കണ്ണൂർ:പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയിൽവേ പാത പദ്ധതിക്കെതിരെ സി.പി. എം അനുകൂല സംഘടനയായ ശാസ്ത്രസാഹിത്യപരിഷത്തും സി. പി. ഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും രംഗത്തെത്തുമ്പോൾ വിവാദം പുതിയ തലത്തിൽ. ഈ പദ്ധതിക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര.

സിൽവർ ലൈൻ റെയിൽപദ്ധിയുൾപ്പെടെയുള്ളവയ്ക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് പോകുന്നതിനിടെ തന്നെ ഇരുസംഘടനകളും ഈക്കാര്യത്തിൽ തങ്ങളുടെ മുറുമുറുപ്പ് തുടങ്ങിയിരുന്നു. മോദി നേരിൽ കണ്ട് ഇക്കാര്യങ്ങൾ ആവശ്യപ്പെടും. എന്നാൽ ഇത് അനാവ്യ പദ്ധതിയാണെന്നാണ് ഇടത് സംഘടനകളുടെ പൊതു നിലപാട്. ഈ പദ്ധതിയെ സിപിഐ എതിർക്കുമോ എന്ന സംശയവും സജീവമാണ്.

സമൂഹത്തിലെ ചെറിയൊരു വിഭാഗം വരുന്ന അതീവ സമ്പന്നർക്കായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന വിമർശനമാണ് ഇരു സംഘടനകളുമുയർത്തുന്നത്.വിലകൊടുത്തു വാങ്ങുന്ന ദുരന്തമെന്നാണ് ഈ വിഷയത്തിൽ യുവകലാസാഹിതി പ്രതികരിച്ചത്. ജനവിരുദ്ധമായ വികസന നയങ്ങൾ നടപ്പിലാക്കുക വഴി കേരളം മറ്റൊരു ബംഗാളായി മാറാനുള്ള സാധ്യതയ്ക്കു വഴിമരുന്നിടുമെന്ന ആശങ്കയാണ് യുവകലാസാഹിതിക്കുള്ളത്.അതിവേഗ റെയിൽപദ്ധതി ഒരിക്കലും സാധാരണക്കാർക്ക് വേണ്ടിയല്ലെന്നും ഇതുപയോഗിക്കാനുള്ള യാത്രാചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും യുവകലാസാഹിതി അവരുടെ മുഖമാസികയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സി.പി. എമ്മിന്റെ പോഷക സംഘടനയായ ശാസ്ത്ര സാഹിത്യപരിഷത്ത് വിമർശനം മൃദുസ്വരത്തിലൂടെയാണ് നടത്തുന്നതെങ്കിലും പദ്ധതിയെ കുറിച്ചുള്ള ആശങ്ക അവരും പങ്കുവയ്ക്കുന്നുണ്ട്.അതിവേഗ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പദ്ധതി രേഖയും പൊതുജന ചർച്ചയ്ക്കു ലഭ്യമാക്കണമെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അതുവരെ നിർത്തിവയ്ക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

സിൽവർ ലൈനിനായി നിർമ്മിക്കുന്ന പാതയും നിലവിലെ ബ്രോഡ് ഗേജ് റെയിൽവേ പാതയും വ്യത്യസ്തമായതിനാൽ പരസ്പരം ചേർന്നു പോകുന്നതല്ലെന്നു സംസ്ഥാനന്തര യാത്രകൾക്കു ഇതു പ്രയോജനം ചെയ്യില്ലെന്നും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി മുരളീധരൻ ചൂണ്ടിക്കാട്ടി. പരിഷത്ത് പുറത്തിറക്കിയ ഡിജിറ്റൽ മാസികയിലാണ് ഈ വിഷയത്തിൽ പരിഷത്തിന്റെ എതിരഭിപ്രായം അദ്ദേഹം തുറന്നടിച്ചത്.സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കുമ്പോൾ രണ്ടുലക്ഷം കോടി രൂപ കവിയും.

ഇപ്പോൾ തന്നെ സാമ്പത്തിക കടകെണിയിലായ സംസ്ഥാനത്തിന് ഇതു താങ്ങാൻ കഴിയില്ലെന്നും പരിഷത്ത് ആശങ്കപ്പെടുന്നുണ്ട്.വൻകിട പദ്ധതികൾ നടപ്പിലാക്കുന്നതിനു പകരം നിലവിലെ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനും കാലഹരണപ്പെട്ട സിഗ്നൽ സംവിധാനം നവീകരിച്ച് മെമു ട്രെയിൻ ഓടിക്കാനുമുള്ള സംവിധാനമാണ് സർക്കാർ മുൻകൈയെടുക്കേണ്ടതെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.