കോഴിക്കോട്: ലോക്ക്ഡൗണിൽ സംസ്ഥാനം പൂർണമായും കുടുങ്ങി കിടക്കവേ കൂടുതൽ ക്വാറികൾ തുറക്കാനുള്ള അണിയറ നീക്കം സജീവമായി. വന്യജീവി സങ്കേതങ്ങളോടു ചേർന്ന പരിസ്ഥിതി ലോല മേഖലകളിൽ പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിനെ കുറിച്ച് പഠനം നടത്തുന്നതിന് വേണ്ടി് വനംവകുപ്പ് ഉദ്യോഗസ്ഥർ പര്യടനത്തിലാണ്. സർക്കാറിന് വേണ്ടപ്പെട്ടചിലർക്ക് ക്വാറിക്ക് അനുമതി നൽകാൻ നീക്കം ശക്തമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഉദ്യോഗസ്ഥരുടെ ഊരുചുറ്റൽ.

വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ ഇതിനോടക ചർച്ചയായിട്ടുണ്ട്. കൂട്ടപ്പിരിവ് ലക്ഷ്യമിട്ടാണ് ഇവരുടെ കറക്കമെന്നാണ് ആക്ഷേപം. തിരുവനന്തപുരം മുതലുള്ള പര്യടനസംഘം ഇന്ന് കോഴിക്കോട്ടെത്തും. പിന്നാലെ വയനാട് ചുരം കയറുകയും ചെയ്യും. ക്വാറി ഉടമകളിൽ നിന്ന് തുക പിരിക്കൽ കീഴുദ്യോഗസ്ഥർ ഇതിനകം നടത്തിക്കഴിഞ്ഞെന്നും ആരോപണമുണ്ട്.

വനം ഉദ്യോഗസ്ഥർ തന്നെ വിജിലൻസിന് രഹസ്യവിവരം കൊടുത്തെങ്കിലും കോവിഡ് ഭീഷണി മൂലവും സർക്കാർ നിലവിലില്ലാത്തതിനാലും തൽക്കാലം നടപടിക്കൊന്നും സാധ്യമല്ലെന്നാണ് വിജിലൻസ് അറിയിച്ചത്. കഴിഞ്ഞ വോട്ടെടുപ്പിനു ശേഷം പിരിവിനിറങ്ങിയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വടകര യിൽ ഔദ്യോഗിക വാഹനത്തിൽ 85,000 രൂപയുമായി വിജിലൻസ് പിടികൂടിയിരുന്നു.

വനമേഖലയോടു ചേർന്ന ക്വാറികൾക്കുള്ള പ്രവർത്തനാനുമതി ഹൈക്കോടതിയുടെ സമ്മതത്തോടെ താൽക്കാലികമായിട്ടാണ് ഇലക്ഷന് മുൻപ് സർക്കാർ നീട്ടിക്കൊടുത്തിരുന്നത്. പുതിയ ക്വാറികൾക്ക് അനുമതി നൽകണമെങ്കിൽ പഠന റിപ്പോർട്ട് നൽകണം. കോഴിക്കോട് മാത്രം എട്ടു പുതിയ ക്വാറികളുടെ അപേക്ഷകളാണ് പരിഗണനയ്ക്കുള്ളത്. എന്നാൽ സംസ്ഥാനം ലോക്ഡൗണിൽ നിശ്ചലമായിരിക്കെ, ക്വാറി അപേക്ഷകൾ പരിഗണിക്കുന്നതിൽ അടിയന്തര പ്രാധാന്യം എന്താണുള്ളതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിക്കുന്നു.

ഉന്നത ഉദ്യോഗസ്ഥന്റെ സന്ദർശനത്തെ രണ്ടു വിധത്തിലാണ് വനംജീവനക്കാർ തന്നെ പരിഗണിക്കുന്നത്. വിരമിക്കുന്നതിനു മുൻപ് മലബാർ മേഖലയിലേക്കുള്ള സൗഹൃദ സന്ദർശനം എന്ന് ഒരു കൂട്ടരും റേഞ്ച് ഓഫിസുകൾ കേന്ദ്രീകരിച്ച് പിരിവാണ് ലക്ഷ്യമെന്ന് മറുകൂട്ടരും പറയുന്നു. ഹൈക്കോടതിക്ക് അടിയന്തരമായി റിപ്പോർട്ട് നൽകേണ്ടതിനാലാണ് ലോക്ഡൗൺ കണക്കിലെടുക്കാതെ പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗികവാദം.

പരിശോധനയ്ക്കായി ഉദ്യോഗസ്ഥ സംഘം കോവിഡ് കാലത്ത് എത്തുമ്പോൾ, ഒരിടത്തു മുപ്പതോളം ജീവനക്കാർ കൂട്ടം കൂടേണ്ട അവസ്ഥയുണ്ടാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വനം വകുപ്പിലെ 171 ജീവനക്കാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാറ ക്വാറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന പ്രഹസനമായതോടെ സംസ്ഥാനത്തെ ക്വാറികളിൽ അനധികൃത ഖനനം പൊടിപൊടിക്കുന്ന അവസ്ഥയാണുള്ളത്.

പെർമിറ്റ് ഉള്ളതും ഇല്ലാത്തതുമായ 800 ലധികം ക്വാറികളിലാണ് അതിരാവിലെ ഖനനം. അനധികൃത ഖനനം സംബന്ധിച്ച് 6 മാസം മുൻപു വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതി പൂഴ്‌ത്തിയതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നായിരുന്നു മിന്നൽ പരിശോധന. ക്വാറി ഉടമകൾക്കെതിരെ മാത്രമല്ല, അനധികൃത പാറ പൊട്ടിക്കലിന് ഒത്താശ ചെയ്യുന്ന ജിയോളജി, പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്കു ശുപാർശ ചെയ്തില്ല. ഹൈക്കോടതി വിധി ലംഘിച്ചാണു ദിവസേന കോടികളുടെ പാറ പൊട്ടിച്ചെടുക്കുന്നത്.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുള്ളതിനേക്കാൾ കൂടുതൽ അളവിൽ പാറ ഖനനം നടത്തുന്നതായും ഇ-പാസില്ലാതെ വരുന്ന വാഹനങ്ങൾക്ക് ജിഎസ്ടി ബിൽ നൽകാതെ ക്വാറി ഉടമകൾ വിൽക്കുന്നതായും വിജിലൻസ് കണ്ടെത്തി. ക്വാറി ഉടമകൾ ലൈസൻസ് പുതുക്കലിന് അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പൊട്ടിച്ചെടുക്കേണ്ട പാറയുടെ വിവരങ്ങൾ പരിശോധിച്ച് അനധികൃത ഖനനം കണ്ടെത്താം. എന്നാൽ മൈനിങ് ആൻഡ് ജിയോളജി ഉദ്ദ്യോഗസ്ഥർ അതു പരിശോധിക്കാതെ നിസാര ഫൈൻ ക്വാറി ഉടമകളിൽനിന്ന് ഈടാക്കി ഖനനം തുടരാൻ അനുവദിക്കുന്നു.