- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ ബിൽ 8.20 ലക്ഷം; നേരത്തേ അടച്ചിരുന്നത് 3.60 ലക്ഷം; ആശുപത്രി അധികൃതർ വാശി പിടിച്ചത് അഞ്ചു ലക്ഷം കൂടി അടയ്ക്കാതെ മൃതദേഹം വിട്ടു നൽകില്ലെന്ന്; എങ്കിൽ അത് നിങ്ങൾ എടുത്തോയെന്ന ഉറച്ച നിലപാട് ബന്ധുക്കൾ എടുത്തതോടെ പുഷ്പഗിരി അധികൃതരുടെ മലക്കം മറിച്ചിൽ; അമിത നിരക്ക് ഈടാക്കി എന്നത് തെറ്റായ പ്രചാരണമെന്ന് ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിൽ ചകിൽസയിലിരിക്കേ മരിച്ചയാളുടെ പേരിൽ തയാറാക്കിയ കൊള്ള ബിൽ അടയ്ക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ ശക്തമായ നിലപാട് എടുത്തതോടെ തുക ഗണ്യമായി കുറച്ച് അധികൃതർ തലയൂരി. ചങ്ങനാശേരി സ്വദേശി ലാലൻ ആന്റണിയാണ (60) കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്.
ആകെ ബിൽ തുക 8.20 ലക്ഷം ഉണ്ടെന്നും ഇതിൽ 3.60 അടച്ചിട്ടുണ്ടെന്നും ശേഷിച്ച 4.60 ലക്ഷം അടയക്കാതെ മൃതദേഹം വിട്ടു നൽകില്ല എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. ഈ ബില്ല് കൊള്ളയടിയാണെന്നും അടയ്ക്കാൻ തങ്ങൾ തയാറാല്ലെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നിങ്ങൾ എടുത്തോളൂവെന്നും പറഞ്ഞതോടെ ആശുപത്രി അധികൃതർ വെട്ടിലായി. മൂന്നാഴ്ച മുമ്പാണ് ലാലനെ കോവിഡ് ബാധിച്ച് ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. പനി ബാധിച്ച് ലാലനെ ചങ്ങനാശേരിയിലെ എൻഎസ്എസ് മെഡിക്കൽ മിഷനിലാണ് ആദ്യം അഡ്‌മിറ്റ് ചെയ്തിരുന്നത്. അവസ്ഥ മോശമായപ്പോഴാണ് പുഷ്പഗിരിയിലേക്ക് മാറ്റിയത്.
ഇവിടെ എത്തിച്ച ആദ്യം സെമി വെന്റിലേറ്ററിലേക്ക് മാറ്റി. അവസാന 10 ദിവസം വെന്റിലേറ്ററിൽ ചികിൽസയിൽ കഴിഞ്ഞു. ഇന്ന് മരിക്കുകയും ചെയ്തു. ഇതുവരെ കോവിഡ് നെഗറ്റീവ് ആയിട്ടുമില്ല. ഇതിനിടെ പല തവണയായി 3.60 ലക്ഷം രൂപ ചികിൽസാ ചെലവ് എന്ന പേരിൽ അടച്ചു. രോഗി മരിച്ചതോടെ ആകെ ബിൽ തുക 8.20 ലക്ഷമാണെന്നും നേരത്തേ അടച്ചതും ഡെപ്പോസിറ്റും കഴിച്ച് 4.60 ലക്ഷം അടയ്ക്കണമെന്നുമാണ് ബന്ധുക്കളെ അറിയിച്ചത്. ഇവർ എതിർത്തതോടെ 56000 രൂപ കുറവ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ സ്ഥലം നിയുക്ത എംഎൽഎ മാത്യു ടി തോമസ് ഇടപെട്ടു. 5000 രൂപ കുറച്ചു നൽകാമെന്നാണ് മാത്യു ടി യോട് ആശുപത്രി അധികൃതർ പറഞ്ഞതത്രേ. മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ആശുപത്രിക്കാരും വെട്ടിലായി. വിവരം അറിഞ്ഞ ചങ്ങനാശേരിയിലെ നിയുക്ത എംഎൽഎ ജോബ് മൈക്കിൾ ഇടപെട്ടു. 1.50 ലക്ഷം രൂപ കൂടി മാത്രമേ ഇനി അടയ്ക്കാൻ കഴിയൂവെന്ന് അദ്ദേഹം അറിയിച്ചു. ഒടുവിൽ ആശുപത്രി അധികൃതർ അതിന് വഴങ്ങുകയായിരുന്നു.
