കോട്ടയം: സിപിഎം കോട്ടയം ജില്ലാ നേതൃത്വം നല്‍കുന്നതും പാര്‍ട്ടിയില്‍ തിരുത്തലുകള്‍ വേണമെന്ന ആവശ്യം. ഏറെ നാളേക്ക് ശേഷം കോട്ടയത്തെ സിപിഎം യോഗത്തിലും തുറന്നു പറച്ചിലുകളുണ്ടായി. ലോക്‌സഭാ തോല്‍വിയുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കുറ്റപ്പെടുത്തലാണ് യോഗത്തിനെ ശ്രദ്ധേയമാക്കുന്നത്. സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടിന് അപ്പുറം പ്രശ്‌നങ്ങളുണ്ടെന്നും തൊലിപ്പുറത്തെ ചികില്‍സകൊണ്ട് നഷ്ട വസന്തം തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നും കോട്ടയത്തെ സിപിഎം തിരിച്ചറിയുന്നു. കോട്ടയത്ത് ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത് കേരളാ കോണ്‍ഗ്രസിന്റെ തോമസ് ചാഴിക്കാടനാണ്. എന്ന് പറഞ്ഞ് തോല്‍വിയുടെ ഉത്തരവാദിത്തം കേരളാ കോണ്‍ഗ്രസിന്റെ തലയില്‍ കോട്ടയത്തെ സിപിഎം കെട്ടിവയ്ക്കുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

പിണറായിസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പലതും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നു സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു മന്ത്രിമാര്‍ക്കുമെതിരേ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കോട്ടയത്തെ പരാജയത്തിന് കാരണവും പിണറായിയാണെന്ന് കുറ്റപ്പെടുത്തുന്നു. അതിരുവിട്ട ആ ശകാരത്തിന് നല്‍കേണ്ടി വന്ന പ്രതിഫലമാണ് തോല്‍വിയെന്നും സിപിഎം ജില്ലാ നേതൃത്വം പറയുന്നു.

തെരഞ്ഞെടുപ്പു കാലത്തുപോലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകള്‍ മുന്നണിയെയും പാര്‍ട്ടിയെയും ദോഷകരമായി ബാധിച്ചു. നവകേരള സദസ് ജനങ്ങളില്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പു വര്‍ധിപ്പിച്ചു. പാലായിലെ പരിപാടിയില്‍ കോട്ടയത്തിന്റെ നട്ടെല്ലായ റബറിന്റെ വില വര്‍ധന സംബന്ധിച്ച വിഷയം ഉന്നയിച്ച തോമസ് ചാഴികാടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതു കോട്ടയം മണ്ഡലത്തിലെ തോല്‍വിക്കു കാരണമായി. വളരെയധികം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ നിസാരമായ കാര്യത്തിന്റെ പേരില്‍ ശകാരിക്കേണ്ടിയിരുന്നില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും പറയുന്നു.

കേരളാ കോണ്‍ഗ്രസിന്റെ യോഗത്തില്‍ തോല്‍വിക്ക് കാരണമായി ചാഴിക്കാടന്‍ പറഞ്ഞതും ഇതേ കാരണമാണ്. അന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മനായ ജോസ് കെ മാണി പിണറായിക്ക് പ്രതിരോധവുമായി എത്തി. മുഖ്യമന്ത്രിയെ മാത്രം തോല്‍വിക്ക് കുറ്റം പറയരുതെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. എന്നാല്‍ സിപിഎം നേതൃയോഗത്തില്‍ കോട്ടയത്ത് പിണറായിക്ക് വേണ്ടി ആരും വാദിച്ചില്ല. വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന നിലപാടാണ് എടുത്തത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക നേതാക്കളുടെ അലസതയുണ്ടായി. കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകളും തോമസ് ചാഴികാടനു ലഭിച്ചില്ല-അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതും സിപിഎമ്മിലെ ചില ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ്.

ഈഴവ വോട്ടുകള്‍ കൂട്ടത്തോടെ ബിജെപി മുന്നണിയിലേക്ക് പോയെന്നും വിലയിരുത്തി. സി.പി.എം. വോട്ടുകള്‍ ബി.ഡി.ജെ.എസിലേക്കു പോകുമെന്നതു മുന്‍കൂട്ടിക്കണ്ടു തടയാന്‍ ശ്രമിച്ചില്ല. കോട്ടയത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണുള്ളത്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ പത്തനംതിട്ടയിലെ സി.പി.എം. സ്ഥാനാര്‍ഥി തോമസ് ഐസകിനു ലഭിച്ചില്ല. മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനശൈലി മാറ്റണമെന്നു നിര്‍ദേശിച്ച അംഗങ്ങള്‍, മന്ത്രി എം.ബി. രാജേഷിനെയും രൂക്ഷമായി വിമര്‍ശിച്ചു. രണ്ടു പേരും തികഞ്ഞ പരാജയമാണെന്നാണ് കോട്ടയത്തെ സിപിഎം യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

സ്ഥാന കമ്മിറ്റിയിലും മറ്റ് ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കോട്ടയത്തും മുഖ്യമന്ത്രിക്കെതിരെ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചത്. മന്ത്രി വി.എന്‍ വാസവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനങ്ങള്‍ ജനങ്ങള്‍ക്ക് വിശ്വസനീയമായിരുന്നില്ലെന്നാണ് കമ്മിറ്റിയിലുയര്‍ന്ന പ്രധാന വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ സമയത്തും ഗോവിന്ദന്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്തില്ലെന്ന് കമ്മിറ്റി വിലയിരുത്തി. ഗോവിന്ദന്റെ പ്രസ്താവനകളും അംഗങ്ങള്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചു.

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ് എന്നിവരുടെ പ്രകടനം ദയനീയമാണെന്നായിരുന്നു കമ്മിറ്റി വിലയിരുത്തിയ മറ്റൊരു കാര്യം. കെകെ ശൈലജ വഹിച്ച വകുപ്പിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്നും ഒരംഗം ചോദിച്ചു.പത്തനംതിട്ടയില്‍ തോമസ് ഐസക്ക് അനുയോജ്യനായ സ്ഥാനാര്‍ഥി ആയിരുന്നില്ല എന്നതാണ് കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തല്‍. രാജു ഏബ്രഹാം മത്സരിച്ചിരുന്നെങ്കില്‍ ജയ സാധ്യതയുണ്ടായിരുന്നെന്നും അഭിപ്രായമുണ്ടായി. ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നിലെ കരങ്ങള്‍ പിണറായിയുടേതാണെന്ന വിമര്‍ശനമാണ് സിപിഎം കോട്ടയം കമ്മറ്റി ചര്‍ച്ചയാക്കുന്നതും.