ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന് ശവകല്ലറ പണിയുകയാണ് സതീശനെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര. കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് കാരണം എല്‍.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക.

കോണ്‍ഗ്രസിലെ അനൈക്യം എല്‍.ഡി.എഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസിനോട് വിരോധമില്ല. എന്നാല്‍, ചില നേതാക്കള്‍ വ്യക്തി വിദ്വേഷം തീര്‍ക്കുകയാണ്. സുധാകരന്‍ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശന്‍ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. സതീശന്‍ ശൈലി കോണ്‍ഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ അഭിപ്രായ വ്യക്തതയില്ല. വി.ഡി. സതീശന്‍ തറ വര്‍ത്തമാനം പറയുകയാണ്. ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും ആരോപിച്ചു. കോണ്‍ഗ്രസ് തന്നെ അകത്തിടാന്‍ ശ്രമിച്ചതാണ്. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.

തന്റെ സൗകര്യം കൂടി നോക്കി വന്നാല്‍ സ്ഥാനാര്‍ഥികള്‍ക്ക് കാണാം. മുന്‍കൂട്ടി പറഞ്ഞിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളായ രാഹുലിനും രമ്യക്കും വരാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രമ്യാ ഹരിദാസിന് തോന്നുമ്പോള്‍ വരാനും പോകാനും ഇതു വഴിയമ്പലമല്ല. കഴിഞ്ഞ രണ്ടുതവണ മത്സരിച്ചപ്പോഴും രമ്യ വന്നില്ല. അന്ന് വരാത്തവര്‍ ഇനിയും കാണേണ്ടെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാലക്കാട്ട് ശക്തമായ ത്രികോണമത്സരമാണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഡോ. സരിന്‍ മിടുക്കനും വിദ്യാസമ്പന്നനുമാണ്. പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാര്‍ഥിയും വന്നുകണ്ടു. നമ്മളെ സ്‌നേഹിക്കുന്നവരെ നമ്മളും സ്‌നേഹിക്കും. വയനാട്ടില്‍ എണ്ണേണ്ട കാര്യമില്ല. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം കൂടുതലായിരിക്കും-വെള്ളാപ്പള്ളി പറഞ്ഞു.