- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാൻ വ്യവസ്ഥകളില്ല; വിലയും നിലവാരവും കുറഞ്ഞ ചൈനീസ് ത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലുള്ളത് ചൈനയുടെ അതിമോഹങ്ങൾ; ആർസിഇപിയിൽ ഇന്ത്യ ഒപ്പിടാത്തത് അതിർത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ്
ന്യൂഡൽഹി: കോവിഡ് എത്തിയത് ചൈനയിൽ നിന്നാണ്. പിന്നീട് അത് ലോകമാകെ കത്തി പടർന്നു. ആഗോള വ്യാപാരത്തെ കൊറോണയിലെ സാമൂഹിക അകലം തകർത്തെറിഞ്ഞു. മിക്ക രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇതിനിടെയിലും പിടിച്ചു നിന്നത് ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി മാത്രമാണ്. ഇന്ത്യയുമായുണ്ടാക്കി അതിർത്തി പ്രശ്നങ്ങൾ ഇതിനിടെ ചൈനയ്ക്ക് ചെറിയ തിരിച്ചടിയുമായി. ഇതിനെ മറകടക്കാൻ ചൈന അവതരിപ്പിക്കുകയാണ് പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പത്ത് ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പുവച്ചു. എന്നാൽ ഇന്ത്യ കരാറിന്റെ ഭാഗമാകാത്തത് ചൈനയുടെ മോഹങ്ങൾക്ക് ഏറ്റ തിരിച്ചടിയും.
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) സംബന്ധിച്ച് 2012 മുതലുള്ള ചർച്ചകളിൽ ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയും ഉൾപ്പെടുന്ന സ്വതന്ത്ര വിപണിയാണ് ആർസിഇപി കൂട്ടായ്മയെ ആകർഷകമാക്കിയത്. എന്നാൽ കരാർ ഒപ്പിടുമ്പോൾ ഇന്ത്യയില്ല. ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയില്ലാതെ ഈ കരാർ പൂർണ്ണമാകില്ലെന്ന് ചൈനയ്ക്കും അറിയാം. അതിർത്തിയിൽ പരസ്പരം കൊമ്പു കോർക്കുമ്പോൾ ഇത്തരത്തിലൊരു കരാറിൽ ഒപ്പിടുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ വിട്ടു നിൽക്കുന്നത്. എങ്ങനെയും ഇന്ത്യ പങ്കാളിയാകണമെന്ന താൽപര്യം ഇന്നലത്തെ കരാറിൽ വ്യക്തമാണ്. മറ്റേതു രാജ്യത്തിനും നൽകാത്ത ആനുകൂല്യത്തിലൂടെ ഇന്ത്യയ്ക്കായി വാതിൽ തുറന്നിടുന്നതാണ് കരാറിലെ ചട്ടങ്ങൾ. കരാറിന് ചൈന നേതൃത്വം നൽകുന്നു എന്നതുതന്നെ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.
വിയ്റ്റ്നാം ആതിഥ്യം വഹിച്ച ആസിയാൻ വെർച്വൽ ഉച്ചകോടിയിൽ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനവുമാണ് ആർസിഇപിയിൽ ഉൾപ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്. ഇതാണ് ഈ കരാറിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നത്. 2012 മുതൽ ഈ കരാറിന് ശ്രമം തുടങ്ങി. ഇന്ത്യയും കൂടിയാലോചനകളിൽ പങ്കാളിയായി. കാർഷിക മേഖലയിലേതുൾപ്പെടെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളിൽ അവസരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാത്ത സ്ഥിതിയിൽ കരാറിൽനിന്നു പിന്മാറുകയാണെന്ന് 2019 നവംബർ 4ന് ഇന്ത്യ പ്രഖ്യാപിച്ചു. ആശങ്കകൾ പരിഹരിക്കാതെ കരാറിൽ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടർന്നാണ് മറ്റു 15 രാജ്യങ്ങൾ കരാർ ഒപ്പിട്ടത്.
