- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂത്തമകൻ ഹോമിയോ ഡോക്ടർ; മകൾ അലോപ്പതി ഡോക്ടർ; ഇളയമകൻ ആയുർവേദ ചികിൽസകൻ; വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്തും വന്യമൃഗ ഭീഷണി വകവയ്ക്കാതേയും മണ്ണിൽ പൊന്നുവിളിയിച്ച ആദിവാസി; മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവർക്ക് മറുപടിയായി എല്ലാവരേയും ഡോക്ടറാക്കി; കുട്ടമ്പുഴ ഇളംബ്ലാശേരിയിലെ രാഘവനും പുഷ്പയും സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ
കോതമംഗലം: പ്രതികൂല ജീവിത സാഹചര്യങ്ങളോടുപൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്, വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ അധ്വാനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും ചേർത്തുവച്ച സമ്പാദ്യം കൊണ്ട് ഇവർ മക്കൾ മൂന്നുപേരെയും ഡോക്ടർമാരാക്കി. അതും മൂന്ന് ചികത്സാ ശാഖകളിൽ.
മക്കളിലൊരാളെയെങ്കിലും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ പരിഷ്കൃത സമൂഹത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും പെടാപ്പാടുപെടുമ്പോഴാണ്് സ്വപ്നം കാണാൻ മാത്രം കഴിഞ്ഞിരുന്ന ഈ നേട്ടം കാടിന്റെ മക്കളായ ഇവർ സ്വന്തമാക്കിയിരിക്കുന്നത്. അനുഭവിച്ച കഷ്ടപ്പാടുകൾക്കും ഒഴുക്കിയ കണ്ണീരിനും ദൈവം നൽകിയ പ്രതിഫലമാണ് ഇത്.മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവരും ആക്ഷേപിച്ചവരുമുണ്ട്.ഇതുവരെ എത്തിക്കാൻ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്.പിന്നിട്ട 20 വർഷം വെല്ലുവിളകൾ നിറഞ്ഞതായിരുന്നു.
ഇട്ടുമാറാൻ വസ്ത്രമില്ലാതെ,വിശപ്പകറ്റാൻ ഭക്ഷമില്ലാതെ കഴിയേണ്ടിവന്നിട്ടുണ്ട്. ജീവിതം സമ്മാനിച്ച തിരിച്ചറിവുകൾ വളരെ വലുതാണ്.ഒന്നിലും തളരാത്ത മനസ്സായിരുന്നു മുതൽക്കൂട്ട്.അതിപ്പോഴുമുണ്ട്.രാഘവനും പുഷ്പയും ഒരേസ്വരത്തിൽ പറയുന്നു. മൂത്തമകൻ പ്രതീപ്് ഹോമിയോയിലും സഹോദരി സൂര്യ അലോപ്പതിയിലും ഇളയമകൻ സന്ദീപിന് ആയുർവ്വേദത്തിലുമാണ് പ്രവിണ്യം നേടിയിരിക്കുന്നത്.പ്രിതീപ് എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ്.
സൂര്യ കാഞ്ഞങ്ങാട് ചിറ്റാരിക്കൽ പി എച്ച് സിയിൽ അസിസ്റ്റ്റ്റന്റ് സർജ്ജനായും സന്ദീപ് പരിയാരം ആയുർവ്വേദ മെഡിയിക്കൽ കോളേജിൽ ഹൗസർജ്ജനായും സേവനമനുഷ്ടിച്ചുവരികയാണ്.ഇതിൽ പ്രതീപും സൂര്യയും വിവാഹതരാണ്.പ്രതീപിന്റെ ഭാര്യ നിത്യയും സുര്യയുടെ ഭർത്താവ് സന്ദീപും ഡോക്ടർമാരാണ്.നിത്യ ഇപ്പോൾ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ എം ഡിക്കുചേർന്നിട്ടുണ്ട്.ദന്തിസ്റ്റായ സന്ദീപ് ചെറുപുഴയിൽ സ്വന്തമായി ക്ലീനിക് നടത്തിവരികയാണ്.ഇതോടെ മക്കളും മരുമക്കളുമായി ഇവരുടെ കുടുംബത്തിൽ ഡോക്ടർമാരുടെ എണ്ണം അഞ്ചായി.
വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ അടുത്തകാലത്ത് രാഘവൻ-പുഷ്പ ദമ്പതികളുടെ ജീവിത വിജയം സമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.ഇത് വൈറലാവുകയും പിന്നീട് പലരും തങ്ങളുടേതായ കൂട്ടിച്ചേർക്കൽ നടത്തി ആഘോഷമാക്കുകയുമായിരുന്നു.എന്നാൽ കാടുതാണ്ടി തങ്ങളുടെ അടുത്ത് നേരിട്ടെത്തി,ജീവിതം അറിഞ്ഞവർ വിവരലിലെണ്ണാവുന്നർ പോലുമില്ലന്നും അനുഭവിച്ചതിന്റെ ഒരംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇരുവരും മറുനാടനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കുട്ടമ്പുഴ ഇളംബ്ലാശേരി ആദിവാസിക്കുടിയിലെ അന്തേവാസികളാണിവർ.വിവാഹം മുതൽ ഇങ്ങോട്ടുള്ള ജീവിതം,മക്കളുടെ പഠനം ,നേരിട്ട വെല്ലുവിളികൾ,സഹായഹസ്തങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇവർ ഇരുവരും മറുനാടനോട് വിശദമാക്കി.അനുഭവിച്ച കഷ്ടപ്പാടിന്റെ നേർസാക്ഷ്യമായിരുന്നു ഇത്.കല്ലും മുള്ളും നിറഞ്ഞ അതിജീവന വഴിയിലെ അനുഭങ്ങളെക്കുറിച്ച ഇവരുടെ വെളിപ്പെടുത്തലുകൾ ഇങ്ങിനെ.
സ്കൂളിൽപ്പോയിരുന്നത് ഒരു നേരത്തെ വിശപ്പടക്കാൻ
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയായിരുന്നു രാഘവന്റെ ജന്മസ്ഥലം. ഇല്ലായ്മകളുടെ നടുവിലൂടെയാണ് ബാല്യകാലം പിന്നിട്ടത്. ഒരു നേരത്തെ ഭക്ഷണം പ്രതീക്ഷിച്ചാണ് അന്ന് കോളനിയിലെ കൂട്ടികൾ ഏകാധ്യാപക സ്കൂളികളിൽ എത്തിയിരുന്നത്. പഠിപ്പ് ഒരു ഘടകമായി കണക്കുകൂട്ടാത്ത കാലമായിരുന്നു അത്. തോർത്തുമുണ്ട് മാത്രമാണ് വേഷം. ഇതും ഒരെണ്ണമെയുള്ളു. സ്കൂളിൽ നിന്നു വന്നാൽ ഇത് മാറിയിടണം. പിന്നെ വീട്ടിൽ ആരുടെയെങ്കിലും കീറിയ ലുങ്കിയുടെ ഒരുഭാഗമാണ് നാണം മറയ്ക്കാനുണ്ടായിരുന്നത്. 5-ാം ക്ലാസ്സിലേയ്ക്കായതോടെ കോളനിയിൽ നിന്നും 10 കുട്ടികളെ പുറത്ത് സ്കൂളിൽ വിട്ട പഠിപ്പിക്കാൻ നാട്ടുകാരും പഞ്ചായത്തുമെല്ലാം ചേർന്ന് തീരുമാനിച്ചു.ഇതിൽ രാഘവനും ഉൾപ്പെട്ടിരുന്നു.
മറ്റുള്ളവരെല്ലാം ഇടയ്ക്ക് പഠനം നിർത്തി.എന്നാൽ 10-ാം ക്ലാസ്സുകഴിഞ്ഞുമാത്രമെ കുടിയിലേയ്ക്കുള്ളു എന്ന ഉറച്ചനിലപാടുമായി രാഘവൻ പഠനം തുടർന്നു.അങ്ങിനെ ഏറെ പ്രതീക്ഷയോടെ എസ് എസ് എൽ സി പരീക്ഷയെഴുതി. പക്ഷേ തോറ്റുപോയി. പിന്നെയും പഠിച്ച് പരീക്ഷയെഴുതണമെന്നുണ്ടായിരുന്നെങ്കിലും വീട്ടിലെ ജീവിത സാഹചര്യം മോശമായതിനാൽ കഴിഞ്ഞില്ല.പിന്നീട് വർഷങ്ങളോളം കൂലിപ്പണിയുമായി കഴിഞ്ഞു.ഇതിനിടയിൽ പരിചയപ്പെട്ട പുഷ്പയുമായി വിവാഹവും കഴിഞ്ഞു.
