- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി
ന്യൂയോർക്ക്: ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗസ്സയുടെ പുനർനിർമ്മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഗസ്സയിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇത് വിജയിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ മുന്നോട്ടു പോക്ക്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള ഫലസ്തീൻ പൗരന്മാരെയും ഗസ്സയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിലെ സമ്പൂർണ വെടിനിർത്തലിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദ്ദേശം. ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയുടെ പുനർനിർമ്മാണമാണ് മൂന്നാം ഘട്ടം.
നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. പ്രമേയത്തോട് ആദ്യം അനുകൂലമായി പ്രതികരിച്ച ഹമാസ് ഈ മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലും ഹമാസും എത്രയും വേഗം ഈ പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദ്ദേശം.
അതിനിടെ ഗസ്സയിൽ വെടിനിർത്തലിനുള്ള നയതന്ത്രശ്രമങ്ങൾ യുഎസ് കൂടുതൽ ഊർജിതമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതു തടയണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയെ കണ്ട ശേഷമാണ് ബ്ലിങ്കൻ ഇസ്രയേലിലേക്കു തിരിച്ചത്. ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിക്കും.
മെയ് 31 നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിന്മേലുള്ള ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇരുപക്ഷത്തും സമ്മർദം ശക്തമാക്കാൻ ബ്ലിങ്കന്റെ സന്ദർശനം. എന്നാൽ, ഈ വിഷയത്തിൽ ബ്ലിങ്കൻ മുൻപു നടത്തിയ ദൗത്യങ്ങളെല്ലാം പരാജയമായിരുന്നു. മധ്യഗസ്സയിലും കിഴക്കൻ റഫയിലും ഇസ്രയേൽ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുകയാണ്.
24 മണിക്കൂറിൽ 40 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 218 പേർക്കു പരുക്കേറ്റു. ഒൻപതാം മാസത്തിലെത്തിയ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 37,124 ആയി. പരുക്കേറ്റവർ 84,712. യുദ്ധം ലബനനിലേക്കു കൂടി വ്യാപിച്ചേക്കുമെന്ന ആശങ്ക യുഎസിനുണ്ട്. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവുമായുള്ള സംഘർഷം രൂക്ഷമാണ്.
ഗസ്സയിലേക്കു സഹായമെത്തിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ രാജ്യാന്തര ശ്രമം വേണമെന്ന് ഈജിപ്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. റഫ ആക്രമണം ആരംഭിച്ചതോടെ ഈജിപ്ത് അതിർത്തി വഴി ഗസ്സയിലേക്കുള്ള സഹായവിതരണം നിലച്ചിരുന്നു.