പത്തനംതിട്ട: മാര്‍ത്തോമ സഭയിലെ വൈദികര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കരുവാക്കി നടത്തിയ സൈബര്‍ ആക്രമണത്തിലെ അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം. താനും വൈദികനുമൊന്നിച്ചുള്ള ചിത്രം അപകീര്‍ത്തികരമായി പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേ കേസെടുത്തെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി നല്‍കിയ യുവതിയും അഭിഭാഷകനും പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മല്ലപ്പള്ളിയിലെ ഒരു മാര്‍ത്തോമ്മ പളളിയിലെ വൈദികനും അടൂര്‍ സ്വദേശിനിയും ഒന്നിച്ച് ഒരു ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്ന ചിത്രം മോശം അടിക്കുറിപ്പുകളോടെ പുറത്തു വിടുകയാണുണ്ടായത്. ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിക്കാരിയും അഭിഭാഷകനായ വി.ആര്‍. സോജിയും പറഞ്ഞു. മാര്‍ത്തോമ്മ സഭയിലെ ഒരു വിഭാഗം രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലുടെ ചിത്രവും രണ്ടു പേരെയും ചേര്‍ത്തുള്ള അശ്ലീലകഥകളും പ്രചരിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മൂന്നു പ്രധാന പ്രതികളില്‍ രണ്ടു പേര്‍ ക്ഷമാപണം നടത്തി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ മൂന്നാമന്‍ അധിക്ഷേപം തുടരുകയായിരുന്നു. ഇതു കണ്ട് ആദ്യം ക്ഷമാപണം നടത്തിയ രണ്ടു പേര്‍ വീണ്ടും മോശം പ്രചാരണം തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ജനതാദള്‍ അംഗം സാറാ തോമസിന്റെ ഭര്‍ത്താവാണ് അപവാദ പ്രചാരണം നയിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ഏഴു പേരെ പ്രതിയാക്കി അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാനോ തെളിവുകള്‍ ശേഖരിക്കാനോ തയാറായിട്ടില്ല.

ഐടുഐ എന്ന പേരിലുള്ള യു ട്യൂബ് ചാനലിലും മോശം കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഈ യൂട്യൂബറും കേസില്‍ പ്രതിയാണ്. ഇവരെയെല്ലാം അടൂര്‍ പോലീസ് സംരക്ഷിക്കുകയാണെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും അന്വേഷണം വനിതാ എസ്.പിയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി യുവതിയും അഭിഭാഷകന്‍ സോജിയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതികള്‍ക്കുള്ള ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണം.

സഭയിലെ വൈദികര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ ഒരു വിഭാഗമാണ് തന്റെയും വൈദികന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നത്. തന്റെ കുടുംബസുഹൃത്താണ് കൗണ്‍സിലിങ് നടത്തുന്ന വൈദികന്‍. വിവാഹബന്ധം വേര്‍പെടുത്താന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടിയ ശേഷം താന്‍ വൈദികന്റെയടുത്ത് കൗണ്‍സിലിങിന് പോയിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങാന്‍ നേരമാണ് ഫോട്ടോയെടുത്ത് ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

കേസില്‍ അന്വേഷണം നടന്നു വരികയാണെന്ന് അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍ പറഞ്ഞു. പ്രതികളെ നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തി മൊഴിയെടുത്തു കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് നടപടികള്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.