കൊച്ചി: റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി.എസ്.ടി പ്ലേറ്റുകൾ മോഷണം പോയ സംഭവത്തിൽ ആർ.പി.എഫ് കള്ളക്കേസിൽ കുടുക്കിയതായി പരാതി. പ്രതികളെന്ന് പറഞ്ഞ് ആർ.പി.എഫ് പിടികൂടിയ പ്രതികൾ നിരപരാധികളെന്ന് കാട്ടി കോടതിയിൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഇതോടെ ആർ.പി.എഫ് പുലിവാലു പിടിച്ച അവസ്ഥയിലാണ്. മറ്റാരെയോ സംരക്ഷിക്കാനായി തങ്ങളെ അറസ്റ്റ് ചെയ്ത് സമൂഹത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ആർ.പി.എഫ് ഉദ്യോഗസ്ഥരെന്നും അറസ്റ്റിലായവർ മറുനാടനോട് പറഞ്ഞു.

ജൂലൈ ആദ്യവാരമാണ് എറണാകുളം പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിൽ സൂക്ഷിച്ചിരുന്ന റെയിൽ ട്രാക്ക് ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന 451 സി.എസ്.ടി-9 പ്ലേറ്റുകൾ മോഷണം പോയ സംഭവത്തിൽ തമ്മനം സ്വദേശികളായ റസാഖ് (48), കെ.കെ.നാസർ (42), ടി.കെ. സലാം (22), ജമാൽ (42) പറവൂർ സ്വദേശി ധനേഷ് (46), എന്നിവരെ ആർ.പി.എഫ് പിടികൂടുന്നത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സ്ലീപ്പറുകൾ റെയിൽവേ യാർഡിൽ നിന്നും മോഷ്ടിച്ച് കളമശേരിയിലുള്ള ജമാലിന്റെ സ്‌ക്രാപ്പ് കടയിൽ എത്തിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ, ഇതൊരു കള്ളക്കേസ് ആണെന്നും തങ്ങൾ സി.എസ്.ടി പ്ലേറ്റുകൾ മോഷ്ടിച്ചിട്ടില്ലെന്നുമാണ് കുറ്റം ചുമത്തപ്പെട്ടവർ പറയുന്നത്. റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർ.പി.എഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ജമാൽ ആരോപിക്കുന്നു. 'ജൂലൈ ഏഴാം തീയതി വൈകുന്നേരം മൂന്നു മണിയോടെയാണ് ആർ.പി.എഫുകാർ കടയിൽ വരുന്നത്. എഎസ്ഐ അജയഘോഷ് കടയിൽ കയറി വന്ന് എന്റെ പേര് വിളിച്ചു പുറത്തേക്കുകൊണ്ടു വരികയും കാരണമൊന്നും പറയാതെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. പൊന്നുരുന്നിയിലുള്ള മാർഷൽ യാർഡിലേക്കാണ് കൊണ്ടു വന്നത്. അവിടെ വച്ച് രാത്രിയിലാണ് റെയിൽവേയുടെ പ്ലേറ്റുകൾ മോഷ്ടിച്ച കുറ്റത്തിന് എന്നെ അറസ്റ്റ് ചെയ്‌തെന്ന കാര്യം പറയുന്നത്.

മോഷ്ടിച്ചിട്ടില്ലെന്ന് ആവുന്നത്ര പറഞ്ഞിട്ടും എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. കേസിലെ ആറാം പ്രതി ഹസനാർ എന്റെ സുഹൃത്താണ്. സ്‌ക്രാപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇദ്ദേഹം മുൻപ് പ്രതിയാക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തേടിയാണ് ആർ.പി.എഫ് വന്നത്. ആ സമയം ഹസനാർ കടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ആരെയോ ഫോണിൽ വിളിച്ചശേഷമാണ് എന്നെ വിളിച്ചു കൊണ്ടു പോകുന്നത്. പിറ്റേദിവസം രാവിലെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നത്. അവിടെയായിരുന്നു കേസിൽ പെടുത്തിയ ബാക്കിയുള്ളവർ ഉണ്ടായിരുന്നത്. പിന്നീടവർ ഞങ്ങളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പതിനഞ്ച് ദിവസത്തോളം റിമാൻഡ് ചെയ്യുകയും ചെയ്തു'.