വിവാഹത്തോടെ വീട്ടിൽ നിന്നും പുറത്തായി. ഊരാളി സമുദായ അംഗമായിരുന്ന രാഘവൻ മുതുവ സമുദായ അംഗമായിരുന്ന പുഷ്പയെ വിവാഹം ചെയ്തത് സമുദായ ആചാരങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു ഇതിന് കാരണം. മാതാപിതാക്കൾ വിവാഹത്തെ അനുകൂലിച്ചിരുന്നെങ്കിലുംകൂട്ടത്തിലെ തലമുതിർന്നവരിലെറെയും ഒറ്റക്കെട്ടായി എതിർത്തു.അങ്ങിനെ ഊരുവിലക്കും പ്രാബല്യത്തിലായി.പിന്നെ എളംബ്ലാശേരിയിലെ പുഷ്പയുടെ വീട്ടിലായി താമസം.
ഏതാനുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യവീട്ടിലെ താമസം അത്രസുഖമുള്ള ഏർപ്പാടല്ലന്ന് രാഘവന് തോന്നി.പുഷ്പയുടെ വീടിന്റെ തൊട്ടടുത്തുതന്നെ ഒരു കുടിൽക്കെട്ടി താമസം അങ്ങോട്ടുമാറി.അവിടെയാണ് ഇന്ന് ഡോക്ടർമാരായി മാറിയ മൂന്നുമക്കളും കളിച്ചുവളർന്നത്.
രാവിലെ 6 മണിമുതൽ 8 വരെ വീട്ടിലെ പറമ്പിൽകൃഷിപ്പണി.8 മണി മുതൽ 2 മണിവരെ കിട്ടുന്ന കൂലിപ്പണിക്കുപോകും.100 രൂപ കിട്ടും.ഇതിനുശേഷം മാവിന്റെയും പ്ലാവിന്റെയുമൊക്കെ കൊമ്പിറക്കാൻ പോകും.അപ്പോഴും കിട്ടും 100 രൂപ.
പിന്നെയുള്ള സമയത്ത് കട്ടയോ ചുടിഷ്ടികയോ സിമന്റോ ഒക്കെ ചുമക്കാൻ പോകും.50 നൂറുമൊക്കെ ഇതിനും കിട്ടും.രാത്രിയായൽ പനമ്പുനെയ്യാൻ തുടങ്ങും.11 മണിയോടെ 2 എണ്ണം തീരും.ഇതിന് 40 രൂപ കിട്ടും.ഇതിൽ നിന്നും ഒരു വിഹിതം കൂടി മക്കളുടെ പഠിപ്പിനായി മാറ്റിവയ്ക്കും.മക്കളുടെ പഠനകാലത്ത് ഒരുദിവസത്തെ ഈ ദമ്പതികളുടെ ജീവിതക്രമം ഇതായിരുന്നു.10 വർഷത്തോളം ഏതാണ്ടിങ്ങിനെ തന്നെയായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്.
കാട്ടിൽ നൂറിമേനി വിളയിച്ച് മുന്നേറ്റം
ഇപ്പോൾ താമസിക്കുന്ന സ്ഥലം അന്ന് കാടായിരുന്നു.അത് ഇന്നുകാണുന്ന കൃഷിഭൂമിയാക്കി മാറ്റാൻ വർഷങ്ങളുടെ അദ്ധ്വാനം വേണ്ടിവന്നു.പുലർച്ചെ വെട്ടം വീഴുമ്പോൾ ഇരുവരും കൂടി സ്വന്തം പുരയിടത്തിൽ കൃഷിപ്പണിക്കിറങ്ങും.8 മണിയോടെ ഇവർ സമീപസ്ഥലങ്ങളിൽ കൂലപ്പണിക്കുപോകും.2 മണിവരെ നീളുന്ന കൂലിപ്പണിക്കുശേഷം രാഘവൻ വെകിട്ട് 6 മണിവരെ കിട്ടുന്ന ചെറിയ ചെറിയ പണികൾക്കും പോകും.