മറ്റു മേഖലകളിലെ പ്രശ്നങ്ങൾ സാമ്പത്തികവ്യാപാര മേഖലകളിലെ സഹകരണത്തെ ബാധിക്കുന്നില്ലെന്ന രീതി ആർസിഇപിയിൽ പ്രകടമാണ്. നല്ല ബന്ധമില്ലാത്ത ചൈനയും ഓസ്ട്രേലിയയും, അതിർത്തിപ്രശ്നങ്ങളുള്ള സിംഗപ്പൂരും മലേഷ്യയുമൊക്കെ ആർസിഇപിയിൽ കൈകോർക്കുന്നു. ആസിയാനിലെ 6 രാജ്യങ്ങളും അല്ലാത്ത 3 രാജ്യങ്ങളും അംഗീകാരം നൽകി 60 ദിവസം കഴിഞ്ഞാൽ കരാർ പ്രാബല്യത്തിലാവും. ഇങ്ങനെ നിലവിൽവന്ന് ഒന്നര വർഷത്തിനുശേഷമേ മറ്റേതെങ്കിലും രാജ്യത്തിന് ആർസിഇപിയുടെ ഭാഗമാകാനാവൂ. എന്നാൽ, ഈ വ്യവസ്ഥ ഇന്ത്യയ്ക്കു ബാധകമല്ലെന്ന് കരാറിൽ അടിക്കുറിപ്പായി പരാമർശിച്ചിട്ടുണ്ട്. കരാർ പ്രാബല്യത്തിലായി എപ്പോൾ വേണമെങ്കിലും രേഖാമൂലം താൽപര്യമറിയിച്ച് ഇന്ത്യയ്ക്കു ചേരാം. അതിനു മുൻപുതന്നെ നിരീക്ഷക പദവി ലഭിക്കും. തൽകാലം ഒരു സഹകരണവും വേണ്ടതില്ലെന്നതാണ് മോദി സർക്കാരിന്റെ നിലപാട്. ഇതിന് കാരണം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങളാണ്. ഇതിന്റെ ഭാഗമായി പലവിധ നിസ്സഹകരണവും ഇന്ത്യ പ്രഖ്യാപിച്ചു. തൽകാലം ഈ നയത്തിൽ നിന്ന് പിന്മാറില്ല.
ഇതിനൊപ്പം ആർസിഇപിയിലും ചില ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇത് ചൈനയ്ക്ക് വേണ്ടി ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്ന സംശയം സജീവമാണ്. അതും കരുതലോടെ നീങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. വിപണി ഒന്നാകെ ചൈനയ്ക്ക് തുറന്നു കൊടുക്കുന്നതിന് തുല്യമാകും ഇത്. കരാറിൽ ചേരുന്നതിന് പരിഗണന ലഭിക്കുമ്പോഴും, ഇപ്പോഴത്തെ രൂപത്തിൽ കരാർ അംഗീകരിക്കേണ്ടിവരുമെന്ന പ്രശ്നം ഇന്ത്യയ്ക്കുണ്ട്. പ്രാബ്യത്തിലായിക്കഴിഞ്ഞാൽ 5 വർഷത്തിനു ശേഷമേ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയുള്ളൂ. ആർസിഇപി കരാറിലെ മിക്ക ഘടകങ്ങളും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യവസ്ഥകളുമായി ഒത്തുപോകുന്നവയാണ്.
എന്നാൽ, ഡബ്ല്യുടിഒയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇകൊമേഴ്സ്, മുതൽമുടക്ക്, സർക്കാരിന്റെ സംഭരണം തുടങ്ങിയവയും ആർസിപിഇയിലുണ്ട്. അംഗരാജ്യങ്ങൾക്ക് 92% ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ പൂർണമോ ഭാഗികമോ ആയ ഇളവ്, ഇകൊമേഴ്സിന് നികുതി ഇളവ്, ഇറക്കുമതി തോതിലെ ഇളവ്, ബിസിനസ് യാത്രകൾക്കും കസ്റ്റംസ് സേവനങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ, സേവന മേഖലയിൽ നെഗറ്റീവ് പട്ടിക നിലനിർത്തിയുള്ള ആനുകൂല്യങ്ങൾ തുടങ്ങിയവയുള്ളതാണ് ആർസിഇപി കരാർ.
