കണ്ണൂർ: കോഴിക്കോട് പയ്യോളി മണിയുരിൽ നിന്ന് കാണാതായ ഭർതൃമതിയായ യുവതിയെ ലോഡജിൽ വച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സ്വകാര്യ ബസ്സ് ജീവനക്കാർ അറസ്റ്റിൽ.കണ്ണൂർ- പറശ്ശിനിക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർമാരായ കണ്ണൂർ കക്കാട് സ്വദേശി മിഥുൻ തളിപ്പറമ്പ് പട്ടുവം പറപ്പൂലിലെ രൂപേഷ് എന്നിവരാണ് അറസ്റ്റിലായത്. പയ്യോളി പൊലീസ് ഇൻസ്‌പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവാക്കളെയും യുവതിയെയും യുവതിയുടെ മൂന്ന് വയസ്സ് പ്രയമുള്ള മകനെയുമാണ് പറശ്ശിനിക്കടവിലെ തീരം ലോഡ്ജിൽ വച്ച് പൊലീസ് പിടികൂടിയത്.യുവതിയെ കാണ്മാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടുന്നത്.സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ഇക്കഴിഞ്ഞ 22 നാണ് 26 കാരിയായ യുവതിയെ വീട്ടിൽ നിന്നം കാണാതായത്. അമ്മയുമായി വഴക്കിട്ട യുവതി കുഞ്ഞുമായി വീട് വിടുകയായിരുന്നു.കണ്ണൂർ ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ കണ്ണൂർ - പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരൻ രൂപേഷ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലെത്തിക്കുകയായിരുന്നു.തുടർന്ന് മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു.

പീഡനശ്രമത്തിനിടെ യുവതി ബഹളം വച്ചതിനെത്തുടർന്ന് ലോഡ്ജിൽ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണിൽ കൊണ്ടുവിട്ടു. എന്നാൽ, അവിടെ നിന്ന് നടന്ന് പെട്രോൾ പമ്പിലെത്തിയ യുവതി ബസിൽ കയറിയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയിരുന്ന പൊലീസ് ഈ സമയം യുവതിയുടെ ഫോണിലേക്ക് വീഡിയോ കോൺ വിളിക്കുകയും ചെയ്തു.പയ്യോളി പൊലീസ് വീഡിയോ കോൾ ചെയ്തപ്പോൾ കണ്ട ദൃശ്യത്തിൽ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പാണെന്ന് പൊലീസിന് മനസ്സിലായി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പയ്യോളിയിലേക്ക് സ്ഥലം മാറി വന്ന കണ്ണൂർ സ്വദേശികളായ സിഐ കെ കൃഷ്ണനും എസ്‌ഐ വിആർ വിനേഷും ഈ വിവരം തളിപ്പറമ്പ് എസ്‌ഐ എകെ സജീഷിനെ അറിയിച്ചു.രാത്രി തന്നെ തളിപ്പറമ്പ് പൊലീസ് പമ്പിന് സമീപം നിർത്തിയിട്ട ബസുകളിൽ കയറി പരിശോധന നടത്തി. അപ്പോഴാണ് ബസിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ പൊലീസ് പ്രതികളെയും പിടികൂടി. വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്.

യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.