പിന്നെ വീട്ടിലെത്തിയാൽ 2 പനമ്പുകൂടി നെയ്തുപൂർത്തിയാക്കിയിട്ടെ ഇവർ ഉറങ്ങാറുള്ളു.മക്കളുടെ പഠനത്തിനുള്ള തുക ഒപ്പിക്കാൻ വയറുചുരുക്കി,ഇല്ലായ്മകളോട് പടവെട്ടിയാണ് ഒരു ദശാബ്ദത്തോളം ഇവർ കഴിഞ്ഞത്. കാപ്പിയുടെ ഇലവെട്ടിയെടുത്ത് ,അത് പാത്രത്തിലിട്ട് അടുപ്പിൽവച്ച് ചൂടാക്കി അരച്ചുപൊടിയാക്കി ഇതിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്.വല്ലപ്പോഴും കാട്ടുകിഴങ്ങുകുത്താൻ പോകും.എന്തെങ്കിലും കിട്ടിയാൽ കഴിക്കും.ഇതിനിടയിൽ കുട്ടികളെയും കൊണ്ട് ചികത്സയ്ക്കായും പോകണം.കോതമംഗലത്താണ് അന്ന് ആശുപത്രിയുള്ളത്.എളംബ്ലാശേരിയിൽ നിന്നും 10 കിലോമീറ്ററോളം പിന്നിട്ട് 6-ാം മൈലിലെത്തി ബസുകയറിവേണം കോതമംഗലത്തെത്താൻ.മൂന്നുമക്കളെയും മാറാപ്പുക്കെട്ടി പുറത്തും നെഞ്ചത്തുമൊക്കെയായി തൂക്കും.എന്നിട്ട് പുഷ്പയുടെ കൈയും പിടിച്ച് 6-ാം മൈൽ വരെ ആനയിറങ്ങുന്ന കാട്ടിൽക്കൂടി നടക്കും.രാത്രിയിലും ഇങ്ങിനെ പോകേണ്ടിവന്നിട്ടുണ്ട്.കോതമംഗലം ധർമ്മഗിരി ആശുപത്രിയിലാണ് കൂടുതലും പോയിട്ടുള്ളത്.അവിടെയുള്ളവർക്ക് ഞങ്ങളോട് വലിയ സ്നേഹമായിരുന്നു.ഭക്ഷണമൊക്കെ തരും.ഒത്തിരി പൈസയൊന്നും വാങ്ങില്ലായിരുന്നു..
പ്രസവിച്ച് 28 ദിവസമായപ്പോൾ മകൾ സൂര്യക്ക് പനിവന്നു.കണ്ണുതുറക്കാതെ ,മുലകുടിക്കാതെ ദിവസങ്ങളോളം അവൾ ആശുപത്രിയിൽക്കിടന്നു.ജീവനോടെ തിരിച്ചുകിട്ടുമോ എന്നുപോലും ഭയപ്പെട്ടുപോയി.രക്ഷിച്ചെടുക്കാൻ കഴിയുമെന്നുള്ള ഉറപ്പ് നൽകാൻ ഡോക്ടറും തയ്യാറായില്ല.പഠിച്ചതെല്ലാം നോക്കാമെന്ന ഡോക്ടറുടെ ഉറപ്പിൽ മാത്രമായിരുന്നു പ്രതീക്ഷ.ഒടുവിൽ അവളെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.ആ ഡോക്ടറോടും അവിടുത്തെ ആളുകളോടും എത്ര നന്ദിപറഞ്ഞാലും തീരില്ല.ഉടുത്തിരുന്നതല്ലാതെ മാറ്റിയുടുക്കാൻ ഒരുണിപോലും അന്ന് കൈയിലുണ്ടായിരുന്നില്ല.
ഒരാൾക്ക് അസുഖം മാറി വീട്ടിൽ വന്ന് ,അടുപ്പ് കത്തിച്ച് വിശപ്പിനെന്തെങ്കിലും ഉണ്ടാക്കാൻ തുടങ്ങുമ്പോഴായിരിക്കും അടുത്തയാൾക്ക് അസുഖം തുടങ്ങുക.പിന്നെ അടുപ്പിൽ നിന്നും പാത്രം വാങ്ങിവച്ച് ആശുപത്രിയിലേയ്ക്ക് ഓട്ടമാണ്.മക്കളുടെ ബാല്യംകാലം പിന്നിട്ടതോടെയാണ് ഇത്തരത്തിൽ അടിക്കടിയുള്ള ഓട്ടത്തിന് ശമനമായത്.ഏക അദ്ധ്യാപക സ്കൂളുകളിലായിരുന്നു മൂന്നുമക്കളും 4-ാം ക്ലാസ്സ് വരെ പഠിച്ചത്.പിന്നീട് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തിൽ കോളനിക്ക് പുറത്തുള്ള സ്്കൂളുകളിലേയ്ക്ക് മാറ്റി.