ആർപിഎഫുകാർ മനഃപൂർവം കുടുക്കിയതിന്റെ തെളിവായി ജമാൽ ആരോപിക്കുന്നത്, തന്റെ കൈയിൽ നിന്നും വാങ്ങിയ പണം തന്നെ കടയിൽ കൊണ്ടു പോയി വയ്ക്കുകയും പിന്നീട് പ്ലേറ്റുകൾ വിറ്റു കിട്ടിയ പണമെന്ന രീതിയിൽ കണ്ടെടുത്തുമെന്നുമാണ്. 'കസ്റ്റഡിയിൽ ഉള്ള സമയത്ത് ആർപിഎഫുകാർ എന്നോട് രണ്ടു ലക്ഷം രൂപ തന്നാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞു. അത്രയും പണം നൽകാനില്ലെന്നു പറഞ്ഞപ്പോൾ അവർ വീണ്ടും നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അവർ ആദ്യം ഒരു ലക്ഷം രൂപയുമായി എത്തി. അതു പോരെന്നും രണ്ടു ലക്ഷം തന്നെ വേണമെന്നും പറഞ്ഞതിനെ തുടർന്ന് ബാങ്കിൽ നിന്നും പിൻവലിച്ച രണ്ടു ലക്ഷം രൂപയുമായി ആളെത്തി. അതിൽ നിന്നും 1,92,000 രൂപയെടുത്തിട്ട് ബാക്കി എണ്ണായിരം രൂപ തിരിച്ചു കൊടുത്തു. പിന്നീട് ആർ.പി.എഫ് ചെയ്തത്, ആ പണം എന്റെ കടയിൽ കൊണ്ടുചെന്നു വയ്ക്കുകയും സ്ലീപ്പർ പ്ലേറ്റുകൾ വിറ്റു കിട്ടിയതെന്ന രീതിയിൽ ആ പണം കണ്ടെടുക്കുകയുമായിരുന്നു'.

ജൂൺ 29 ന് ആയിരുന്നു സ്ലീപ്പറുകൾ മോഷണം പോയ കാര്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുന്നത്. റെയിൽവേ ജീവനക്കാരൻ അറിയിച്ചതിൻ പ്രകാരം സീനിയർ സെക്ഷൻ എൻജിനീയർ അലക്‌സാണ്ടർ ഡാനിയേൽ ഇക്കാര്യം ആർപിഎഫിൽ പരാതിപ്പെടുകയായിരുന്നു. പരിശോധനയിൽ ആകെയുണ്ടായിരുന്ന 694 സിഎസ്ടി പ്ലേറ്റുകളിൽ 451 പ്ലേറ്റുകൾ മോഷണം പോയതായി മനസിലായി. ഏകദേശം 1,92,000 രൂപയുടെ ഇരുമ്പ് സാമഗ്രികളാണ് മോഷണം പോയതെന്നും കണ്ടെത്തി.

ജൂലൈ എട്ടാം തീയതി പുലർച്ചെ രണ്ടേ കാലോടെ എറണാകുളം സൗത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രതിദിന പരിശോധനയിലാണ് റസാക്ക്, ധനേഷ്, നാസർ, സലാം എന്നീ പ്രതികൾ വാഹനത്തിൽ സ്ലീപ്പറുകൾ കയറ്റുന്നത് ശ്രദ്ധയിൽപ്പെടുന്നത് എന്നാണ് ആർ.പി.എഫിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സ്ലീപ്പർ മോഷ്ടിക്കുകയായിരുന്നുവെന്നു തെളിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായവരിൽ നിന്നു കിട്ടിയ വിവരം അനുസരിച്ചാണ് ബാക്കി പ്രതികളെയും പിടികൂടിയത്. നേരത്തെ മോഷണം പോയ 451 സ്ലീപ്പറുകൾ കൊണ്ടു പോയതും തങ്ങളാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.

