ഇടതുമുന്നണി അംഗമായ പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. മേയ് 26-ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.