- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടി; അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം കണ്ട് ഭയന്ന് പെൺകുട്ടികൾ; പൊലീസിൽ പരാതി നൽകിയതോടെ ആകാശ് സൈമൺ മോഹൻ അറസ്റ്റിൽ; പ്രാങ്ക് വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശം
കൊച്ചി: പെൺകുട്ടികളുടെ പിന്നാലെ കൂടി അശ്ലീല ആഗ്യം കാട്ടുക. പേടിപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിച്ച് ഭയപ്പെടുത്തുക. പരിചയം നടിച്ച് സംസാരിച്ച് അടുത്തുകൂടി ഉപദ്രവിക്കുന്ന തരത്തിൽ അഭിനയിക്കുക തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത യൂട്ഊബർ ചിറ്റൂർ റോഡ് വലിയപറമ്പിൽ ആകാശ് സൈമൺ മോഹന്റെ(26) രീതികൾ. യൂട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യുവാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയ സംഭവത്തിലായിരുന്നു പൊലീസ് അറസ്റ്റ്. യുവതികൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. സ്ത്രീകളെ ശല്യം ചെയ്തത് ഉൾപ്പടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
എറണാകുളം കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാൾ സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയും ചെയ്തത്. അപമാനിക്കുന്ന തരത്തിലുള്ള ഇയാളുടെ പ്രവർത്തികൾ കണ്ട് പെൺകുട്ടികൾ ഭയന്നു പോയി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു.
പാർക്കിലിരിക്കുന്ന പെൺകുട്ടികളുടെ മുന്നിൽ ഇംഗ്ലീഷിൽ ആരോടോ അവരെ പറ്റി സംസാരിക്കുന്ന രീതിയിലാണ് ഒരു വീഡിയോ. പെൺകുട്ടികൾ ഇയാളുടെ പ്രവർത്തികണ്ട് തിരിച്ച് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. മാനസിക പ്രശ്നമുള്ളയാളോണോ എന്നൊക്കെ അവർ ചോദിക്കുമ്പോൾ മറുപടി പറയാതെ പെൺകുട്ടികൾ ധരിച്ചിരിക്കുന്ന വസത്രങ്ങളെപറ്റി ഫോണിൽ സംസാരിക്കുന്നതു പോലെ അഭിനയിക്കും. ഇത് കേൾക്കുമ്പോൾ പെൺകുട്ടികൾക്ക് ഭയം ഉണ്ടാവുന്നതായും മനസ്സിലാക്കാം.
മറ്റൊരു വീഡിയോയിൽ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകൾക്ക് നേരെ സംസാരിച്ചു കൊണ്ടെത്തുകയും അവരുടെ ഷൂസും ബാഗുമൊക്കെ വേണമെന്ന് ആവശ്യപ്പെടുന്നതും കാണാം. അതിൽ തന്നെ പെൺകുട്ടികളുടെ പിന്നാലെ ചെന്ന് അപശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നുമുണ്ട്. സ്ത്രീകളുടെ പ്രതികരണമടക്കം സുഹൃത്തുക്കൾ മറഞ്ഞുനിന്ന് വീഡിയോയിലാക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ പിടിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയാണ് ആകാശ് സൈമൺ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാൾ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.
ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക് എന്ന തലക്കെട്ടിൽ രണ്ട് വീഡിയോ നിലവിൽ ഇയാളുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കംചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചതായാണ് വിവരം. വീഡിയോ ചിത്രീകരിക്കാൻ സഹായിച്ച ആകാശിന്റെ സുഹൃത്തുക്കൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമാശ രൂപത്തിലോ ഹാസ്യ പരിപാടികൾക്കായോ ഒരുക്കുന്ന കുസൃതിത്തരങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകളാണ് പ്രാങ്ക് വീഡിയോ.
പ്രാക്ടിക്കൽ ജോക്ക് എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. തരികിട പോലുള്ള ടി.വി. പരിപാടികൾ ഇതിന്റെ ആദ്യരൂപമാണ്. ഇപ്പോൾ യൂട്യൂബിൽ ഇത്തരം വീഡിയോകൾ വ്യാപകമാണ്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ പലരും പരിധിവിട്ട് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇത് ചിലപ്പോൾ വലിയ അപകടത്തിന് വഴി വയ്ക്കുകയും ചെയ്യും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.