- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധം മുറുകുമ്പോഴും പത്ത് പേരെ കൂടി സ്ഥിരപ്പെടുത്തി സർക്കാർ; നടപടി വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ; ധനവകുപ്പിലെ ജീവനക്കാരോട് ജോലിക്കെത്താൻ നിർദ്ദേശിച്ചതും സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കാൻ; തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഉദ്യോഗാർഥികളുടെ സമരം തീർക്കാനും ശ്രമം
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് തസ്തികയിസലേക്ക് റാങ്ക് ഹോൾഡേഴ്‌സിൽ നിന്നുള്ള നിയമനം നടത്താതെ പിൻവാതിൽ വഴി ജോലിക്കു കയറിയവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ തീരുമാനം ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ വിവാദങ്ങളും സമരങ്ങളും മുഖവിലക്കെടുക്കാതെയാണ് സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഒരുവശത്ത് സമരം മുറുമ്പോൾ അവരുമായി ചർച്ച നടത്തുന്ന സർക്കാർ തന്നെയാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സ്ഥിരപ്പെടുത്തലിനെതിരെ പ്രതിഷേധങ്ങൾ തുടരവെ, 10 പേരെക്കൂടി സർക്കാർ സ്ഥിരപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. വ്യവസായ വകുപ്പിനു കീഴിലെ നാഷനൽ കൊയർ റിസർച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രേറിയൻ, ടെക്‌നിക്കൽ ഓഫിസർ, ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികകളിലാണു സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് സ്ഥിരപ്പെടുത്തലിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിരുന്നത്. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലെ നടപടി മന്ത്രിസഭാ യോഗത്തിന്റെ അനുമതി പ്രകാരമാണോ ഇതെന്ന് വ്യക്തമല്ല.
വ്യവസായ വകുപ്പിനു കീഴിലെ ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നുള്ള സ്ഥിരപ്പെടുത്തൽ അപേക്ഷകൾ ക്യൂവിലാണ്. അതേസമയം കൂടുതൽ സ്ഥിരപ്പെടുത്തൽ നടപടികളിലേക്കും സർക്കാർ കടക്കുകയാണ്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൂട്ട സ്ഥിരപ്പെടുത്തലിനായി പരിഗണിക്കേണ്ട ഫയലുകൾ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങാത്ത സാഹചര്യത്തിൽ, കോവിഡ് വ്യാപനം അവഗണിച്ചും ധനവകുപ്പ് ഉദ്യോഗസ്ഥർ ജോലിക്കെത്താൻ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകി. വകുപ്പിൽ കോവിഡ് സ്ഥിരീകരിച്ച 40 പേരിൽ 8 പേർ മാത്രമാണ് ഇതുവരെ നെഗറ്റീവ് ആയത്.
വകുപ്പുകളിൽ നിന്നുള്ള സ്ഥിരപ്പെടുത്തൽ ശുപാർശകൾ ധന, നിയമ വകുപ്പുകൾ പരിശോധിച്ചു വേണം മുഖ്യമന്ത്രിക്കു മുന്നിലെത്താൻ.ഈ 2 വകുപ്പുകളും 10 വർഷമായി താൽക്കാലിക ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നതു പോലും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണു ഫയലിൽ കുറിക്കുന്നത്. ഇതുകാരണം, മന്ത്രിസഭയിൽ വച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കും. ഇതിനിടെ, ഐടി മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച് ശമ്പള വിതരണ സംവിധാനമായ സ്പാർക്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണ ശുപാർശ ധനസെക്രട്ടറി തന്നെ തള്ളി.
അതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്‌ച്ച ഉണ്ടാകുമെന്ന നിഗമനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളുമായി ചർച്ച നടത്തി സമരം പരിഹരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഇന്നലെ സമരക്കാർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനമായില്ല.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നു. റാങ്ക് ഹോൾഡർമാരുടെ ആവശ്യം അനുഭാവപൂർവം പരിഹരിക്കാമെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയതായി ഉദ്യോഗാർഥികൾ പറഞ്ഞു. തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് രേഖയായി നൽകുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിവൈഎഫ്ഐ നേതാക്കൾ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. ഇതിനെ തുടർന്ന് ചർച്ചയ്ക്ക് എത്തുന്നതിന് സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചർച്ചയിൽ പങ്കെടുത്തത്.
സി. ഡിറ്റിലെ കടുംവെട്ട് നീക്കം പാളി
സി. ഡിറ്റിൽ അനധികൃത നിയമന നീക്കം പാളി. നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നു വന്നതോടെ അടുത്ത അഞ്ചുവർഷത്തേക്ക് കരാർ നീട്ടിനൽകാൻ നീക്കം. മുഖ്യമന്ത്രിയുടെ ഐ.ടി. സെല്ലിൽ പ്രവർത്തിക്കുന്ന 12 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് അനധികൃതമായി കരാർ നീട്ടാൻ നടപടി ആരംഭിച്ചത്.
പത്തുവർഷത്തെ സേവനകാലാവധിയുള്ള 114 പേരെ കഴിഞ്ഞനാലിന് സ്ഥിരപ്പെടുത്തിയിരുന്നു. ഇതിൽ ഉൾപ്പെടാത്തവർക്കാണ് കുറുക്കുവഴി ഒരുക്കുന്നത്. കരാർ കാലാവധി തീർന്നവർക്ക് അഞ്ചുവർഷത്തേക്ക് കൂടി നിയമനം നീട്ടിനൽകണമെന്ന് സി. ഡിറ്റിലെ ഇടതുപക്ഷ അനുകൂല സംഘടന ആവശ്യപ്പെട്ടിരുന്നു. സർക്കാരും അനുകൂല നിലപാടെടുത്തു. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. പൊതുമേഖല-അർധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തേക്ക് കരാർ നൽകാറില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ കരാർ നീട്ടി ഉത്തരവ് ഇറക്കാനാണ് നീക്കം.
നിലവിലെ വ്യവസ്ഥകൾ പ്രകാരം 179 ദിവസത്തേയ്‌ക്കേ താത്കാലിക നിയമനം നൽകാവൂ. കരാർനിയമനങ്ങളിൽ പരമാവധി ഒരുവർഷത്തെ കാലാവധി അനുവദിക്കാറുണ്ട്. എന്നാൽ സി-ഡിറ്റിലെ ഭരണാനുകൂല സംഘടനയുടെ നിർബന്ധത്തിന് വഴങ്ങി ക്രമവിരുദ്ധമായ കരാർ നൽകാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