1.10 ലക്ഷം അൽപ്പ സമയത്തിനകം തന്നെ അടച്ചു. ശേഷിച്ച 40,000 രൂപ കൂടി അടച്ച് ഞായറാഴ്ച രാവിലെ മൃതദേഹം വിട്ടു നൽകുമെന്ന് ആശുപത്രിക്കാർ അറിയിച്ചു. ഇതിന് ബന്ധുക്കൾ സമ്മതം അറിയിച്ചു. നാളെ രാവിലെ മൃതദേഹം ഏറ്റുവാങ്ങി ചങ്ങനാശേരിയിലെ പള്ളി പരിസരത്ത് ദഹിപ്പിച്ച ശേഷം ചിതാഭസ്മം കുടുംബ കല്ലറയിലേക്ക് മാറ്റുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസവും പുഷ്പഗിരി ആശുപത്രിയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ബന്ധുക്കൾ മൃതദേഹം എടുക്കില്ലെന്ന് അറിയിച്ചതോടെ തുകയിൽ കുറവ് വരുത്തി നൽകി.
അമിത ചാർജ് ഈടാക്കി എന്നത് തെറ്റായ പ്രചാരണമെന്ന് ആശുപത്രി അധികൃതർ
കോവിഡ് രോഗംമൂലം 24 ദിവസങ്ങൾക്ക് മുൻപ് , 14/04/2021നു പുഷ്പഗിരി ഹോസ്പിറ്റലിൽ ഐസിയുവിൽ അഡ്‌മിറ്റ് ആയ ഒരു രോഗി ഇന്ന് പുലർച്ചെ 8:40നു രോഗം മൂർച്ഛിച്ച് മരിക്കുവാനിടയായി. 24 ദിവസങ്ങളായി ഐസിയുവിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു രോഗി.
രോഗിയുടെ മരണത്തെത്തുടർന്ന് ഹോസ്പിറ്റൽ ബില്ലിൽ നിന്നും മൂന്നു ലക്ഷത്തിഅയ്യായിരത്തി എഴുന്നൂറ്റിതൊണ്ണൂറ്റിയേഴു (3,05,797 ) രൂപയോളം ഡിസ്‌കൗണ്ട് വീണ്ടും കൊടുത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ രോഗി 10 ദിവസം അല്ല, മറിച്ചു 24 ദിവസങ്ങളായി തുടർച്ചയായി ഐസിയുവിൽ- വെന്റിലേറ്റർ ചികിത്സയിലായിരുന്നു.
10 ദിവസത്തെ ചികിത്സക്കായി 9 ലക്ഷം രൂപ വാങ്ങുന്നു എന്ന പ്രചാരണം വാസ്തവം മനസ്സിലാക്കാതെയാണെന്നു അറിയിക്കട്ടെ.......വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിത്സ ആശുപത്രിക്ക് വളരെ ചെലവുള്ള വിദഗ്ധ ചികിത്സയായിട്ടും സമാന രീതിയിൽ പ്രവർത്തിക്കുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാണ് പുഷ്പഗിരിയിൽ അത്തരം സേവനങ്ങൾ നൽകി വരുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവർക്കു പരമാവധി ഡിസ്‌കൗണ്ടും നൽകിവരുന്നു.
ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്