പാലക്കാട്: പാലക്കാട് ജില്ലയിലെ ശക്തനായ സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി നേതൃത്വം കൈവിട്ടേക്കുമെന്ന അവസ്ഥയിലാണ്. പ്രാദേശിയ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ശശിയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ശശിയെ സ്വാഗതം ചെയ്ത് രംഗത്തു വരികയും ചെയ്തിരുന്നു.

പി കെ ശശിയെ പാര്‍ട്ടിയിലെത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ നഗരസഭയുടെ പരിപാടിക്ക് പി കെ ശശിയെ ക്ഷണിച്ചത് കെടിഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ ആണെന്നാണ് ചെയര്‍പേഴ്സണിന്റെ വിശദീകരണം.

സിപിഎം പ്രതിനിധിയായല്ല പി കെ ശശിയെ ക്ഷണിച്ചത്. വര്‍ഷങ്ങളായി പാലക്കാട് ജില്ലയിലും മണ്ണാര്‍ക്കാടുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് പി കെ ശശി. പരസ്യമായി ക്ഷണിച്ചിട്ടില്ല. തമാശരൂപേണ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. സിപിഐഎം ആളായി തുടരുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞതെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ പി കെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.

ശശിയുടെ കളങ്കിത വ്യക്തിത്വമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ആ 'തീവ്രത കുറഞ്ഞ പീഡനം' കോണ്‍ഗ്രിന് വിഷയമില്ലാതായോ എന്നാണ് ഉയരുന്ന ചോദ്യം. പി കെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പരസ്യമായി രംഗത്തുവരികയും ചെയ്തു. സ്ത്രീപീഡന ആരോപണം നേരിടുന്ന ആള്‍ക്ക് കോണ്‍ഗ്രസ് പരവതാനി വിരിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ പറഞ്ഞു.

ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരം. അദ്ദേഹം യുഡിഎഫിലേക്ക് എന്ന വാര്‍ത്ത മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ്. പി.കെ ശശി കോണ്‍ഗ്രസില്‍ വരാന്‍ താത്പര്യപ്പെടുകയോ, കോണ്‍ഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസ്‌കാരനും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ദുല്‍ഖിഫില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാറിയവനെ പേറിയാല്‍ പേറിയവനും....?

സി.പി.എമ്മിലെ സഹപ്രവര്‍ത്തക നല്‍കിയ പീഡന പരാതിയുടെ ഭാഗമായി പാര്‍ട്ടി അന്വേഷണത്തില്‍ പീഡന പരാതി കള്ളമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ സി.പി.എം നേതാവായ പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉള്ളതാണ് എന്നതില്‍ സംശയമില്ല.

പി. കെ ശശി കോണ്‍ഗ്രസില്‍ വരാന്‍ താത്പര്യപ്പെടുകയോ,കോണ്‍ഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുക ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ് എന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസ്‌കാരനും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

സ്ത്രീകളെ അപമാനിച്ചവര്‍ക്ക് ഒളിക്കാനുള്ള ഒളിത്തവളമല്ല കോണ്‍ഗ്രസ്. ഇത്തരം വാര്‍ത്തകള്‍ പൊതുമാധ്യമത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ 9 വര്‍ഷത്തെ ദുര്‍ഭരണം ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ അനിവാര്യമായ പരാജയത്തിന്റെ പ്രത്യാഘാതം കുറക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ്, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനെ തിരിച്ചറിയാന്‍ നമുക്കു സാധിക്കേണ്ടതുണ്ട് എന്ന് മാത്രമല്ല പി.കെ.ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്നവര്‍ക്ക് പരവതാനി വിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവരുത്.

നേരത്തെ മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടന ചടങ്ങില്‍ പി കെ ശശി പങ്കെടുത്തതിന് പിന്നാലെയാണ് ശശി കോണ്‍ഗ്രസിലേയ്ക്കെന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്. 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്' എന്നും പി കെ ശശി പറഞ്ഞിരുന്നു. സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ട പി കെ ശശിയെ ചടങ്ങില്‍ പങ്കെടുത്ത വി കെ ശ്രീകണ്ഠന്‍ പരോക്ഷമായി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

വെളുത്ത കോട്ടണ്‍ ഷര്‍ട്ട് ധരിച്ചെത്തിയ പി കെ ശശിയോട് ഇത് ഏറ്റവും നന്നായി യോജിക്കുന്നുണ്ടെന്നായിരുന്നു വി ശ്രീകണ്ഠന്‍ പറഞ്ഞത്. മറ്റുനിറത്തിലുള്ള വസ്ത്രങ്ങളേക്കാള്‍ താങ്കള്‍ക്ക് യോജിക്കുന്നത് തൂവെള്ള നിറത്തിലുള്ള ഖദര്‍ ഷര്‍ട്ട് ആണെന്നും എം പി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോട്ടണ്‍ ആണെന്നായിരുന്നു പി കെ ശശിയുടെ മറുപടി. തുടര്‍ന്ന് ഖദറും കോട്ടണും ചേട്ടനും അനുജനും ആണെന്ന് എംപി മറുപടിയും നല്‍കി.

വെള്ള നന്നായി ചേരുന്നുവെന്ന് ആവര്‍ത്തിക്കുകയാണെന്നും അത് അമര്‍ത്തിപ്പറയുകയാണെന്നും എം പി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസാരിച്ച എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും പി കെ ശശിയുടെ വെളുത്ത ഷര്‍ട്ടിനെ പരാമര്‍ശിച്ചിരുന്നു. വെള്ളവസ്ത്രത്തില്‍ ഇക്കൂട്ടത്തില്‍ ഇരിക്കുമ്പോള്‍ ഒരു യോജിപ്പുണ്ടെന്നായിരുന്നു പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് എംപിയുടെയും എംഎല്‍എയുടെയും പരാമര്‍ശങ്ങള്‍.