ന്യൂഡൽഹി: കോൺഗ്രസും രാഹുൽ ഗാന്ധിയുമായുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ചർച്ചകൾ പൂർണമായി തകർന്നെന്ന് സൂചന. ഇതാദ്യമായി അദ്ദേഹം രാഹുലിന് പരസ്യമായി വിമർശിച്ച് രംഗത്തെത്തി. രാഹുലിന് യാഥാർത്ഥ്യബോധമില്ല എന്നാണ് വിമർശനം. പല പതിറ്റാണ്ടുകൾ ബിജെപി രാജ്യത്ത് പ്രബലരായി തുടരുമെന്നും, ഇത് തിരിച്ചറിയാൻ കഴിയാത്തതാണ് രാഹുലിന്റെ കുഴപ്പമെന്നും അദ്ദേഹം തുറന്നടിച്ചു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചോദ്യോത്തര സെഷനിലാണ് ദീർഘകാലത്തേക്ക് ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് പ്രശാന്ത് കിഷേർ ഗോവയിൽ പറഞ്ഞത്.

സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിന്റെ ആദ്യ 40 വർഷക്കാലം സംഭവിച്ചത് പോലെ, ബിജെപി ജയപരാജയങ്ങൾ ഏറ്റുവാങ്ങാം. എന്നാൽ, ആ കക്ഷിയുടെ സജീവ സാന്നിധ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകും, പ്രശാന്ത് കിഷോർ പറഞ്ഞു.

' ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് പതിറ്റാണ്ടുകളോളം ബിജെപി ആയിരിക്കും. അവർ തോൽക്കുകയോ ജയിക്കുകയോ ചെയ്യാം, കോൺഗ്രസിന്റെ ആദ്യ 40 വർഷങ്ങൾ പോലെ. ബിജെപി എങ്ങോട്ടും പോകുകയില്ല. അഖിലേന്ത്യാതലത്തിൽ നിങ്ങൾ 30 ശതമാനത്തിൽ അധികം വോട്ടു നേടുന്നത് തുടർന്നാൽ, നിങ്ങൾ ഇവിടെ തന്നെ കാണും. അതുകൊണ്ട് തന്നെ മോദിക്കെതിരെ കടുത്ത ജനരോഷമാണെന്നും അദ്ദേഹത്തെ അവർ അധികാരത്തിൽ നിന്നും പുറത്താക്കും എന്ന പ്രചാരണ ട്രാപ്പിൽ വീഴാതിരിക്കുക.

ചിലപ്പോൾ അവർ മോദിയെ പുറത്താക്കിയേക്കും. എന്നാൽ, ബിജെപിയെ പുറത്താക്കാൻ ആവില്ല. ആ കക്ഷി ഇവിടെ തന്നെയുണ്ടാകും. പതിറ്റാണ്ടുകളോളം അവർ പോരാടും. വളരെ പെട്ടെന്ന് അവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കാൻ ആവില്ല.'- പ്രശാന്ത് കിഷോർ പറഞ്ഞു.

'ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. വളരെ വേഗം മോദിയെ ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം കരുതുന്നു. എന്നാൽ, അത് സംഭവിക്കുന്നില്ല. മോദിയുടെ കരുത്ത് പരിശോധിച്ച് തിരിച്ചറിഞ്ഞ് നേരിടാൻ പാകപ്പെട്ടില്ലെങ്കിൽ, ഒരിക്കലും മോദിയെ തോൽപ്പിക്കാൻ ആവില്ല'-പ്രശാന്ത് കിഷോർ പറഞ്ഞു.

ഈ വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തവരിൽ ബിജെപിയുടെ അജയ് സെഹ്രാവത്തും ഉൾപ്പെടുന്നു. അമിത്ഷാ ജി നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് ഇപ്പോൾ പ്രശാന്ത് കിഷോർ ശരിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

പശ്ചിമ ബംഗാളിൽ മമതയ്ക്ക് ഒപ്പവും, തമിഴ് നാട്ടിൽ, എം.കെ.സ്റ്റാലിന് ഒപ്പവും തകർപ്പൻ വിജയവും നേടിയെടുത്ത പ്രശാന്ത് കിഷോറിന് കോൺഗ്രസിനും, രാഹുലിനും ഒപ്പം ചേർന്ന് പോകാൻ ആകുന്നില്ല എന്നത് വ്യക്തം. ഗാന്ധി കുടുംബവുമായുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കണ്ടതും, പൊലീസുമായുള്ള ഏറ്റുമുട്ടലും എല്ലാം, കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ ദ്രുതഗതിയിൽ പുനരുജ്ജീവിപ്പിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാകുമെന്ന് പ്രശാന്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസിന്റെ ആഴത്തിലുള്ള പ്രശ്‌നങ്ങളിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. ഈ പ്രശ്‌നങ്ങൾക്കും ഘടനാപരമായ ദൗർബല്യങ്ങൾക്കും പൊടിക്കൈകൾ ഫലപ്രദമാവില്ല എന്നും വിലയിരുത്തി.

ഏപ്രിൽ-മെയിൽ നടന്ന ബംഗാൾ തിരഞ്ഞെടുപ്പിലെ മമതയുടെ വിജയത്തിന് ശേഷം പ്രശാന്ത് കോൺഗ്രസിൽ സജീവ പങ്കു വഹിക്കാൻ പോകുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പ്രശാന്തിന് സ്വതന്ത്രമായ റോൾ നൽകാൻ കോൺഗ്രസും രാഹുലും തയ്യാറാകാതെ ഇരുന്നതോടെ, ചർച്ചകൾ പരാജയപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ ഉടൻ നടക്കാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് മാറി നിൽക്കാനും, 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉള്ള പ്രശാന്തിന്റെ തീരുമാനത്തിന്റെ ദീർഘകാല ഗുണഫലവും കോൺഗ്രസ് നേതാക്കൾക്ക് ബോധ്യമായില്ല.

44 കാരനായ പ്രശാന്ത് കിഷോർ, 2014 ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് ജയത്തിൽ സുപ്രധാന പങ്കു വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്. ഏപ്രിലിൽ നടന്ന ഒരു ക്ലബ് ഹൗസ് ചർച്ച ചോർന്നപ്പോൾ, രാജ്യത്തുടനീളം മോദി കൾട്ട് ഉണ്ടെന്ന പ്രശാന്തിന്റെ കമന്റ് വൈറലായിരുന്നു.