- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ കാഴ്ച വളരെ ദയനീയമായിരുന്നു; വെറും നിലത്ത് പേപ്പർ വിരിച്ച് കൈകൾ തലയിണയാക്കി റോയ് ദാനിയൽ കിടക്കുന്നു; ശീതീകരിച്ച മുറിയിലും പട്ടുമെത്തയിലും കിടന്നു ശീലിച്ചയാൾക്ക് പൊലിസ് സ്റ്റേഷനിൽ കൊതുകു കടി; പോപ്പുലർ തട്ടിപ്പിൽ ഡോ റിയയുടെ അറസ്റ്റ് വൈകും: പ്രസവശുശ്രൂഷ കഴിഞ്ഞാലുടൻ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന നൽകി അന്വേഷണ സംഘം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കരുതലോടെ അന്വേഷണം
പത്തനംതിട്ട: ആ കാഴ്ച വളരെ ദയനീയമായിരുന്നു. വെറും നിലത്ത് വിരിച്ച പേപ്പറിൽ കൈകൾ തലയിണയാക്കി റോയ് ഡാനിയൽ എന്ന കോടീശ്വരൻ കൊതുകു കടിയും കൊണ്ട് കിടക്കുന്നു. വെറുതേ ഇരുന്നാൽ പോലും കൊതുക് പൊതിയുന്ന അടൂർ സ്റ്റേഷനിൽ ഇയാളെങ്ങനെ കിടക്കുന്നുവെന്ന് എനിക്ക് തോന്നി. ഇന്നലെ വരെ പട്ടുമെത്തയിലും ശീതീകരിച്ച മുറിയിലും രാജീകീയമായി കിടന്നുറങ്ങിയവൻ കൊതുകു കടിയേറ്റ് വലയുന്നു.
അടൂർ പൊലീസ് സ്റ്റേഷനിൽ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയൽ കഴിച്ചു കൂട്ടിയതിനെ കുറിച്ച് ഒരു പൊലീസുകാരൻ സുഹൃത്തുക്കളോട് പറഞ്ഞ വാചകമാണിത്. തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ നിന്നും കീഴടങ്ങി എസ്‌പി ഓഫീസിൽ വന്ന അന്ന് രാത്രിയിൽ അടൂർ പൊലീസ് സ്റ്റേഷനിലായിരുന്നു റോയിയെ സൂക്ഷിച്ചത്. അന്നാണ് ഒരു സമ്പന്നന്റെ ദുരിതമെല്ലാം റോയിക്ക് നേരിടേണ്ടി വന്നത്. തോമസ് ദാനിയൽ ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലും മക്കളായ റിനു, റേബ എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡിലാണ്.
വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി തോമസ് ഡാനിയലിന് വിദേശബാങ്കുകളിൽ അക്കൗണ്ട് ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ നിക്ഷേപമുണ്ടോയെന്ന കാര്യം പരിശോധിക്കും. നിയമവിരുദ്ധമായി ഇവിടെ സ്വീകരിച്ച നിക്ഷേപങ്ങളും പണയ സ്വർണം മറിച്ചു മറ്റു ബാങ്കുകളിൽ നിന്നെടുത്ത വായ്പയും അടക്കം വിദേശ അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യലിൽ വിദേശത്ത അക്കൗണ്ടുള്ള വിവരം തോമസും കുടുംബവും സമ്മതിച്ചിട്ടുണ്ടെങ്കിലും പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് മൊഴി. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസിൽ ഇനി പിടിയിലാകാനുള്ള തോമസിന്റെ മകൾ റിയ ആൻ തോമസിന്റെ അറസ്റ്റ് വൈകും. ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടറായ റിയ പ്രസവശേഷം വിശ്രമിക്കുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇവർക്ക് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു മാസം മുൻപ് റിയ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നിരുന്നാലും റിയയെ പ്രതി ചേർത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
രണ്ടായിരം കോടിയുടെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകൾ ഏപ്രിലിൽ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.ഇവർക്ക് വിദേശരാജ്യങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ തോമസ് ഡാനിയേലിന്റെ കൈയിൽനിന്ന് വിദേശ മൊബൈൽ സിമ്മുകൾ കണ്ടെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ചില വമ്പന്മാരെപ്പോലെ പുറത്തേക്ക് പോകാനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. ലോക്ഡൗൺ കാരണം അന്താരാഷ്ട്ര വിമാനസർവീസുകൾ ഇല്ലാതായതോടെ പദ്ധതി പൊളിയുകയായിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് തോമസ് ഡാനിയേലിന്റെ മക്കളായ റിനു, റിയ എന്നിവർ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്.
പത്തനംതിട്ട സബ്‌കോടതിയിൽ തോമസ് ഡാനിയേലും പ്രഭ ഡാനിയേലും ചേർന്ന് നൽകിയിരിക്കുന്ന പാപ്പർ ഹർജിയിൽ 423 കോടി രൂപയുടെ ബാധ്യതയുള്ളതായി പറയുന്നു. 1965-ൽ തോമസ് ഡാനിയേലിന്റെ പിതാവ് പരേതനായ പി.കെ.ഡാനിയേൽ വകയാർ കേന്ദ്രമാക്കി ചിട്ടിക്കമ്പനി രൂപവത്കരിച്ചു. 1980-ൽ ഫിനാൻസിങ് കമ്പനി തുടങ്ങി. 1980 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും പുറത്തുമായി 275 ശാഖകൾ തുടങ്ങി. 17 മുതൽ 25 ശതമാനംവരെ നിരക്കിൽ നിക്ഷേപങ്ങൾക്ക് പലിശ നൽകിയതായി പറയുന്നു. ഇതും ആദായനികുതി വകുപ്പിന്റെ നടപടികളും ബ്രാഞ്ച് മാനേജർമാരുടെ പിടിപ്പുകേടും സ്ഥാപനത്തെ നഷ്ടത്തിലാക്കി.
തോമസ് ഡാനിയേലിന്റെ കുടുംബാംഗങ്ങൾ ചേർന്ന് 2017-ൽ സാൻസ് ഫിനാൻസ് കമ്പനി രൂപവത്കരിച്ചു. ഇതിനുപുറമേ പോപ്പുലർ ഡീലേഴ്‌സ്, പോപ്പുലർ ട്രേഡേഴ്‌സ്, പോപ്പുലർ പ്രിന്റേഴ്‌സ്, പോപ്പുലർ എക്‌സ്‌പോർട്ട്‌സ്, പോപ്പുലർ മിനി ഫിനാൻസ് എന്നീ കമ്പനികളും രൂപവത്കരിച്ചു.
പോപ്പുലർ ഫിനാൻസിന്റെ സാമ്പത്തികബുദ്ധിമുട്ട് കാരണം രണ്ടു ഘട്ടങ്ങളിലായി ബ്രാഞ്ചുകൾ പോപ്പുലർ സാൻ ഫിനാൻസിനും മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് കമ്പനിക്കും കൈമാറ്റം ചെയ്തതായും ഹർജിയിൽ പറയുന്നു. തന്റെ പേരിൽ ഭൂമിയോ വാഹനങ്ങളോ ഇല്ലെന്നും തോമസ് ഡാനിയേൽ ഹർജിയിൽ അവകാശപ്പെടുന്നു.