മൂത്തമകൻ പ്രതീപ് പ്ലസ്സ്ടുവിന് പഠിച്ചത് വയനാടാട്ടിലെ പട്ടിക ജാതിക്കാർക്കുള്ള സർക്കാർ വക പഠന കേന്ദ്രത്തിലായിരുന്നു.ഇവിടെ പഠിപ്പിക്കാൻ വേണ്ട അദ്ധ്യാപകർ പോലുമില്ലായിരുന്നു.കൂടുതലും സ്വയം പഠനം.പരിക്ഷയുടെ റിസൽട്ടുവന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്കുണ്ടായിരുന്നു.തുടർന്ന് മെഡിക്കൽ എൻട്രൻസ് എഴുതിയപ്പോൾ വിജയിച്ചു.അങ്ങിനെ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ പഠനത്തിന് അവസരമൊരുങ്ങി.എം ഡി യിൽ പഠനം പൂർത്തിയാക്കിയതും ഇവിടെ നിന്നാണ്.
പ്രതീപ് വയനാട് പഠിച്ചിരുന്നപ്പോഴായിരുന്നു കൂടുതൽ കഷ്ടപ്പാടികൾ അനുഭവിച്ചത്.രാവിലെ കോതമംഗലത്തെത്തി അവനെ ബസ്സ് കയറ്റി വിടും.പിന്നെ ഇവിടെ കാത്തിരിക്കും.അവൻ അവിടെ ഇറങ്ങിയെന്ന് ഫോൺവിളിയെത്തുന്നതുവരെ.കോളനിയിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നില്ല.കോതമംഗലത്തെ കടയിലെ ഫോൺനമ്പറിലേയ്ക്കായിരുന്നു കോളെത്തിയിരുന്നത്.വീട്ടിൽ നിന്നിറങ്ങിയാൽ ഒരു ചായകുടിക്കും.കടിവാങ്ങാൻ പണമുണ്ടാവാറില്ല.രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രിയായാമ്പുഴോ പിന്നേന്ന് പുലർച്ചയോ ഒക്കെയാണ് വീട്ടിലെത്തുക.
മകൾ പരീക്ഷയെഴുതിയത് പൊലീസ് കാവലിൽ
സുര്യയെ 5-ാംക്ലാസ്സുമുതൽ പൈനാവ് ട്രൈബൽ മോഡൽ ഹൈസ്കൂളിലാണ് പഠിപ്പിച്ചത്.10-ാം ക്ലാസ്സ് പരീക്ഷ സമയത്തുവന്ന ചൂടുപനി വല്ലാതെ വിഷമിപ്പിച്ചു.ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോഴാണ് ചൂടുപനിയുടെ കുരുക്കൾ പൊങ്ങിയത്.ഇതോടെ പരീക്ഷ എഴുതിക്കില്ലന്നും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകണമെന്നുമായി സ്കൂൾ അധികൃതർ.എന്നാൽ പരീക്ഷയെഴുതാതെ വീട്ടിലേയ്ക്ക് പോകില്ലന്നായിരുന്നു സൂര്യയുടെ നിലപാട്.ഇതോടെ കക്കൂസ് സ്ഥിതി ചെയ്തിരുന്നതിനടുത്ത് പ്രത്യേക സൗകര്യമൊരുക്കി സ്കൂൾ അധികൃതർ അവൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കി.ഒരു അദ്ധ്യാപികയും പൊലീസും പരീക്ഷയുടെ സമയത്ത് കാവൽ നിന്നിരുന്നു.ആദിവാസി കൂട്ടികളിൽ ആ വർഷം മികച്ചവിജയം നേടിയത് അവളായിരുന്നു.ഇതുസംബന്ധിച്ച് സ്കൂളുകാർ പത്രങ്ങൾക്ക് വിവരം നൽകി.ഇതുകണ്ട് സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ച് പാലാ ബ്രില്യാൻസിലെ സന്തോഷ് സാർ ഞങ്ങളുമായി സംസാരിച്ചു.
