- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി അപകടം നടന്ന് മരിച്ച സ്ത്രീയുടെ വീട്ടില്‍ പോലും പോയില്ല; ആര്‍ക്കോ വേണ്ടി അപകട സ്ഥലത്ത് തലകാണിച്ചിരിക്കുന്നു; മാധ്യപ്രവര്‍ത്തകരോടും മിണ്ടിയില്ല; എന്നിട്ട് തിരുവനന്തപുരത്ത് എത്തി കോട്ടയത്ത് നടന്ന ഉദ്ഘാടനത്തിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു; ഇയാളൊരു 'പ്രത്യേക ജനുസ്സ്' തന്നെ; സമ്മതിച്ചു പോയി; വിമര്‍ശിച്ച് വിടി ബല്‍റാം
കോട്ടയം: ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും എല്ലാം വിമര്‍ശിച്ച് പ്രതിപക്ഷം എത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് വി.ടി ബല്‍റാം. പകല്‍ മുഴുവന്‍ കോട്ടയത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി അപകടം നടന്ന് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒന്ന് പോയതുപോലും ഇല്ല. പേരിന് മാത്രം മെഡിക്കല്‍ കോളജില്‍ ഒന്ന് തലകാണിച്ചു എന്ന് മാത്രം. അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും കൂട്ടാക്കിയില്ല.
എങ്കിലും തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കോട്ടയത്തെ ഒരു പ്രധാന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നു. അത് മറ്റൊന്നുമല്ല കോട്ടയത്ത് ഉണ്ടായിരുന്ന മറ്റൊരു പരിപാടിയുടെ ഉദ്ഘാടന വിവരമാണ്. ഇയാളൊരു 'പ്രത്യേക ജനുസ്സ്' തന്നെ. സമ്മതിച്ചു പോയി എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് പകല്‍ മുഴുവന്‍ കേരള മുഖ്യമന്ത്രി കോട്ടയത്ത് ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ആശ്രയമായ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഔദ്യോഗിക സിസ്റ്റത്തിന്റെ അനാസ്ഥയുടെ കാരണത്താല്‍ കെട്ടിടം തകര്‍ന്ന് ഒരു സാധു സ്ത്രീ ദാരുണമായി കൊലചെയ്യപ്പെട്ട ദുരന്ത വാര്‍ത്ത കേട്ടാല്‍ ഏതൊരു ഭരണാധികാരിയും പ്രാഥമികമായി ചെയ്യുക മറ്റെല്ലാ പരിപാടിയും മാറ്റിവച്ച് അവിടേക്ക് ഓടിച്ചെല്ലുക എന്നതാണ്. മുഖ്യമന്ത്രി ഉണ്ടായിരുന്ന സ്ഥലവും അപകടം നടന്ന മെഡിക്കല്‍ കോളേജും തമ്മില്‍ അധികം ദൂരമില്ല.
എന്നാല്‍ പിണറായി വിജയന്‍ അങ്ങനെ ഒരു സാധാരണ മുഖ്യമന്ത്രിയല്ലല്ലോ, 'ഒരു പ്രത്യേക ജനുസ്സ്' അല്ലേ! അതുകൊണ്ടുതന്നെ തന്റെ മുന്‍ നിശ്ചയപ്രകാരമുള്ള പരിപാടികള്‍ എല്ലാം കഴിഞ്ഞ് ആരെയോ ബോധിപ്പിക്കാനെന്ന പോലെ മെഡിക്കല്‍ കോളേജിലൊന്ന് തലകാണിച്ച് ഉടന്‍ തിരിച്ചു പോവുന്നു പിണറായി വിജയന്‍. അപകടം നടന്ന ഭാഗത്തേക്ക് നേരിലൊന്ന് പോയിക്കാണാനോ അപകടത്തില്‍ ചികിത്സയില്‍ക്കഴിയുന്നവരെ സന്ദര്‍ശിക്കാനോ പിണറായി വിജയന് സമയമോ താത്പര്യമോ ഇല്ല. അപകടത്തിന്റെ പിന്നാലെ യഥാര്‍ത്ഥ കാരണങ്ങളേക്കുറിച്ച് നേരിട്ടറിയാവുന്ന ദൃക്‌സാക്ഷികളടക്കം നൂറുകണക്കിനാളുകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് അവിടെയുണ്ട്. അവരാരെയും കാണാനും കാര്യങ്ങള്‍ ചോദിച്ചറിയാനും പിണറായി വിജയന് താത്പര്യമില്ല. അവിടെക്കൂടിയ മാധ്യമ പ്രവര്‍ത്തകരോടും ഒരു വാക്ക് പ്രതികരിക്കാന്‍ പിണറായി വിജയന് ആത്മവിശ്വാസമില്ല.
എന്നിട്ടിപ്പോള്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ പ്രധാനപ്പെട്ട കോട്ടയം സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ നാട്ടാരെ അറിയിക്കുന്നു. തെറ്റിദ്ധരിക്കണ്ട, മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ചതിനേക്കുറിച്ചുള്ള പ്രതികരണമല്ല, മുഖ്യമന്ത്രിക്ക് ഇന്ന് കോട്ടയത്തുണ്ടായിരുന്ന മറ്റൊരു പരിപാടിയുടെ ഉദ്ഘാടന വിവരമാണ് പിആര്‍ ടീം തയ്യാറാക്കിയ റീല്‍സിലൂടെ ഏറ്റവുമാദ്യം മലയാളികളെ അറിയിക്കേണ്ടതായി പിണറായി വിജയന് തോന്നിയത്. ഇയാളൊരു 'പ്രത്യേക ജനുസ്സ്' തന്നെ. സമ്മതിച്ചു പോയി.