ഈ റിമാൻഡ് റിപ്പോർട്ട് തന്നെയാണ് ആർ.പി.എഫ് ആസൂത്രണം ചെയ്ത കള്ളക്കേസാണ് തങ്ങൾക്കെതിരേ ചുമത്തിയതെന്നതിനു തെളിവെന്നാണ് ഇവർ പറയുന്നത്. 'എട്ടാം തീയതി പുലർച്ചെ നടത്തിയ പരിശോധനയിലാണ് സ്ലീപ്പറുകൾ മോഷ്ടിക്കുന്നത് പിടികൂടിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതേ കുറ്റത്തിന് എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കും. സി.സി.ടി.വി ദൃശ്യങ്ങൾ തെളിവാണ്. പിറ്റേ ദിവസം നടക്കുന്ന മോഷണത്തിന് തലേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നോ? ഈയൊരൊറ്റ കാര്യം മാത്രം മതി ആർ.പി.എഫിന്റെ കള്ളത്തരം പൊളിക്കാൻ.

മുൻകൂട്ടിയെഴുതിയ തിരക്കഥയ്ക്കനുസരിച്ച് നടന്നതാണ് എല്ലാം. ഹസനാർ മുൻപൊരു കേസിൽ പെട്ടിട്ടുണ്ടെന്ന് കിട്ടിയ വിവരം വച്ചാണ് അവർ ഈ നാടകം ഞങ്ങൾക്കെതിരേ കളിച്ചത്. എന്റെ കടയിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോയ വാഹനവും ഡ്രൈവറെയും പിടികൂടി, ആ വാഹനത്തിൽ എട്ട് സ്ലീപ്പറുകൾ അവർ തന്നെ കയറ്റിവച്ച് ഫോട്ടോയെടുത്ത് മാധ്യമങ്ങൾക്ക് കൊടുത്തു. മോഷണം കൈയോടെ പിടികൂടിയതിന്റെ തെളിവായി. ഞങ്ങളോട് വാങ്ങിയ പണം മോഷണ മുതൽ വിറ്റുകിട്ടിയ പണമാക്കി മാറ്റി. ഒരു സി.എസ്.ടി പ്ലേറ്റിന് അറുപത് കിലോയോളം ഭാരം വരും. രണ്ട് പേർ വാഹനത്തിനുള്ളിലും രണ്ട് പേർ പുറത്തു നിന്നും പ്ലേറ്റുകൾ വണ്ടിയിലേക്ക് കയറ്റുന്നതും കണ്ടെന്നാണ് ആർപിഎഫ് പറയുന്നത്.

റെയിൽവേയുടെ സ്ഥലത്ത് ഒരു വാഹനവുമായി ആരും കാണാതെ കടന്നെത്തി, സ്ലീപ്പറുകൾ മോഷ്ടിക്കുകയെന്നതൊന്നും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ളപ്പോഴാണ് 451 സ്ലീപ്പറുകൾ ഞങ്ങൾ മോഷ്ടിച്ചുവെന്നു പറയുന്നത്. 20 ടണ്ണോളം ഭാരമുള്ള വസ്തുക്കളാണെന്നോർക്കണം. മാത്രമല്ല, റെയിൽവേ സ്ലീപ്പറുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഞങ്ങളെപ്പോലുള്ള സാധാരണ സ്‌ക്രാപ്പ് ബിസിനസുകാർക്ക് മണിക്കൂറുകൾകൊണ്ട് അവ ഉരുക്കി രൂപമാറ്റം വരുത്താനുള്ള സൗകര്യമൊന്നും ഇല്ല. മോഷ്ടിച്ചുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നാണ് ആർ.പി.എഫ് പറയുന്നത്. കുറ്റസമ്മത മൊഴിയെന്ന പേരിൽ എഴുതിയ പേപ്പറിൽ എന്താണ് എഴുതിവച്ചിരിക്കുന്നതെന്നുപോലും കാണിക്കാതെ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങുകയായിരുന്നു'.