ചേർപ്പുങ്കലെ സ്കൂളിൽ നിർത്തി പ്ലസ്സടുവിന് പഠിപ്പിതും എൻട്രൻസ് കോച്ചിംഗിനായി വേണ്ടതെല്ലാം പറഞ്ഞുകൊടുത്ത് ചെയ്യിച്ചതുമെല്ലാം അദ്ദേഹമാണ്്.രണ്ടാം വട്ടം എൻട്രൻസ് എഴുതിയപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ ലഭിക്കുന്നത്.ഇവിടെ നിന്നും പഠിച്ചിറങ്ങിയപ്പോൾ ചെറിയ സ്ഥാപനങ്ങളിൽ ജോലിക്ക് അവസരം വന്നെങ്കിലും വേണ്ടെന്നുവച്ചു.എം ഡിക്കുചേരാൻ പറഞ്ഞപ്പോൾ പണത്തിനൊക്കെ ബുദ്ധിമുട്ടല്ലെ എന്നും പറഞ്ഞ് അവൾ മടിച്ചു.കുഴപ്പമില്ലന്നും അവസരമുള്ളപ്പോൾ പഠിക്കണമെന്നും പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം ഡി കരസ്ഥമാക്കി.സന്ദീപ് 5-ാം ക്ലാസ്സുമുതൽ നേര്യമംഗലം നവോദയ സ്കൂളിലാണ് പഠിച്ചത്.പ്ലസ്സടുവിന് കിട്ടിയത് കോതമംഗലം സെന്റ്ജോർജ്ജിലായിരുന്നു.എൻട്രൻസ് എഴുതിയപ്പോൾ പരിയാരം ആയൂർവ്വേദ മെഡിക്കൽ കേേോളജിൽ പഠനത്തിന് അവസരമായി.
മക്കളുടെ പഠനത്തിനായി സർക്കാർ തല സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുന്നതിനും വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു.ഇടുക്കി ജില്ലയിലെ ഓഫീസുകളിൽ നിന്നാണ് കൂടുതലും ദുരനുഭവം നേരിട്ടത്.കുട്ടമ്പുഴ വില്ലേജിലെയും കോതമംഗലം താലൂക്കിലെയും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയാണ്.ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരമാവധി വേഗത്തിൽ ഇവർ നൽകി. പ്രതീപിന്റെ പഠിപ്പ് പൂർത്തിയാകാറായതോടെ സ്ഥിതി കുറച്ചൊന്നുമെച്ചപ്പെട്ടു.അവൻ പഠിച്ചിരുന്നതിന് സമീപത്തെ ചില ആശുപത്രികളിലൊക്കെ സഹായിയായി ജോലിചെയ്തിരുന്നു.300 രുപ ദിവസം കിട്ടും.അതിൽ 150 രൂപ അവൻ മാറ്റിവയ്ക്കും.ഇത് കൂട്ടിവച്ച് അവൻ കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന സൂര്യയ്ക്ക് അയച്ചുകൊടുക്കും.ഭാര്യവീട്ടിൽ നിന്നും താമസം മാറി ,പൂതിയ വീടുവച്ച് താമസിച്ചുതുടങ്ങിയ ശേഷമുള്ള ആദ്യത്തെ 10 വർഷമായിരുന്നു കൂടുതൽ കഷ്ടപ്പാടുകൾ നേരിട്ടത്.
പിന്നെ സർക്കാർ വച്ചുതന്ന റബ്ബർവെട്ടാറായി.സാധാരണപോലെയായിരുന്നില്ല കറയെടുത്തിരുന്നത്.മഴയില്ലാത്ത സമയത്ത് ദിവസത്തിൽ രണ്ടും മൂന്നും തവണയൊക്കെ കറയെടുക്കാറുണ്ട്.അന്ന് റബ്ബറിന് നല്ലവിലയായിരുന്നു.ആവശ്യങ്ങൾ കൂടുതലും.അങ്ങിനെ ആ റബ്ബർ മരങ്ങൾവെട്ടി വെട്ടി നശിപ്പിച്ചു എന്നുതന്നെ പറയാം.ഈ സമയത്തുതന്നെ ലോണെടുത്ത് പശുവിനെയും വാങ്ങി.പാൽ വിറ്റ് കിട്ടുന്നതുക കൂടി വരുമാനത്തിന്റെ ഭാഗമായി.ഇതിനിടയിലാണ് ഇപ്പോൾ താമസിക്കുന്ന വീട് പണി ആരംഭിക്കുന്നത്.ഇന്നത്തെ രൂപത്തിലാക്കാൻ 6 വർഷം വേണ്ടിവന്നു.ഫോൺ ചെയ്യാനോ ടീവി ഓൺചെയ്യാനോ ഒന്നും ഇപ്പോഴും അറിയില്ല.ഇവൾ ഇല്ലെങ്കിൽ ആയൽക്കാർ ആരെയെങ്കിലും വിളിച്ചാണ് ഗ്യാസ് സ്റ്റൗകത്തിക്കുന്നത്.രാഘവൻ പറഞ്ഞു.
