തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടനയുടെ സമയമാണ്. ഡിസിസി പുനഃസംഘടനയോടെ തന്നെ അതൃപ്തരായ ഒരു വിഭാഗം കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്. ഡിസിസിയിൽ സ്ഥാനം കിട്ടാത്തവരുടെ പ്രതീക്ഷ കെപിസിസിയിൽ എങ്കിലും സ്ഥാനം ലഭിക്കും എന്നതാണ്. ഈ പ്രതീക്ഷയിൽ ഇരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ മോഹം കെടുത്തുന്നതായിരുന്നു ഇന്ന് കെപിസിസി കൈക്കൊണ്ട തീരുമാനം. പുനഃസംഘടനയിൽ അഞ്ച് വർഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ ഉണ്ടാക്കിയത്.

നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ ചർച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയിൽ എത്തിത്. ഇതിന് പിന്നാലെയാണ് അനിൽ കുമാറിന് പിന്നാലെയുള്ള ഒരു രാജി കൂടി ഉണ്ടായിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന രതികുമാറാണ് ഞൊടയിടയിൽ രാജിവെച്ച് സിപിഎമ്മിൽ എത്തിയത്.

രാജി വെച്ച ശേഷം രതികുമാർ നേരെ പോയത് എകെജി സെന്ററിലേക്കാണ്. അവിടെ കോടിയേരി ബാലകൃഷ്ണനെ കണ്ടു. ചുവന്ന ഷാൾ അണിയിച്ചു കൊണ്ട് കോടിയേരി രതികുമാറിനെ സ്വീകരിക്കുകയും ചെയ്തു. എല്ലാം അതിവേഗത്തിലായിരുന്നു. കോൺഗ്രസ് നേതാവായ രതികുമാർ ചുരുങ്ങിയ സമയം കൊണ്ട് സഖാവായി മാറി. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് രതികുമാറിന്റെ വാദം. പുനഃസംഘടയിൽ രാജി കിട്ടില്ലെന്ന ഉറപ്പാണ് രതികുമാറിന്റെ രാജിയിലേക്ക് നയിച്ചതെന്ന് ഉറപ്പാണ്. രാജിക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കെപിസിസി. അധ്യക്ഷന് അയച്ച കത്ത് പുറത്തെത്തി.

നാൽപ്പതുവർഷമായി കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയിക്കാൻ പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും രാജിക്കത്തിൽ രതികുമാർ വ്യക്തമാക്കുന്നു. കെപിസിസി. പുനഃസംഘടനയ്ക്കു ശേഷം വന്നിട്ടുള്ള പാർട്ടിയിലെ നിലപാടുകളാണ് രതികുമാറിന്റെ രാജിക്കു കാരണമായിരിക്കുന്നത്. പാർട്ടി പുനഃസംഘടനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചപ്പോൾത്തന്നെ, പുതിയ നേതൃത്വത്തിന്റെ പലരീതികളോടും പൊരുത്തപ്പെട്ടു പോകാൻ സാധിക്കാത്തതാണ് രാജിയിൽ കലാശിച്ചത്.

കെ. കരുണാകരന്റെ കാലം മുതൽതന്നെ കെപിസിസി. ജനറൽ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചയാളാണ് രതികുമാർ. ഐ ഗ്രൂപ്പിനോടും കരുണാകരനോടും ഒപ്പംനിന്നിരുന്ന പ്രവർത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്. എന്നാൽ പുതിയ നേതൃത്വം വന്നതിനു ശേഷം, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുള്ള പരാതി രതികുമാർ ഉന്നയിച്ചിരുന്നു. ഇതും പാർട്ടി വിടാൻ കാരണമായിട്ടുണ്ട്.

കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിൽ വച്ചതു പോലെയാണെന്നും കോൺഗ്രസ് വിട്ടവർ സിപിഎമ്മിൽ ചേർന്നത് പാർട്ടിയുടെ പൊതുസ്വീകാര്യത വർദ്ധിച്ചതിന് തെളിവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രതികുമാർ ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാൽ ചുമതലയേറ്റതിനുശേഷം ഹെക്കമാൻഡ് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ദേശീയ തലത്തിലേയും സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങൾ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താലാണ് താൻ മതേതര പ്രസ്ഥാനമായ സിപിഐഎമ്മിനൊപ്പം ചേരാൻ തീരുമാനമെടുത്തതെന്നും രതികുമാർ വ്യക്തമാക്കി.

കോൺഗ്രസിന്റെ തകർച്ചയ്ക്കുകാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിക്കുള്ളിൽ നടക്കുന്ന ചില പ്രവണതകളാണ്. കെ സി വേണുഗോപാലും കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും ചേർന്ന് കേരളത്തിലെ പാർട്ടിയുടെ ജനാധിപത്യം തകർക്കുന്നത് കണ്ടാണ് താൻ കോൺഗ്രസ് വിട്ടത്. എ കെ ആന്റണിയും കെ കരുണാകരനും രണ്ട് ധ്രുവങ്ങളിൽ നിന്ന കാലത്തുപോലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശേഷി ഹൈക്കമാൻഡിനുണ്ടായിരുന്നു. എന്നാലിന്ന് ഹൈക്കമാൻഡ് ഒരു വ്യക്തയിൽ ചുരുങ്ങി. അത് സംഘപരിവാർ കക്ഷികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജി 23 ഉയർത്തിയ ആരോപണങ്ങൾ ഇത് വ്യക്തമാക്കുന്നതാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് കോൺഗ്രസ് വിടാൻ കാരണമായതെന്നും രതികുമാർ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിൽ നടന്ന സ്വീകരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി രതികുമാർ.

കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്താണ് ആദ്യം കോൺഗ്രസിൽ നിന്ന് രാജിവച്ചത്. അടുത്തകാലം വരെ കെപിസിസിയുടെ സംഘടനാ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാർ ഇന്നലെയാണ് പാർട്ടി വിട്ടത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയർന്ന കലാപം ഒരുവിധം അടങ്ങിയതിൽ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് നേതാക്കന്മാരുടെ രാജി തുടരുന്നത്. ഇത് പാർട്ടി നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തിൽ അസംതൃപ്തിയുള്ളവർക്ക് ഇനിയും പാർട്ടി വിട്ടു പോകാൻ രാജികൾ പ്രചോദനമാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി.