തൃശൂർ: പകൽ കറങ്ങി നടന്ന് ഇരയെ കണ്ടെത്തും എന്നിട്ടാണ് പീഡനവും മോക്ഷണവും. ഇരിങ്ങാലക്കുട മാപ്രാണത്ത് 90 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല കവരുകയും ചെയ്ത കേസിലെ പ്രതി പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ വിജയകുമാർ എന്ന സൈക്കോ ബിജു(36) ചില്ലറക്കരനല്ല. നിലവിൽ വിവിധ സ്റ്റേഷനുകളിൽ ഒൻപത്് കേസുകൾ ഉണ്ട്. കഴിഞ്ഞ മൂന്നാ തിയ്യതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ വയോധിക മാത്രമുള്ളപ്പോൾ അതുവഴി വന്ന വിജയകുമാർ എന്ന സൈക്കോ ബിജു ബൈക്ക് ഇടവഴിയിൽ വച്ച് വാതിൽ തള്ളി തുറന്ന് അകത്ത് കടന്നു, അപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്ന വയോധികയെകടന്നു പിടിക്കുകയായിരുന്നു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു.

ഇതിനിടെ വയോധിക ബഹളം വെച്ചു. നിലവിളിച്ച് ആളെ കൂട്ടാനും ശ്രമിച്ചു. ഉടൻ മാല പൊട്ടിച്ചെടുത്ത പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇതറിഞ്ഞ് സംഭവ സഥലത്ത് എത്തിയ ഇരിങ്ങാലക്കുട പൊലീസിന് പ്രത്യേകിച്ച് തെളിവൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇരിങ്ങാല ക്കുട സി ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ടു ദിവസത്തനുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി പല തവണ മൊഴി മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവൽ കുറ്റം സമ്മതിച്ചു. ആദ്യം മഴ സമയത്ത് വീട്ടിൽ കയറി ഒതുങ്ങിയതേ ഉള്ളു വെന്നും അല്ലാതെ താൻ അതിക്രമം ഒന്നും കാട്ടിയില്ലെന്നും പ്രതി നിലപാട് എടുത്തു.

പ്രതിയുടെ സൈക്കോ സ്വഭാവം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ബോധ്യപ്പെട്ടിരുന്നു. മോഷ്ടിച്ച മാല വടക്കഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി പ്രതി മൊഴി നൽകി. 2 വർഷമായി ഹോട്ടൽ തൊഴിലാളിയായി തൊട്ടിപ്പാളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. സംഭവദിവസം 5 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ചവരുടെ ദൃശ്യങ്ങൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരുടെയും അന്യസ്ഥലങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി തൊട്ടിപ്പളിലെ വാടക വീട്ടിൽ ഉണ്ടെന്ന് മനസിലാക്കി രാത്രിയിൽ തൊട്ടിപ്പാൾ പാടശേഖരത്തിന് സമീപം കഴുത്തറ്റം വെള്ളത്തിലൂടെ നടന്നാണ് അന്വേഷണ സംഘം ഇയാൾ താമസിക്കുന്ന വീട് വളഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിക്കെതിരെ തിരിഞ്ഞതോടെ തെളിവെടുപ്പ് നടത്താതെ തിരിച്ചു കൊണ്ടുപോയി. ഇന്നലെ രാവിലെ ആറരയോടെ വീണ്ടും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ബിജുവെന്ന കള്ള പേരിലാണ് പലയിടത്തും ഇയാൾതാമസിച്ചിരുന്നത്. വാവയെന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.

വീട്ടിൽ അതിക്രമിച്ചു കയറി എഴുപത്തിനാലുകാരിയെ ആക്രമിച്ചതിന് കൊടകര സ്റ്റേഷനിലും യുവാവിനെ സ്ത്രീയുമായി ചേർത്ത് നിർത്തി നഗ്‌ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയതിന് ചാലക്കുടി സ്റ്റേഷനിലും പെൺവാണിഭത്തിന് ചാവക്കാട് സ്റ്റേഷനിലും അടക്കം സംസ്ഥാനത്തെ 9 സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. വൃദ്ധയ്ക്ക് നേരെ തോക്ക ചൂണ്ടി മോഷണംനടത്തിയതിനും ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്.

എസ്ഐമാരായ എം.എസ്.ഷാജൻ, വി.ജി.സ്റ്റീഫൻ, എ.ജോർജ്, സി.എം.ക്ലീറ്റസ്, എഎസ്ഐമാരായ പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, ജസ്റ്റിൻ, സീനിയർ സിപിഒമാരായ ഇ.എസ്.ജീവൻ, സോണി സേവ്യർ, രാഹുൽ. വി.വി.നിധിൻ, മെഹുറുന്നീസ, സജു, വി.വി.വിമൽ, സച്ചിൻ അമ്പാടൻ, ഷെഫീർ ബാബു ,സൈബർ വിദഗ്ധരായ പി.വി.രജീഷ്, വിപിൻ, എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.