സർക്കാർ സഹായം പേരിനുമാത്രം
വീട് പണിയാൻ ഒന്നരലക്ഷം രൂപ ലഭിച്ചതൊഴിച്ചാൽ ഇതുവരെയുള്ള ജീവിതത്തിൽ സർക്കാരിൽ നിന്നും കാര്യമായ സാമ്പത്തീക സഹായം ലഭിച്ചിട്ടില്ല.ഇപ്പോഴും കൃഷിപ്പണിയുണ്ട്.രണ്ടേക്കറോളം വരുന്ന പുരയിടത്തിൽ ഒട്ടുമിക്ക ഇനം വിളകളുമുണ്ട്.പന്നി ശല്യമാണ് ഇപ്പോഴത്തെ വെല്ലുവിളി.ഇതുകാരണം വീട്ടിൽ നിന്നും കുറച്ചുമാറി നിർമ്മിച്ചിട്ടുള്ള ഈറ്റയോല ഷെഡ്ഡിലാണ് കഴിഞ്ഞ ഒന്നരവർഷത്തോളമായി രാത്രി കഴിച്ചുകൂട്ടുന്നത്.ഓറഞ്ച് ,മുന്തിരി,റമ്പൂട്ടാൻ,വിവിധ ഇനം പേരകൾ തുടങ്ങി നിരവധി ഇനം പഴച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.പടുതകുളത്തിൽ മീൻവളർത്തലുമുണ്ട്.സിലോപ്പി,പിരാന എന്നിവയാണ് കൂടുതലും.മക്കളുടെ കൂട്ടുകാരാരെങ്കിലും വരുമ്പോൾ നല്ലമീൻ കഴിക്കണമെന്നുപറഞ്ഞാൽ ഇതിൽ രണ്ടോ മൂന്നോ എണ്ണത്തിനെ പിടിച്ച് കറിയാക്കും.പുറത്ത് ആർക്കും കൊടുക്കാറില്ല.
മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിന്റെ രണ്ടേക്കറോളം സ്ഥലത്ത് പങ്കുചേർന്ന് കരനെൽകൃഷിയിറക്കിയിട്ടുണ്ട്.4 മാസം കഴിയാനുള്ള അരി ഇതിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.അന്യം നിന്നുപോകുന്ന ഈ കൃഷിരീതി പരിപാലിച്ചുകൊണ്ടുപോകാനാണ് ആഗ്രഹം.സർക്കാർ തലത്തിൽ നല്ല കർഷകയ്ക്കുള്ള ബഹുമതി പുഷ്പയ്ക്ക് ലഭിച്ചിട്ടുണ്ട്.മക്കൾക്ക് ലഭിക്കുന്ന ആദരവും പരിഗണനയുമാണ് ഏറ്റവും സന്തോഷമുള്ള കാര്യം.
മൂത്തകൻ പ്രതീപിന്റെ മകൾ 4 വയസ്സുകാരി ദിയയുടെ 'ഓൺലൈൻ ക്ലാസ്സ' പകരുന്ന സന്തോഷം ചെറുതല്ല.അവൾ പഠിക്കതുന്നതൊക്കെ വിളിക്കുമ്പോൾ ഞങ്ങളെയും പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ..ഇതുകാണുമ്പോൾ വലിയ സന്തോഷമാണ്.കൃഷിപ്പണിയുമായി കഴിയാവുന്നിടത്തോളം നാൾ ജീവിക്കണം,വെറുതെയിരുന്നാൽ വല്ല അസുഖവും വരും.ഭാവിജിവിതത്തെക്കുറിച്ച് ഇരുവരും നയം വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.