തിരുവനന്തപുരം: കഴക്കൂട്ടത്ത് കാണാതായ പെണ്‍കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം മാത്രമേ ആയുള്ളൂവെന്നത് പോലീസിനും വെല്ലുവിളി. തീവണ്ടി യാത്രയെ കുറിച്ച് വലിയ പിടിയൊന്നും പെണ്‍കുട്ടിക്കില്ല. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി മണിക്കൂറുകള്‍ അപ്രത്യക്ഷമായി നില്‍ക്കുന്നത് കുടുംബത്തിനും ആശങ്കയായിട്ടുണ്ട്.

അസമില്‍നിന്ന് കേരളത്തിലേക്കാണ് ആദ്യമായി പെണ്‍കുട്ടി ട്രെയിന്‍ യാത്ര നടത്തിയതെന്ന് പിതാവ് പറഞ്ഞു. കാണാതെയാകുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തി. പെണ്‍കുട്ടിയെക്കൂടാതെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകന്‍ ചെന്നൈയിലാണു ജോലി ചെയ്യുന്നതെന്നും കുടുംബം പറയുന്നു. എന്നാല്‍ ഈ പത്തൊന്‍പതുകാരന്‍ ബംഗ്ലൂരുവിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പയ്യനുമായും സഹോദരിക്ക് ബന്ധമൊന്നുമില്ല.

അമ്മയോടു പിണങ്ങി ഇന്നലെ രാവിലെയാണ് പതിമൂന്നുകാരി കഴക്കൂട്ടത്തെ വീട്ടില്‍നിന്ന് ഇറങ്ങിയത്. 50 രൂപയും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും മാത്രമാണു കയ്യിലുള്ളത്. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ അറിയാവൂ. ഹിന്ദി പോലും നന്നായി പരിചയമില്ല. തിരുവനന്തപുരത്തുനിന്ന് അസമിലേക്കുള്ള അരോണയ് എക്‌സ്പ്രസില്‍ കുട്ടി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാടെത്തിയ ട്രെയിനില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെയാണ് കന്യാകുമാരിയിലെ തീവണ്ടി യാത്ര സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൊലീസിനു വിവരം ലഭിച്ചത്. ഇതേ ട്രെയിനില്‍ കുട്ടിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിര്‍ണായക വിവരം കൈമാറിയത്. ട്രെയിനിലെ യാത്രക്കാരി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മലയാളം വശമില്ലാത്തതിനാല്‍ നടന്നില്ല. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ വശമുള്ളൂ.

അതേസമയം, പെണ്‍കുട്ടി അല്‍പം ദേഷ്യത്തിലായിരുന്നുവെന്നും പാറശാല വരെ ട്രെയിനില്‍ തന്നെയുണ്ടായിരുന്നുവെന്നും ചിത്രം പകര്‍ത്തിയ ബബിത പ്രതികരിച്ചു. ട്രെയിനില്‍ തിരക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടി തനിച്ചായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാറശ്ശാല വരെ ഈ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നു. അതിന് ശേഷമുള്ള ഏത് സ്റ്റേഷനില്‍ വേണമെങ്കിലും കുട്ടി ഇറങ്ങാനും സാധ്യതയുണ്ട്. അതിനിടെയാണ് കന്യാകുമാരിയില്‍ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസിന് കിട്ടിയത്.

കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള, തമിഴ്‌നാട് പോലീസിന്റെ വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. നാട്ടുകാരേയും വ്യാപാരികളേയും ഉള്‍പ്പടെ കുട്ടിയുടെ ഫോട്ടോ കാണിച്ചുള്ള തിരച്ചിലും പുരോ?ഗമിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസും ആര്‍.പി.എഫ് ഉദ്യോ?ഗസ്ഥരും പരിശോധിക്കുന്നുണ്ട് . ഈ ദൃശ്യങ്ങളിലാണ് പ്രതീക്ഷ.

അതിനിടെ, കന്യാകുമാരിയില്‍ പുലര്‍ച്ചെ 5.30-ന് കുട്ടിയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന് വിവരം നല്‍കി. ഓട്ടം പോകാനാണോ എന്ന് അന്വേഷിച്ചപ്പോള്‍ കുട്ടി മറുപടി നല്‍കിയില്ലെന്നും ഇതോടെ താന്‍ അവിടെനിന്ന് പോയെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സി.സി.ടി.വി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.