അതേസമയം സ്ലീപ്പുറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് സീനിയർ സെക്ഷൻ എൻജീനിയർക്കെതിരെ ഐഎൻടിയുസി യൂണിയൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത് റെയിൽവേയിൽ വിവാദമായിരുന്നു. എന്നാൽ ഇത്രയും കൂടുതൽ സ്ലീപ്പറുകൾ ആക്രി പെറുക്കുന്നവർക്ക് എടുത്തുകൊണ്ടുപോകാൻ സാധിക്കില്ലെന്നും അതിനു പിന്നിൽ റെയിൽവേയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ സിബിഐ. അടക്കമുള്ള ഉന്നതതല അന്വേഷണം നടത്തി, ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് യൂണിയന്റെ തിരുവനന്തപുരം ഡിവിഷൻ ഇറക്കിയ നോട്ടീസ് പതിച്ചതും വിവാദമായിരുന്നു. നോട്ടീസ് ഒട്ടിച്ചെന്ന പേരിൽ യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറിയെ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ പെർമനന്റ് വേക്കെതിരേ ആരോപണങ്ങൾ നോട്ടീസിൽ ഉന്നയിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹം യൂണിയൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ അനാവശ്യമായി നടപടികളെടുക്കുന്നുവെന്നാണ് ഐ.എൻ.ടി.യു.സി. ആരോപിക്കുന്നത്. പോസ്റ്റർ പതിച്ചതിന് ആർ.പി.എഫ്. യൂണിയൻ നേതാക്കൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

'യൂണിയൻ പ്രതിനിധിയായ ഒരു ജീവനക്കാരന്റെ ശ്രദ്ധയിലാണ് സ്ലീപ്പറുകൾ മോഷണം പോയത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അദ്ദേഹം ആർപിഎഫിന് പരാതി നൽകിയെങ്കിലും അവരത് സ്വീകരിച്ചില്ല. പിന്നീട് സെക്ഷൻ എഞ്ചീനിയർ നൽകിയ പരാതിയിലാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായവരാണ് ഈ മോഷണത്തിനു പിന്നിലെന്ന് കരുതാനാകില്ല. ഇത്രയും ടൺ സ്ലീപ്പറുകൾ സാധാരണ ആക്രി കച്ചവടക്കാർക്ക് കടത്തിക്കൊണ്ടു പോകാൻ കഴിയില്ല. അതിനു പിന്നിൽ റെയിൽവേയുമായി ബന്ധപ്പെട്ടവർ തന്നെയാകാനാണ് സാധ്യത. മോഷണം പോയെന്നു പറയുന്ന 459 സ്ലീപ്പറുകൾ എവിടെയുണ്ടെന്നോ എന്തു ചെയ്‌തെന്നോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല എന്നും ഐ.എൻ.ടി.യു.സി യൂണിയൻ ഭാരവാഹികൾ പറയുന്നു.

അതേസമയം, ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ലീപ്പർ മോഷണക്കേസിൽ തങ്ങൾ നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്നും സ്ലീപ്പറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് മാർഷലിങ് യാർഡിൽ നിന്നും സമാനരീതിയിൽ മുമ്പും മോഷണം നടത്തിയവരെ കുറിച്ചുള്ള വിവരം കിട്ടുന്നതും അവരെ പിടികൂടുന്നതും. ഇവരിൽ നിന്നാണ് കളമശ്ശേരിയിൽ ജമാലും ഹസനാരും ചേർന്ന് നടത്തുന്ന സ്‌ക്രാപ്പ് കടയെക്കുറിച്ച് വിവരം കിട്ടുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് ജമാലിനെ അറസ്റ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത് എന്നുമാണ് ആർ.പി.എഫ് വിശദീകരിച്ചത്.