ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമീഷന്‍ അംഗീകരിക്കുമ്പോള്‍ വിജയിച്ചത് കേരളത്തിന്റെ വാദങ്ങള്‍. വിഷയത്തിലെ ആശങ്ക കുറച്ചു ദിവസം മുമ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ചില പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട സമിതിയുടെ അനുകൂല തീരുമാനം. കോട്ടയത്തേയും ഇടുക്കിയേയും എറണാകുളത്തേയും സ്വാധീനിക്കുന്ന രാഷ്ട്രീയ തീരുമാനമായി ഇത് മാറുമെന്നാണ് ബിജെപി വിലയിരുത്തല്‍. കേരളത്തില്‍ രാഷ്ട്രീയമായി ചുവടുറപ്പിക്കാന്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാടിനെ കൈവിട്ട് കേരളത്തിന് വേണ്ടി തീരുമാനം വന്നതെന്ന വിലയിരുത്തലുമുണ്ട്.

മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധന കേരളം നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണിത്. അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തിയശേഷം സുരക്ഷാപരിശോധനയാവാമെന്ന തമിഴ്നാടിന്റെ വാദഗതി തള്ളി. സമിതിയുടെ പന്ത്രണ്ടാമത് യോഗമാണ് ന്യൂഡല്‍ഹിയിലെ കേന്ദ്ര ജലകമ്മിഷന്‍ ആസ്ഥാനത്ത് ചേര്‍ന്നത്. സമിതി അധ്യക്ഷന്‍കൂടിയായ കേന്ദ്രജലകമ്മിഷനിലെ ഡാംസുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ രാകേഷ് കശ്യപ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കുന്നത് ഭീഷണിയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോണ്‍ഗ്രസ് അടക്കം രംഗത്തു വന്നിരുന്നു.

സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എന്‍.സി.സി. പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ ആരോപിച്ചിരുന്നു. സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെല്‍വപെരുന്തഗൈ ചോദിക്കുകയും ചെയ്തു. ഫലത്തില്‍ സുരേഷ് ഗോപിയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണമെന്നും വാദമെത്തിയിരുന്നു. മുല്ലപ്പെരിയാറിലെ സുരക്ഷയ്ക്ക് കേന്ദ്രവും ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നു.

കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാനാകില്ലെന്നും, മുല്ലപ്പെരിയാര്‍ ഡാം ഭീതിയായി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല'- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

മുല്ലപ്പെരിയാറില്‍ പരിശോധന ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ജല കമീഷന്‍ നിര്‍ദേശിച്ചിട്ടു്ട്. കേന്ദ്ര ജല കമീഷന്‍ ചീഫ് എന്‍ജിനിയര്‍ രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 18-ാമത് മേല്‍നോട്ടസമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് അംഗീകാരമായത്. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന ശക്തമായ നിലപാടാണ് കേരളം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലെടുത്തത്. സ്വതന്ത്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. മൂന്ന് മാസത്തിനകം സമിതി രൂപീകരിക്കും. 2021-ലെ ഡാം സുരക്ഷാനിയമപ്രകാരം 2026-ല്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന തമിഴ്നാടിന്റെ വാദം സമിതി തള്ളി.

സുരക്ഷാ പരിശോധനകളില്‍ ബലക്കുറവ് കണ്ടെത്തിയാല്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്റെ വാദത്തിന് പ്രബലമാകും. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, പ്രവര്‍ത്തന സുരക്ഷ എന്നിവ പരിശോധിക്കും. 12 മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. 2011ല്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് ഇതിനുമുമ്പ് സമഗ്ര പരിശോധന നടത്തിയത്. 2022 ഏപ്രില്‍ എട്ടിനാണ് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മേല്‍നോട്ടസമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചത്. കേരളത്തെ പ്രതിനിധികരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഐഡിആര്‍ബി ചീഫ് എന്‍ജിനിയര്‍ (അന്തര്‍സംസ്ഥാന നദീജലം ) ആര്‍ പ്രിയേഷ്, എന്നിവരും തമിഴ്നാടിനെ പ്രതിനിധികരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസന്‍, കാവേരി ടെക്നിക്കല്‍ സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രമണ്യന്‍ എന്നിവരുമാണ് പങ്കെടുത്തത്.