കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് ഇടയാക്കിയതിൽ മുഖ്യപങ്കുവഹിച്ചത് സിപിഎം സൈബർ ഗുണ്ടകളാണ്. സൈബർ ഗുണ്ടായിസത്തെ അകമഴിഞ്ഞ് സഹായിച്ചതിന്റെ ദുരനുഭവമാണ് സിപിഎം അനുഭവിക്കുന്നതും. പൊതുവേ സൈബർ ആക്രമണം ഭയന്ന് സിപിഎം നേതാക്കൾ പോലും പറയാൻ മടിക്കുന്ന ഇക്കാര്യം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും തുറന്നു പറഞ്ഞു.

ഇടതു പ്രൊഫൈലുകളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് ജയരാജൻ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിമർശനം. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.

'പാർട്ടി പ്രവർത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരുകാര്യം മനസ്സിലാക്കണം, ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്- ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി... അത്തരം ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാൽ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണ്'- എം വി ജയരാജൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽ.ഡി.എഫിനുമുണ്ടായ തിരിച്ചടി നിസ്സാരമല്ലെന്നും ജയരാജൻ പറഞ്ഞു. തിരിച്ചടി എന്തുകൊണ്ടുണ്ടായെന്ന് ആഴത്തിൽ വിശകലനംചെയ്ത് പറ്റിയ തെറ്റുകൾ കണ്ടെത്തി പരിഹരിച്ച് പാർട്ടിയെയും എൽ.ഡി.എഫിനെയും മുന്നോട്ടുനയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരായി ഉശിരൻ പോരാട്ടങ്ങൾ നടത്താനും വിട്ടുവീഴ്ചയില്ലാതെ പൊരുതാനും കഴിയുന്നത് ഇടതുപക്ഷത്തിനാണെന്ന് വസ്തുതാപരമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ തിരിച്ചടിയെ അതിജീവിക്കാനാവും. കഷ്ടിച്ച് അധികാരത്തിലെത്തിയ ബിജെപി. ആദ്യമായി ചെയ്യാൻപോകുന്നത് 100 സീറ്റ് നേടിയ കോൺഗ്രസിനെ പിളർത്താനുള്ള പരിശ്രമമായിരിക്കും -ജയരാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും വിമർശനം ഉന്നയിച്ചു രംഗത്തുവന്നിരുന്നു. നരേന്ദ്ര മോദിയെ പുകഴ്‌ത്തി കൊണ്ടും പിണറായി വിജയൻ സർക്കാറിനെ വിമർശിച്ചു കൊണ്ടുമാണ് സുധാകരൻ രംഗത്തുവന്നത്. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമെന്നും ജി സുധാകരൻ ഒരു ചാനലിന് നൽകി അഭിമുഖത്തിൽ തുറന്നടിച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയത്.ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്.

ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട്', സുധാകരൻ പറഞ്ഞു.തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങൾ താൻ വിശ്വസിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ഒളിയമ്പുമായി പി ജയരാജനും രംഗത്തു വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി. എം പാഠം ഉൾക്കൊള്ളണമെന്നാണ് ജയരാജൻ ആവശ്യപ്പെട്ടത്.