- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു? ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയില്‍ അധികാരികളെ അറിയിക്കണമായിരുന്നു; എത്ര നിഷ്‌കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും ജയറാമിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ല; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയറാമിനെതിരെ യൂത്ത് കോണ്‍ഗ്രസ്
ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു?
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ നടന്‍ ജയറാമിനെതിരെ വിമര്‍ശനവുമായി വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. ശബരിമല വിഷയത്തില്‍ ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീര്‍ ചോദിച്ചു. എത്ര നിഷ്‌കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും ജയറാമിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നും നേമം ഷജീര്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കവാടം വീട്ടിലെത്തിയപ്പോള്‍ എന്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവരെ ജയറാം അറിയിച്ചില്ല. ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്നുള്ള നിലയില്‍ അധികാരികളെ അറിയിക്കണമായിരുന്നുവെന്നും പ്രതിഷേധ മാര്‍ച്ചില്‍ നേമം ഷജീര്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് ജയറാമിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ ജയറാം രംഗത്തുവന്നിരുന്നു. സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യം പുറത്തുവരട്ടെ എന്ന് ജയറാം പറഞ്ഞു. അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയില്‍ പങ്കെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പരാതിയാകുമെന്ന് കരുതിയില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു രൂപ പോലും തന്നോട് ചോദിച്ചിട്ടില്ലെന്നും ജയറാം വ്യക്തമാക്കി.
50 വര്‍ഷത്തിലധികമായി ശബരിമല ദര്‍ശനം നടത്തുന്ന അയ്യപ്പ ഭക്തനാണ് താന്‍. സ്വര്‍ണപ്പാളി പൂജാമുറിയില്‍ വച്ച് പൂജിച്ചോട്ടെ എന്ന് ഫോണില്‍ വിളിച്ചാണ് ചോദിച്ചത്. ഈ വിവരം വളരെ അഭിമാനത്തോടെയാണ് കൂടെ ഉള്ളവരോട് പറഞ്ഞത്. മൂന്നു മണിക്കൂര്‍ സമയം ചോദിച്ച് നടന്‍ ജയം രവി അടക്കമുള്ളവരെ വിളിച്ചു. ജയം രവി ഷൂട്ടിങ്ങിലായത് കൊണ്ട് ഭാര്യയും കുട്ടികളും മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ വന്നു. അയല്‍വാസികളെയും വിളിച്ചു.
തന്റെ വീട്ടില്‍ വെച്ച് പൂജ നടത്താന്‍ അയ്യപ്പന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞ് അവരെ അറിയിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. നിരവധി ക്ഷേത്രങ്ങളില്‍ വാതില്‍ സമര്‍പ്പണം, ആനയെ നടക്കിരുത്തല്‍ അടക്കമുളള ചടങ്ങുകള്‍ക്ക് തന്നെ ക്ഷണിക്കാറുണ്ട്. ഇത്തരത്തില്‍ പില്‍കാലത്ത് വരുമോ എന്ന് അറിയില്ലെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും രംഗത്തെത്തി. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നല്‍കിയ പാളികളില്‍ മുന്‍പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദര്‍ശന വസ്തു ആക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങള്‍ കെട്ടിച്ചമക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററില്‍ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളില്‍ സ്വര്‍ണം ഉണ്ടെന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടില്‍ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ് ചെയ്യാന്‍ വാസുദേവന്‍ എന്നയാളെ ഏല്‍പ്പിച്ചിരുന്നു. താന്‍ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ചെല്ലാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താന്‍ സഹായം തേടി ദേവസ്വം ബോര്‍ഡ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചെലവ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഏറ്റെടുത്തത്. അറ്റകുറ്റപ്പണികളുടെ ചെലവ് എടുക്കാന്‍ കഴിയുമോയെന്ന് ചോദിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഈ ആഗസ്റ്റിലാണ് ദേവസ്വം ബോര്‍ഡ് കത്തുനല്‍കിയത്.
ദേവസ്വം ബോര്‍ഡ് യോഗ തീരുമാനത്തിന്റെ ഭാഗമായി ആഗസ്റ്റ് 23നാണ് തിരുവാഭരണ കമീഷണര്‍ കത്തയച്ചത്. ബംഗളൂരുവിലെ മേല്‍വിലാസത്തിലാണ് കത്തയച്ചത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്നും ചെന്നൈയില്‍ അത് എത്തിച്ചുതരാമെന്നുമാണ് കത്തില്‍ പറയുന്നത്. ചെലവ് വഹിക്കാന്‍ തയാറുണ്ടോയെന്നും ഇതില്‍ ആരായുന്നു. ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. അത് സന്നിധാനത്ത് ചെയ്യാം. ഇതിന്റെയെല്ലാം ചെലവ് ഏറ്റെടുക്കാന്‍ സാധിക്കുമോയെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയോട് കത്തില്‍ ചോദിക്കുന്നത്.
25ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മറുപടിക്കത്തും ദേവസ്വം ബോര്‍ഡിന് നല്‍കി. എല്ലാത്തിന്റെയും ചെലവ് താന്‍ ഏറ്റെടുത്തോളാം എന്നായിരുന്നു മറുപടി. ശുദ്ധിക്രിയകള്‍ക്കുള്ള പണവും താന്‍ ഏറ്റെടുത്തോളാമെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞമാസം ഏഴിന് സ്വര്‍ണപ്പാളികള്‍ ദേവസ്വം ബോര്‍ഡ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.