എറണാകുളം: ചെങ്ങമനാട് കപ്രശ്ശേരിയില്‍ പത്താംക്ളാസ് വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക് അനുകരിച്ചത് മൂലമെന്ന വാദം തന്നെയാണ് വീട്ടുകാരും മുമ്പോട്ട് വയ്ക്കുന്നത്. വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നലിനെ(15) വെള്ളിയാഴ്ച വൈകീട്ട് വീടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിക്കാണ് ഇത്തരമൊരു ദുരന്തമുണ്ടായത്.

മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ഗെയിമിങ് ആപ്ലിക്കേഷനുകള്‍ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ പ്രതികരിച്ചു. തന്റെ നീക്കങ്ങളടക്കം ഫോണിലെ ലൊക്കേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് മകന്‍ നിരീക്ഷിച്ചിരുന്നുവെന്നും പ്രതികരിച്ചു. മകന്‍ ഫോണില്‍ നിരന്തരം ഗെയിം കളിക്കാറുമുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം അപകടകരമായ നിലയിലേക്ക് വളര്‍ന്നെന്ന സൂചനകളൊന്നും മകന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. പഠനാവശ്യത്തിനായി കുട്ടി നിരന്തരം ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നങ്കിലും ഗെയിം ആപ്ലിക്കേഷനുകള്‍ കുട്ടിയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. മകന്റെ ഫോണ്‍ ഉപയോഗത്തില്‍ ഇങ്ങനെയൊരു ചതി ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ് അച്ഛന്‍ പറയുന്നത്.

തന്റെ മകന്റെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ഥനയും പിതാവ് മുന്നോട്ടു വയ്ക്കുന്നു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്ന് ഫ്രീ ഫയര്‍,ഹൊറര്‍ ഫീല്‍ഡ് എന്നീ ഗെയിമിംഗ് ആപ്പുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച ടാസ്‌ക് ഉളള ഗെയിം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഈ ആപ്പ് കുട്ടി ഫോണില്‍ ഹൈഡ് ചെയ്തിരുന്നോ കാര്യം ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ.

മഴക്കോട്ട് ധരിച്ച് മുഖം മറച്ച് കൈകള്‍ പിന്നില്‍ കെട്ടി, വായ് പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. പിതാവ് മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന സമയവും മൊബൈല്‍ ഫോണിലെ ഓണ്‍ലൈന്‍ ഗെയിം ഓണ്‍ ആയിരുന്നു. സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണില്‍ നിന്ന് അഗ്നല്‍ ജെയ്മിയെ വിളിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജെയ്മി കളമശ്ശേരിയില്‍നിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. കൃത്യ സമയത്ത് വീട്ടിലെത്തിയ അഗ്നല്‍ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. അഗ്‌നലിന് പ്രശ്നമുണ്ടെന്ന സൂചനകളൊന്നും ആര്‍ക്കും കിട്ടിയതുമില്ല.

മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാന്‍ ശനിയാഴ്ച കുടുംബസമേതം പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു അമ്മ. പിന്നീട് അഗ്നല്‍ കിടപ്പുമുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ജെയ്മിയും വീട്ടിലെത്തി. അഗ്നലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല.

ഇതോടെ ജെയ്മി വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഗ്നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്‍ പലഭാഷകളില്‍ ആളുകളുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ജെയ്മി പറയുന്നു.