ചേര്‍ത്തല: സിപിഎം വിമര്‍ശനങ്ങളോട് ഇനി എസ് എന്‍ ഡി പി യോഗ നേതൃത്വ പ്രതികരിക്കും. സിപിഎമ്മിന് എന്ത് തോന്നിയാലും കുഴപ്പമില്ലെന്ന നിലപാടില്‍ എസ് എന്‍ ഡി പി നേതൃത്വം എത്തികഴിഞ്ഞു. ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസത്തെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

എസ്.എന്‍.ഡി.പി. യോഗം എന്താണെന്നും അതിന്റെ ശൈലിയും പ്രവര്‍ത്തനവും എങ്ങനെയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റിന്റെ ഗുരുനാരായണ ധര്‍മസമന്വയ ശിബിരവും ഗുരുപൂര്‍ണിമ ആഘോഷവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ പൊതുവേദിയില്‍ വെള്ളാപ്പള്ളി കടന്നാക്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി കടന്നാക്രമിക്കില്ല. എന്നാല്‍ ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി ഇനി മറുപടി പറയും.

എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സെക്രട്ടറിയായതിനു ശേഷമാണ് എം.വി. ഗോവിന്ദന്‍ യോഗത്തിനെതിരേ തിരിഞ്ഞുതുടങ്ങിയത്. രാഷ്ട്രീയമായ വീതംവെപ്പില്‍ പിന്നാക്ക, ഈഴവാദി വിഭാഗം തഴയപ്പെട്ടെന്നതു വാസ്തവമാണ്. എല്‍.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാനവര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല. വള്ളംമുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത് -വെള്ളാപ്പള്ളി പറഞ്ഞു.

സത്യം വിളിച്ചുപറയുന്നതിനാലാണ് തന്നെ കൂട്ടായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവര്‍ക്കെതിരേ ഒന്നിച്ചുപ്രവര്‍ത്തിക്കാനും സമുദായാംഗങ്ങള്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫ് കാലങ്ങളായി വിജയിച്ചുകൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയം നേടിയത് എന്‍.ഡി.എ മത്സര രംഗത്ത് എത്തിയതോടെയാണ്.മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ എന്‍.ഡി.എ പിടിക്കുന്നതു കൊണ്ടാണ് എല്‍.ഡി.എഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോള്‍ എം.വി.ഗോവിന്ദനുള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നത്.സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് എസ്.എന്‍.ഡി.പി യോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. യോഗം എന്താണെന്നും അതിന്റെ ശൈലിയും ,പ്രവര്‍ത്തനവും എന്താണെന്നും മാഷിനറിയല്ല-വെള്ളാപ്പള്ളി പറഞ്ഞു.

ജനകീയ ബന്ധമില്ലാത്ത, ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് ആലപ്പുഴയില്‍ എല്‍.ഡി.എഫിന് നേരിടേണ്ടി വന്നത്-വെള്ളാപ്പള്ളി പറഞ്ഞു.