ടെല്‍ അവീവ്: ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ച തുടരാന്‍ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഈ തീരുമാനം ഗാസയിലെ യുദ്ധത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും.

മധ്യസ്ഥരുമായുള്ള പ്രാഥമിക കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ മേധാവി ഡേവിഡ് ബാര്‍ണിയ തിരിച്ചെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹമാസിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചാണ് ബാര്‍ണിയ ചര്‍ച്ച നടത്തിയത്. നിലവില്‍ ചര്‍ച്ചയിലിരിക്കുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മൊസാദ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഗസ്സയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ അയയ്ക്കുന്നതിന് ഇസ്രായേല്‍ നെതന്യാഹു അംഗീകാരം നല്‍കിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ന് പുലര്‍ച്ചെ മധ്യ, വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥി ക്യാമ്പിലെ ഒരു വീടിനും ഐക്യരാഷ്ട്രസഭയുടെ വെയര്‍ഹൗസിനും നേരെ ഇസ്രായേല്‍ സൈന്യം ബോംബെറിഞ്ഞ് ഒമ്പത് പേരെയാണ് കൊലപ്പെടുത്തിയത്. ഖാന്‍ യൂനിസിലെ നസര്‍ മെഡിക്കല്‍ കോംപ്ലക്സ് ഇസ്രായേല്‍ ആക്രമണത്തിനിരയായവരാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഖാന്‍ യൂനിസിലും റഫയിലും ഉള്ളവര്‍ പ്രയോജനപ്പെടുത്തിയിരുന്ന യൂറോപ്യന്‍ ഗാസ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞു പോകാനാണ് രണ്ടരലക്ഷം പലസ്തീന്‍കാരോട് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഖാന്‍ യൂനിസിനു സമീപം അല്‍ ഖരാര, ബാനി സുഹൈല പ്രദേശങ്ങളില്‍നിന്ന് പലായനം തുടങ്ങിയരുന്നു.

തെക്കന്‍ ഗാസയിലെ ഇപ്പോഴത്തെ നടപടികളോടെ യുദ്ധത്തിന്റെ രൂക്ഷഘട്ടം അവസാനിക്കുകയാണെന്നും ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി സൈനികനീക്കം ഒതുങ്ങുമെന്നും ഇസ്രയേല്‍ പറയുന്നു. ഹമാസിന്റെ ആയുധക്ഷമതയും പോരാട്ടശേഷിയും തകര്‍ക്കാനായെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. എന്നാല്‍, ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാനാകുമെന്ന് ഹമാസ് പറയുന്നു.