- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി ചോദിക്കാനെന്ന വ്യാജേനെ എഴുപതുകാരിയെ സമീപിച്ചത് മാല പൊട്ടിക്കാൻ; വയോധിക തെല്ലും വിട്ടു കൊടുക്കാതിരുന്നപ്പോൾ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് മാലയുടെ കിട്ടിയ കഷണവുമായി മോഷ്ടാവ് ഓടി; കുറ്റിക്കാട്ടിൽ നിന്ന് കള്ളനെ പിടിച്ചു: രാധാമണിയമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ച് പൊലീസും നാട്ടുകാരും
പത്തനംതിട്ട: വഴി ചോദിക്കാനെന്ന വ്യാജേനെ സമീപിച്ച് മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച കള്ളനെ മൽപ്പിടുത്തത്തിനിടെ എഴുപതുകാരി ബൈക്കിൽ നിന്ന് തള്ളിത്താഴെയിട്ടു. ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് മാലയുടെ ചെറിയ കഷണവുമായി മുങ്ങിയ കവർച്ചക്കാരനെ തൊട്ടടുത്ത കാട്ടിൽ നിന്നും മൂന്നു മണിക്കൂറിനൊടുവിൽ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടിൽ ബിനു തോമസ് (30) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 11 ന് എഴുമറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. തെള്ളിയൂർ അനിതാ നിവാസിൽ രാധാമണിയമ്മയുടെ (70) മാലയാണ് പൊട്ടിച്ചത്. ബാങ്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ രാധാമണിയമ്മയുടെ സമീപം ബിനു വഴി ചോദിക്കാനെന്ന വ്യാജേനെയാണ് എത്തിയത്. വഴി പറയുന്നതിനിടെ മോഷ്ടാവ് മാല പറിച്ചെടുത്തെങ്കിലും രാധാമണിയമ്മ മനോധൈര്യം കൈവിട്ടില്ല. പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവർ മൽപ്പിടുത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലം പതിച്ചു. രക്ഷയില്ലെന്ന് വന്നപ്പോൾ വാഹനവും ഹെൽമെറ്റും ഉപേക്ഷിച്ച് മാലയുടെ കുറെ ഭാഗവുമായി ബിനു കടന്നു കളയുകയായിയിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്ന് മണിക്കൂറിന് ശേഷം പ്രതി സംഭവസ്ഥലത്തിന് സമീപം നിന്ന് പിടിയിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിരവധി മോഷണ, പിടിച്ചു പറി കേസുകളിൽ പ്രതിയാണ് ബിനു. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നത് ആണ് ഇയാളുടെ രീതി. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അപകടത്തിൽപ്പെട്ടു വന്നയാളുടെ ആഭരണം മോഷ്ടിച്ചതിന് അടുത്ത കാലത്ത് അറസ്റ്റിലായിരുന്നു.
മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിൽ എത്തി റിട്ട. ടീച്ചറെ ആക്രമിച്ച് പരുക്കേൽപ്പിച്ച് മൂന്നു പവൻ മാല കവർച്ച, മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം വീട്ടിൽ നിന്ന സ്ത്രീയെ ആക്രമിച്ച് മാല കവർച്ച, നിന്നും ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകൾ ഇപ്പോൾ പേരിലുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പല ഭാഗത്ത്്നിന്നും ബൈക്ക് മോഷണങ്ങളും അനവധി നടത്തിയിട്ടുണ്ട്. 2014 ൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട. ഐബി ഉദ്യോഗസ്ഥന്റെ വീട്ടിൽ പകൽ സമയം വെള്ളം ചോദിച്ച് എത്തി അകത്ത് കയറി ഗൃഹനാഥനേയും ഭാര്യയെയും ക്രൂരമായി മർദിച്ച ശേഷം കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലും പ്രതിയാണ്.
ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം ആളുകളെ മാരകമായി ഉപദ്രവിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് ഇയാൾ പിടിയിലായത്.
കോയിപ്രം എസ്എച്ച്ഓ ഡി ഗോപി, എസ്ഐ ബൈജു, എഎസ്ഐ. ആർ. അജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാത്യു, ജീവൻ ദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ ഗോപി, അഖിലേഷ്, മനോജ്, സുജിത് കുമാർ, വിമൽ, പരശുറാം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബിനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്