നേട്ടം ചൈനയ്ക്ക്
കോവിഡ് 19 വൈറസ് വ്യാപനം മൂലം തകരാറിലായ സമ്പദ്വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോൾ കരാർ യാഥാർഥ്യമാക്കിയതെന്നു ചൈന പറയുന്നു. നികുതികൾ വെട്ടിക്കുറയ്ക്കാനും സേവന വിപണികൾ തുറന്നുകൊടുക്കാനും വ്യവസ്ഥ ചെയ്യുന്ന കരാർ യുഎസ് നേതൃത്വത്തിലുള്ള പടിഞ്ഞാറൻ വ്യാപാര പദ്ധതികൾക്കുള്ള ചൈനീസ് ബദലായാണു പരിഗണിക്കപ്പെടുന്നത്. അതിർത്തിക്കപ്പുറത്തേക്കും സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്കും ആർസിഇപി കരാർ ഗുണം ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഇന്തോനേഷ്യ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാന്ദ്യം നേരിടുകയാണ്. ഫിലിപ്പീൻസിന്റെ സമ്പദ് വ്യവസ്ഥ അവസാന പാദത്തിൽ 11.5 ശതമാനം ചുരുങ്ങി. വിയറ്റ്നാമുൾപ്പെടെ രാജ്യങ്ങളുടെയും അവസ്ഥ സമാനമാണ്. ഈ സാഹചര്യത്തിൽ കരാർ മാന്ദ്യത്തിൽ നിന്നു കരകയറാൻ സഹായിക്കുമെന്നാണ് കരാറിൽ പങ്കാളിയായ രാജ്യങ്ങളുടെ എല്ലാം പ്രതീക്ഷ.
കരാറിലേർപ്പെട്ട രാജ്യങ്ങളുടെ സംയോജിത വിപണിയാണ് ആർസിഇപിയുടെ ലക്ഷ്യം. കൂട്ടായ്മയിലെ ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാകുന്നത് എളുപ്പമാക്കും.
ഇന്ത്യയ്ക്ക് പ്രശ്നമാകില്ലെന്നും വിലയിരുത്തൽ
2012ൽ ആരംഭിച്ച ആർസിഇപി ചർച്ചകളിൽ തുടക്കത്തിൽ സജീവമായിരുന്നെങ്കിലും കഴിഞ്ഞവർഷം ഇന്ത്യ പിന്മാറി. ഇന്നത്തെ വെർച്വൽ ഒപ്പുവയ്ക്കലിൽ ശ്രദ്ധേയമായ അസാന്നിധ്യവും ഇന്ത്യയുടേതാണ്. നിരവധി ആശങ്കകൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഇന്ത്യ പിന്മാറിയത്. ഇവ പരിഹരിക്കപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയ്ക്കും കരാറിൽ പങ്കാളിയാകാം.
അനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ പരിരക്ഷിക്കാൻ വ്യവസ്ഥകളില്ലെന്നതാണ് ഇന്ത്യ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. ഇതുമൂലം ചൈനയിൽനിന്നുള്ള വിലയും നിലവാരവും കുറഞ്ഞ ഉത്പന്നങ്ങൾ വിലകുറഞ്ഞ ഉത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും. ഉത്പന്നങ്ങളുടെ തീരുവ പരിധിയില്ലാതെ കുറയ്ക്കുന്നതും പൂർണമായി ഒഴിവാക്കുന്നതും ആഭ്യന്തര വിപണിക്കു വലിയ തകർച്ചയുണ്ടാക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വിശാലമായ ഇന്ത്യൻ വിപണി തുറന്നുകൊടുക്കുമ്പോൾ രാജ്യത്തെ വ്യാപാരികളും കർഷകരുമടങ്ങുന്ന പൊതുസമൂഹത്തിനു തുല്യമായ പ്രയോജനമുണ്ടാകണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ഇത് അംഗീകരിക്കാനാവില്ലെങ്കിൽ കരാറിനില്ലെന്നു ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു ഇന്ത്യ.
മിക്ക ആർസിഇപി രാജ്യങ്ങളുമായും ഇന്ത്യയ്ക്കു പ്രത്യേക ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറുകൾ ഉള്ളതിനാലും ലോകത്തിലെ തന്നെ വലിയ വിപണികളിലൊന്നായതിനാലും കരാറിൽ നിന്നു വിട്ടുനിന്നാലും ഇന്ത്യയ്ക്കു പിടിച്ചുനിൽക്കാനാവുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