കോട്ടയം: പോലീസ് അസോസിയേഷന്‍ യോഗത്തിലും എഡിജിപി എംആര്‍ അജിത് കുമാറിന് വിമര്‍ശനം. സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന്‍ യോഗത്തിലും ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്‌ക്കെതിരെ അതിരൂക്ഷമായ അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടായത്. അജിത് കുമാറിനെ തല്‍സ്ഥാനത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യമാണ് പരോക്ഷമായി അവര്‍ ഉന്നയിക്കുന്നത്. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ എഡിജിപിയേയും വിളിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അസോസിയേഷനും അജിത് കുമാറിനെതിരെ തിരിഞ്ഞത്.

എസ്പിമാര്‍ക്ക് മുകളില്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇതിന്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികള്‍ പൊലീസ് അസോസിയേഷന്‍ യോഗത്തിലും വിമര്‍ശിക്കുന്നത്. എഡിജിപി സാമാന്തര ഇന്റലിജന്‍സ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. പോലീസ് അസോസിയേഷന്‍ യോഗത്തിലാണ് അന്‍വര്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ യോഗത്തിലാണ് മലപ്പുറം എസ് പി ശശിധരനെ വിമര്‍ശിച്ചത്. പിന്നാലെ എ്ല്ലാം അജിത് കുമാറിനെതിരെയായി. അന്‍വറിനെ ബോധപൂര്‍വ്വം അസോസിയേഷന്‍ യോഗത്തിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അസോസിയേഷന്‍ യോഗത്തിലെ എഡിജിപിയുടെ വിമര്‍ശനം എത്തുന്നത്.

അതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനോടാണ് റിപ്പോര്‍ട്ട് തേടിയത്. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാറിനെ തന്നെ വെട്ടിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. നാട്ടകത്ത് ഡിജിപിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ ഡിജിപി അറിയിച്ചിട്ടുണ്ട്. എഡിജിപിയെ മാറ്റണമെന്നാണ് ഡിജിപിയുടെ നിലപാട്.

ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എഎല്‍എ വെളിപ്പെടുത്തിയത്. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചു പോകുന്നുവെന്നു അന്‍വര്‍ പറഞ്ഞു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ എന്നുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ ഡി ജി പി ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ ഡി ജി പി ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.