- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഖത്തർ; കാബൂൾ എയർപോർട്ട് പ്രവർത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായി വിമാനം എത്തി; പ്രതീക്ഷയോടെ ഇപ്പോൾ ലോകം നോക്കുന്നത് ഖത്തറിലേക്ക്
ദോഹ: പാശ്ചാത്യ രാജ്യങ്ങളുടെ സൈനികർ പിൻവാങ്ങിയതിനുശേഷം അഫ്ഗാനിലേക്ക് സഹായഹസ്തവുമായി ഇതാദ്യമായി ഒരു വിദേശരാജ്യം എത്തുന്നു. ഖത്തറാണ് അഫ്ഗാനിസ്ഥാന് സഹായവുമായി എത്തിയത്. തിങ്കളാഴ്ച്ച രാത്രി ഒരുകൂട്ടം സാങ്കേതികവിദഗ്ദരുമായി ഖത്തർ വിമാനം കാബൂൾ വിമാനത്താവളത്തിൽ പറന്നിറങ്ങി. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുവാനുള്ള നടപടികളായിരിക്കും ഇവർ കൈക്കൊള്ളുക. ഇതോടെ അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി വിദേശികളെ ഒഴിപ്പിക്കുന്ന നടപടികൾ പുനരാരംഭിക്കാൻ കഴിയും.
താലിബാന്റെ അഭ്യർത്ഥന മാനിച്ചാണ് വിദഗ്ദരെ അയച്ചതെന്നാണ് ഖത്തർ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ ഏതുതരത്തിലുള്ള സഹായമായിരിക്കും നൽകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. നിരവധിപേർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ മനുഷ്യത്വപരമായ ഒരു സഹായമാന് ചെയ്യുന്നത് എന്നാണ് ഖത്തർ പറയുന്നത്. വിമാന സർവ്വീസുകൾ പുനരാരംഭിച്ചാൽ, കുടുങ്ങിക്കിടക്കുന്ന വിദേശികളെ സുരക്ഷിതമായി രാജ്യം വിടാൻ സഹായിക്കും എന്ന താലിബാന്റെ വാഗ്ദാനത്തിൽ ലോക രാജ്യങ്ങൾ വിശ്വസിക്കുകയാണ് ഇപ്പോൾ.
ഏതുതരത്തിലുള്ള സഹായമാണ് നൽകേണ്ടത് എന്നതിനെ കുറിച്ച് ധാരണയിലെത്തിയിട്ടില്ലെങ്കിലും, താലിബാന്റെ അഭ്യർത്ഥന മാനിച്ച് സഹായം എത്തിക്കുകയാണ് എന്നാണ് ഖത്തർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ആശയക്കുഴപ്പങ്ങൾ നിറഞ്ഞ, സമാനതകളില്ലാത്ത ഒരു രക്ഷാ പ്രവർത്തനത്തിൽ 1,23,000 വിദേശികളാണ് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ടത്. എന്നിട്ടും നിരവധിപേർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. വിമാനത്തിൽ ഇടം കണ്ടെത്താനാവാതെ പോയ നൂറുകണക്കിന് വിദേശികളും, പല വിദേശരാജ്യങ്ങളിലും അഭയം ലഭിച്ചിട്ടും അഫ്ഗാൻ വിടാൻ കഴിയാതെപോയ തദ്ദേശിയരും ഇക്കൂട്ടത്തിലുണ്ട്.
തികച്ചും പ്രതീക്ഷിക്കാതെയാണ് താലിബാന്റെ കൈകളിൽ അധികാരം വന്നെത്തിയത്. ഇത് ഇന്ന് അഫ്ഗാനിസ്ഥാനെ വലിയൊരു പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇതുവരെ ഔപചാരികമായ ഒരു സർക്കാർ രൂപീകരിക്കാൻ കൂടി ഇവർക്കായിട്ടില്ല. കരുതൽ ധനം കുറഞ്ഞുകുറഞ്ഞു വരുന്നു. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താനാകാതെ കുതിച്ചുയരുകയാണ്. വൈദഗ്ദ്യം നേടിയ തൊഴിലാളികൾ രാജ്യം വിട്ട് ഓടുമ്പോൾ, സമ്പദ്ഘടന തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു.
വിവിധ വിദേശരാജ്യങ്ങളിലെ ബാങ്കുകളിലുള്ള അഫ്ഗാൻ നിക്ഷേപങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. വിവിധ ഏജൻസികളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള സഹായധനവും നിലച്ചിരിക്കുന്നു. അത്യാവശ്യ മരുന്നുകൾ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ അഫ്ഗാനിൽ വന്നു ചേർന്നിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ചുകളും അടച്ചതോടെ വ്യക്തികൾക്കും വിദേശത്തുനിന്നും പണം സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമായിരിക്കുന്നു. ആയിരങ്ങൾ അതിർത്തികടന്ന് പാക്കിസ്ഥാനിലേക്കും ഇറാനിലേക്കും മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുമ്പോഴും ബാങ്കുകളും ആശുപത്രികളും മറ്റും പ്രവർത്തന സജ്ജമാക്കാനുള്ള തത്രപ്പാടിലാണ് ഇസ്ലാമിസ്റ്റ് ഭീകരർ.
മറുനാടന് ഡെസ്ക്